Deshabhimani

കുരുമുളക് വള്ളികളിലെ മഴക്കാലാനന്തര മഞ്ഞളിപ്പ്

kurumulak
avatar
എം കെ പി മാവിലായി

Published on Sep 25, 2026, 01:30 AM | 2 min read

സംസ്ഥാനത്ത്‌ പലയിടങ്ങളിലും കുരുമുളക്‌ ചെടികളിലെ മഞ്ഞളിപ്പുവാട്ട രോഗം ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. മഴക്കാലാനന്തര മഞ്ഞളിപ്പ് അഥവാ പോസ്റ്റ് മൺസൂൺ യല്ലോയിങ്ങാണ്‌ ഇപ്പോൾ വ്യാപകമാകുന്നത്‌.


കുരുമുളക് വള്ളികളുടെ ഇലകൾ മഞ്ഞളിക്കുകയും വള്ളികൾ വാടുകയും ക്രമേണ ഉണങ്ങിപ്പോകുകയും ചെയ്യുന്നതാണ് രോഗലക്ഷണം. ആദ്യകാലത്ത് ഇത് പോഷകക്കുറവ്, വരൾച്ച, വേരുകളുടെ ക്ഷതം തുടങ്ങിയ കാരണങ്ങളുമായി ബന്ധപ്പെടുത്തി കണ്ടിരുന്നെങ്കിലും, വിശദമായ പഠനങ്ങളിൽ വേരുകളെയും മണ്ണിനെയും ബാധിക്കുന്ന പിത്തിയം വിഭാഗത്തിലെ രോഗകാരികൾക്ക് പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മഴ കുറയുന്ന അവസരത്തിലാണ്‌ ലക്ഷണങ്ങൾ ശക്തമായി പ്രകടമാകുന്നത്. ആദ്യഘട്ടത്തിൽ ഇലകൾക്ക് ഇളംപച്ച നിറം പിന്നീട് ഇലകൾ ക്രമേണ മഞ്ഞനിറമാകുന്നു. പുതിയ ഇലകളുടെ വളർച്ച കുറയുന്നു.


വള്ളികൾക്ക് ഉന്മേഷക്കുറവും തളർച്ചയും കാണാം. വേരുകളുടെ പ്രവർത്തനം കുറയുന്നതോടെ വെള്ളവും പോഷകങ്ങളും മുകളിലേക്ക് എത്തിക്കുന്നതിൽ തടസ്സമുണ്ടാകും. തുടർന്ന്‌ ഇലകൾ വാടുകയും കൊഴിഞ്ഞുപോകുകയും വള്ളികൾ ക്രമേണ ഉണങ്ങുകയും ചെയ്യും.


പലകാരണങ്ങൾ


ഇല മഞ്ഞളിക്കുന്നുവെന്ന ഒറ്റ ലക്ഷണം കണ്ടാൽ പോസ്റ്റ് മൺസൂൺ യല്ലോയിങ്ങെന്ന് ഉറപ്പിക്കരുത്. മഞ്ഞളിപ്പിന് പല കാരണങ്ങളുണ്ട്. പോഷകക്കുറവ്, വേരുകളിലെ പ്രശ്നങ്ങൾ, നിമാവിരകൾ, ഫൈറ്റോഫ്തോറ, ഫ്യൂസേറിയം തുടങ്ങിയ പല കാരണങ്ങളാലും മഞ്ഞളിപ്പ് ബാധിക്കാം. അതിനാൽ രോഗനിർണയത്തിൽ വേരുകളും മണ്ണും തണ്ടിന്റെ ചുവടുഭാഗവും പരിശോധിക്കുന്നത് പ്രധാനമാണ്.


പോസ്റ്റ് മൺസൂൺ യല്ലോയിങ്ങിന്റെ പ്രധാന രോഗകാരിയായി പൈത്തിയം ഡിലൻസാണെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത് മണ്ണിൽ ജീവിക്കുന്ന ഒരു പൂപ്പലാണ്‌. രോഗബാധിതമായ വേരുകളിൽനിന്നും ചുറ്റുമുള്ള മണ്ണിൽനിന്നും രോഗകാരിയെ വേർതിരിച്ചെടുത്ത് നടത്തിയ പഠനങ്ങളിലാണ് ഇതിന്റെ പങ്ക് സ്ഥിരീകരിച്ചത്. എന്നാൽ, പുതിയ പഠനങ്ങളിൽ മഞ്ഞളിപ്പും വാട്ടവും ഉണ്ടാകുന്ന വള്ളികളുമായി ബന്ധപ്പെട്ടതായി മൂന്നിന രോഗകാരികളെകൂടി കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്ത് മണ്ണിൽ പൊതുവെ ഈർപ്പം കൂടുതലായിരിക്കും. ചില തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയോ മണ്ണിൽ വായുസഞ്ചാരം കുറയുകയോ ചെയ്താൽ വേരുകളുടെ ആരോഗ്യം ക്ഷയിക്കാം.


മഴ കഴിയുന്നതോടെയോ കുറയുന്നതോടെയോ മണ്ണിലെ ഈർപ്പത്തിലെ മാറ്റം, വേരുകളുടെ ക്ഷതം, രോഗകാരിയുടെ സാന്നിധ്യം, ചെടിയുടെ ജലസമ്മർദം എന്നിവ ചേർന്ന് രോഗലക്ഷണങ്ങൾ ശക്തമാകും.


പ്രതിവിധി


രോഗബാധിതമായ ഒരു വള്ളിയിൽമാത്രം ചികിത്സ നടത്തുന്നത് മതിയാകില്ല. വള്ളിയുടെ ചുറ്റുമുള്ള മണ്ണും വേരുകളുടെ ആരോഗ്യവുംകൂടി പരിഗണിച്ചുള്ള സംയോജിത നിയന്ത്രണം ആവശ്യമാണ്.


കുരുമുളകിലെ മഞ്ഞളിപ്പ് കണ്ടാൽ ഉടൻ യൂറിയയോ മറ്റ് വളങ്ങളോ കൂടുതലായി നൽകുന്നത് ശരിയായ സമീപനമല്ല. നൈട്രജൻ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ കുറവും മഞ്ഞളിപ്പിന് കാരണമാകാം. മഞ്ഞളിപ്പ് കണ്ടാൽ ആദ്യം വേരുകളുടെ അവസ്ഥ പരിശോധിക്കുക എന്നതാണ് പ്രധാനം. കൃഷിയിടത്തിൽ നല്ല നീർവാർച്ച ഉറപ്പാക്കുക, ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക, അടഞ്ഞ ചാലുകൾ തുറക്കുക, വേരുകൾക്ക് ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ട്രൈക്കോഡർമ, ചാണക മിശ്രിതം പോലുള്ള ഗുണകരമായ സൂക്ഷ്മജീവികളെ ഉപയോഗിച്ചുള്ള മണ്ണുചികിത്സ രോഗപ്രതിരോധത്തിന് ഉപകരിക്കും.


നന്നായി വളർന്ന ഒരു കുരുമുളക് വള്ളിക്ക് ഒന്നുമുതൽ രണ്ടു കിലോഗ്രാംവരെ ഈ മിശ്രിതം നൽകാം. കാലവർഷത്തിന് തൊട്ടുമുമ്പും (മെയ്-–ജൂൺ) തുലാവർഷത്തിന് മുമ്പും (സെപ്തംബർ-–ഒക്ടോബർ) ഈ മിശ്രിതം നൽകുന്നത് ഫലപ്രദമാണ്. കുരുമുളക് കൊടിയുടെ ചുവട്ടിൽനിന്ന് 30-–45 സെന്റീമീറ്റർ അകലെ മണ്ണ് ചെറുതായി ഇളക്കി ഈ മിശ്രിതം ഇട്ടുകൊടുത്ത് മുകളിൽ നേരിയ തോതിൽ മണ്ണോ കരിയിലയോ മൂടുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home