ad
Deshabhimani

അൽപ്പം ശ്രദ്ധിച്ചാൽ പശുക്കിടാവിന്റെ തൂക്കം ഇരട്ടിയാക്കാം

cow
avatar
ഡോ. എം. മുഹമ്മദ് ആസിഫ്

Published on Jul 31, 2026, 07:44 AM | 2 min read

ഒരു പശുവിന്റെ ഏറ്റവും നിർണായകമായ ഘട്ടമാണ് ജനിച്ചതിനുശേഷമുള്ള ആദ്യ ആറുമാസങ്ങൾ. ശരിയായ പരിപാലനവും ശാസ്ത്രീയ തീറ്റക്രമവും പാലിച്ചാൽ രണ്ടുമാസംകൊണ്ട് കിടാവിന്റെ ഭാരം ഇരട്ടിയാക്കാനാകും. പ്രതിദിനം 600 മുതൽ 800 ഗ്രാംവരെ തൂക്കവർധന കൈവരിക്കാനും കഴിയും. ഇതിനായി ജനിച്ചുകഴിഞ്ഞ് ആദ്യ രണ്ടുമണിക്കൂറിനുള്ളിൽ കിടാവിന്റെ ശരീരഭാരത്തിന്റെ 10 ശതമാനം (35–40 കിലോ തൂക്കമുള്ള കിടാവിന് 3–4 ലിറ്റർ) അളവിൽ കന്നിപ്പാൽ (Colostrum) നൽകിയിരിക്കണം.


ഇത് കിടാവിന് രോഗപ്രതിരോധശേഷി ലഭിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. തുടർന്ന് ഒന്നുമുതൽ മൂന്നുദിവസംവരെ ശരീരഭാരത്തിന്റെ 10–15 ശതമാനം അളവിൽ കന്നിപ്പാൽ 2–3 തവണയായി നൽകുകയും നാലുമുതൽ ഏഴുദിവസംവരെ തൂക്കമനുസരിച്ച് പ്രതിദിനം 4–5 ലിറ്റർ പാലോ മിൽക്ക് റീപ്ലേസറോ നൽകുകയും വേണം. രണ്ടാം ആഴ്ചമുതൽ നാലാം ആഴ്ചവരെ പാലിന്റെ അളവ് 5–6 ലിറ്ററായി ഉയർത്തണം.

​കാഫ് സ്റ്റാർട്ടർ തീറ്റ

ഏഴാംദിവസംമുതൽ കാഫ് സ്റ്റാർട്ടർ (Calf Starter) തീറ്റ ആവശ്യാനുസരണം കൊടുത്തുതുടങ്ങണം. പശുക്കിടാക്കൾക്ക് ചെറുപ്രായത്തിൽത്തന്നെ ദഹിക്കാൻ പാകത്തിൽ ധാന്യങ്ങൾ, പ്രോട്ടീൻ സ്രോതസ്സുകൾ (പിണ്ണാക്ക്/സോയാബീൻ), തവിട്, ആവശ്യമായ വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്ത് തയ്യാറാക്കുന്ന ഉയർന്ന പോഷകഗുണമുള്ള സാന്ദ്രീകൃത തീറ്റയാണിത്‌. ഇതിൽ ഏകദേശം 18–20 ശതമാനം മാംസ്യവും 70–75 ശതമാനം മൊത്തം ദഹനയോഗ്യമായ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രണ്ടാംമാസത്തിൽ (5–8 ആഴ്ച) പാലിന്റെ അളവ് 4–5 ലിറ്ററാക്കി കുറച്ച്, ദിവസവും 0.5 മുതൽ 1.0 കിലോഗ്രാം കാഫ് സ്റ്റാർട്ടറും ചെറിയ അളവിൽ നല്ലയിനം വൈക്കോലോ ഉണക്കപ്പുല്ലോ നൽകുകയും വേണം.


തുടർച്ചയായി മൂന്നുദിവസം കിടാവ് ദിവസവും ഒന്നുമുതൽ 1.5 കിലോഗ്രാം കാഫ് സ്റ്റാർട്ടർ കഴിച്ചുതുടങ്ങിയാൽ എട്ടുമുതൽ പത്താഴ്ച ആകുമ്പോഴേക്കും പാൽ നൽകുന്നത് പൂർണമായി നിർത്താം. മൂന്നുമുതൽ നാലുമാസം പ്രായത്തിൽ ദിവസേന 1.5 മുതൽ രണ്ടു കിലോഗ്രാം കാഫ് സ്റ്റാർട്ടറും പച്ചപ്പുല്ലും നൽകുകയും അഞ്ചുമുതൽ ആറുമാസം പ്രായമെത്തുമ്പോൾ ദിവസേന രണ്ടുമുതൽ 2.5 കിലോഗ്രാം സാന്ദ്രീകൃത തീറ്റയും അഞ്ചുമുതൽ എട്ടു കിലോഗ്രാം പച്ചപ്പുല്ലും ഒന്നുമുതൽ രണ്ടു കിലോഗ്രാം ഉണക്കപ്പുല്ലും തീറ്റക്രമത്തിൽ ഉൾപ്പെടുത്തുകയും വേണം. തീറ്റയ്ക്കൊപ്പം ആദ്യദിവസംമുതൽതന്നെ ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. കൂടാതെ രണ്ടുമാസം പൂർത്തിയാകുന്നതോടെ ദിവസേന 20–30 ഗ്രാം ധാതുലവണ മിശ്രിതവും 10–15 ഗ്രാം സാധാരണ ഉപ്പും നൽകിത്തുടങ്ങണം.

​​

വിരമരുന്ന്‌


പശുക്കിടാവിന്‌ പത്തുദിവസംമുതൽ 14 ദിവസംവരെ പ്രായമെത്തുമ്പോൾ ടോക്സോകാര എന്ന ഉരുളൻ വിരകളെ തടയാനുള്ള ആദ്യഡോസ് മരുന്ന് നൽകണം. കിടാവിന്റെ ഭാരത്തിനനുസരിച്ച് വിരമരുന്ന് നൽകേണ്ട അളവ് നിർണയിക്കാൻ ഡോക്ടറുടെ ഉപദേശം തേടാം. തുടർന്ന് 21 ദിവസം പ്രായമെത്തുമ്പോൾ രണ്ടാംഡോസ് വിരമരുന്ന് നൽകണം. ഈ ഘട്ടത്തിൽ പൈപ്പറാസിൻ, ആൽബന്റസോൾ, ഫെൻബെൻഡസോൾ, ഓക്ഫെൻഡസോൾ തുടങ്ങിയ ഘടകങ്ങളടങ്ങിയ മരുന്നുകൾ ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിൽ കിടാവിന് നൽകാം.


എരുമക്കിടാങ്ങളിൽ ഉരുളൻ വിരബാധയ്ക്ക് പശുക്കിടാങ്ങളേക്കാളേറെ സാധ്യതയുള്ളതിനാൽ ജനിച്ച അന്നുതന്നെ ഉരുളൻ വിരയെ തടയുന്ന മരുന്ന് നൽകാവുന്നതാണ്. വിരബാധ തടയുന്നതിനായി കിടാവിന്‌ ആറുമാസം പ്രായമെത്തുന്നതുവരെ എല്ലാ മാസവും മരുന്ന് മുടക്കമില്ലാതെ നൽകണം. ആറുമാസം പ്രായമെത്തിയതിനുശേഷം ചാണകം പരിശോധിച്ചോ അല്ലെങ്കിൽ മൂന്നുമാസത്തെ ഇടവേളയിലോ കിടാക്കൾക്ക് വിരമരുന്ന് നൽകാം. കിടാവുകളെ വൃത്തിയുള്ളതും ഉണങ്ങിയതും നല്ല വായുസഞ്ചാരമുള്ളതുമായ കൂടുകളിൽ പാർപ്പിക്കുകയും തറയിൽ വൈക്കോൽ വിരിപ്പ് ഉപയോഗിക്കുകയും ചെയ്യുന്നത് രോഗങ്ങളിൽനിന്നും തണുപ്പിൽനിന്നും സംരക്ഷണം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home