Deshabhimani

print edition ഭൂമിയുടെ ശീതീകരണ യന്ത്രം തകരുകയാണോ

atlantic
avatar
പ്രൊഫ. ഇ ഷാജി

Published on Oct 02, 2026, 12:01 AM | 3 min read

ഭൂമിയുടെ കാലാവസ്ഥാ ചരിത്രത്തിൽ നിർണായക മുന്നറിയിപ്പായി മാറുന്ന കണ്ടെത്തലാണ് അടുത്തിടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ഉപഗ്രഹ പഠനം. 1970-കളിൽ നിന്ന് 2023 വരെ ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും ഹിമപാളികളിൽ നിന്ന് ഏകദേശം 12.5 ട്രില്യൺ ടൺ മഞ്ഞ് നഷ്ടപ്പെട്ടതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. അത്യന്തം ഗൗരവകരമായ ഈ കണ്ടെത്തൽ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.


69 ഉപഗ്രഹങ്ങളുടെ ഡാറ്റ


ഗ്രീൻലാൻഡിനായി 1972 മുതലും അന്റാർട്ടിക്കയ്ക്കായി 1979 മുതലും ലഭ്യമായ ഏറ്റവും ദൈർഘ്യമേറിയ ഉപഗ്രഹ രേഖകളെ അടിസ്ഥാനമാക്കിയുള്ള പഠനമാണിത്. 27 ഉപഗ്രഹ ദൗത്യങ്ങളുടെയും 42 സ്വതന്ത്ര ഉപഗ്രഹ സർവേകളുടെയും വിവരങ്ങൾ സംയോജിപ്പിച്ചാണ് ഈ സമഗ്ര വിലയിരുത്തൽ തയ്യാറാക്കിയത്.


ഗ്രീൻലാൻഡും അന്റാർട്ടിക്കയും


ഭൂമിയുടെ ശുദ്ധജല ശേഖരങ്ങളായ ഗ്രീൻലാൻഡും അന്റാർട്ടിക്കയും ഭൂമിയിലെ അവശേഷിക്കുന്ന ഏക രണ്ട് മഹാഹിമപാളി (Ice Sheet) പ്രദേശങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ ഏകദേശം 80 ശതമാനവും 1.7 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹിമപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. ഭൂമിയുടെ തെക്കേ അറ്റത്തുള്ള അന്റാർട്ടിക്കയുടെ ഹിമപാളി ഏകദേശം 14 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുസഞ്ചയമാണ്.


ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏകദേശം 68–70 ശതമാനവും ഈ രണ്ട് ഹിമപാളികളിലാണ് സംഭരിച്ചിരിക്കുന്നത്. അന്റാർട്ടിക്കയിലെ മുഴുവൻ മഞ്ഞും ഉരുകിയാൽ ആഗോള സമുദ്രനിരപ്പ് ഏകദേശം 58–60 മീറ്ററും ഗ്രീൻലാൻഡിലേത് ഉരുകിയാൽ ഏകദേശം 7.4 മീറ്ററും ഉയരുമെന്നാണ് കണക്ക്. ഇത് ലോകത്തിലെ നിരവധി തീരനഗരങ്ങളുടെയും ദ്വീപ് രാഷ്ട്രങ്ങളുടെയും നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കും. അതിനാൽ ഇവ വെറും മഞ്ഞുമലകൾ മാത്രമല്ല, ഭൂമിയുടെ ജലചക്രത്തെയും സമുദ്രനിരപ്പിനെയും സമുദ്രപ്രവാഹങ്ങളെയും കാലാവസ്ഥാ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന പ്രകൃതിദത്ത താപനിയന്ത്രണ കേന്ദ്രങ്ങളുമാണ്.


ഹിമനഷ്ടം വേഗത്തിൽ


പഠനത്തിലെ ഏറ്റവും ആശങ്കാജനകമായ കണ്ടെത്തൽ ഹിമനഷ്ടത്തിന്റെ വേഗതയാണ്. 1980-കളിൽ താരതമ്യേന മന്ദഗതിയിലായിരുന്ന ഹിമനഷ്ടം 1990-കൾക്ക് ശേഷം കുത്തനെ വർധിച്ചു. 2010-കളിൽ അത് നാലിരട്ടിയിലധികം വേഗത്തിലായി. ഗ്രീൻലാൻഡ് ഒറ്റയ്ക്കുതന്നെ മൊത്തം ഹിമനഷ്ടത്തിന്റെ ഏകദേശം 60 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്.


മഞ്ഞുരുകൽ മാത്രമല്ല പ്രശ്നം


സാധാരണയായി കരുതുന്നതുപോലെ ഉപരിതലത്തിലെ മഞ്ഞ് ഉരുകുന്നതല്ല ഹിമനഷ്ടത്തിന്റെ പ്രധാന കാരണം. പഠനമനുസരിച്ച് മൊത്തം നഷ്ടത്തിന്റെ 84 ശതമാനവും സമുദ്രത്തിലേക്ക് അതിവേഗത്തിൽ നീങ്ങുന്ന ഹിമാനികൾ (Glaciers) മൂലമാണ്. സമുദ്രജലത്തിന്റെ താപനില ഉയരുന്നതോടെ ഹിമാനികളുടെ അടിഭാഗം ദുർബലമാവുകയും അവ കൂടുതൽ വേഗത്തിൽ സമുദ്രത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഉപരിതല ഉരുകൽ മൂലമുള്ള നഷ്ടം വെറും 16 ശതമാനം മാത്രമാണ്.


ഇത് സമുദ്രതാപനിലയിലെ വർധന ഹിമപാളികളുടെ സ്ഥിരതയെ ഗുരുതരമായി ബാധിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

സമുദ്രനിരപ്പ് ഉയരുന്നു. ഈ ഹിമനഷ്ടം ഇതിനോടകം ആഗോള സമുദ്രനിരപ്പ് ഏകദേശം 3.14 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. കേൾക്കുമ്പോൾ ചെറിയ സംഖ്യയെന്നു തോന്നാമെങ്കിലും ലോകമെമ്പാടുമുള്ള 60 മുതൽ 90 ലക്ഷം വരെ ആളുകളെ അധികമായി വാർഷിക തീരവെള്ളപ്പൊക്ക ഭീഷണിയിലേക്ക് തള്ളിവിടാൻ ഇത് മതിയാകും.


നിലവിൽ ആഗോള സമുദ്രനിരപ്പ് ഉയരുന്നതിൽ ഏകദേശം നാലിലൊന്ന് പങ്കും ഗ്രീൻലാൻഡിന്റെയും അന്റാർട്ടിക്കയുടെയും ഹിമപാളികൾക്കാണ്. തീരശോഷണം, ഉപ്പുവെള്ളത്തിന്റെ ഭൂഗർഭജലത്തിലേക്കുള്ള കടന്നുകയറ്റം, താഴ്ന്ന തീരപ്രദേശങ്ങളുടെ നഷ്ടം തുടങ്ങിയ പ്രശ്നങ്ങൾ ഇതിനോടകം പല രാജ്യങ്ങളിലും പ്രകടമായി തുടങ്ങിയിട്ടുണ്ട്.


ആഗോള 
സമുദ്രപ്രവാഹങ്ങളുടെ ഭാവി


ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ സമുദ്രനിരപ്പ് ഉയർത്തുന്നതിലുപരി ആഗോള സമുദ്രപ്രവാഹങ്ങളെയും ബാധിക്കുന്നു.

സമുദ്രത്തിലെ ജലപ്രവാഹങ്ങളെ നിയന്ത്രിക്കുന്ന പ്രധാന സംവിധാനമാണ് ‘ഗ്ലോബൽ കൺവെയർ ബെൽറ്റ്’ അഥവാ തെർമോഹലൈൻ ചംക്രമണം (Thermohaline Circulation).


ഭൂമധ്യരേഖാ പ്രദേശങ്ങളിൽ നിന്നുള്ള ചൂടുവെള്ളം ധ്രുവപ്രദേശങ്ങളിലേക്കും ധ്രുവപ്രദേശങ്ങളിലെ തണുത്ത വെള്ളം ഭൂമധ്യരേഖയിലേക്കും ഒഴുകുന്ന ഈ സംവിധാനമാണ് ഭൂമിയുടെ കാലാവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നത്. ധ്രുവപ്രദേശങ്ങളിൽ വെള്ളം തണുക്കുകയും ഐസ് രൂപപ്പെടുമ്പോൾ ബാക്കിയുള്ള വെള്ളത്തിൽ ഉപ്പിന്റെ അളവ് വർധിക്കുകയും ചെയ്യുന്നു. ഈ ഉപ്പുരസമേറിയ തണുത്ത വെള്ളം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് താഴുന്നതാണ് ആഗോള സമുദ്രപ്രവാഹങ്ങളുടെ പ്രധാന ചാലകശക്തി.

എന്നാൽ ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും മഞ്ഞ് അതിവേഗം ഉരുകുമ്പോൾ വലിയ അളവിൽ ശുദ്ധജലം സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നു. ഇതുമൂലം സമുദ്രജലത്തിലെ ഉപ്പിന്റെ അളവ് കുറയുകയും സാന്ദ്രത കുറഞ്ഞതിനാൽ വെള്ളം അടിത്തട്ടിലേക്ക് താഴാതിരിക്കുകയും ചെയ്യുന്നു. ഇതോടെ സമുദ്രപ്രവാഹങ്ങളുടെ വേഗത കുറയുകയോ അവ തടസ്സപ്പെടുകയോ ചെയ്യുന്നു.


സമുദ്രപ്രവാഹ ശൃംഖല ദുർബലമാകുമ്പോൾ


അറ്റ്‌ലാന്റിക് മെറിഡിയോണൽ ഓവർടേണിംഗ് സർക്കുലേഷൻ (AMOC) എന്ന സുപ്രധാന സമുദ്രപ്രവാഹ ശൃംഖല നിലവിൽ ദുർബലമാകുകയാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഗൾഫ് സ്ട്രീം ഇതിന്റെ ഭാഗമാണ്. ഇത് പൂർണ്ണമായി നിലച്ചാൽ ആഗോള കാലാവസ്ഥാ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം.

ഭൂമധ്യരേഖയിൽ നിന്നുള്ള ചൂട് യൂറോപ്പിലേക്ക് എത്തിക്കുന്നത് ഈ പ്രവാഹങ്ങളാണ്. ഇവ ദുർബലമായാൽ വടക്കൻ യൂറോപ്പിൽ താപനില ഗണ്യമായി കുറയുകയും കടുത്ത ശൈത്യകാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.

ധ്രുവപ്രദേശങ്ങളിലേക്ക് ചൂട് കൈമാറപ്പെടാത്തതിനാൽ ഇന്ത്യ ഉൾപ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചൂട് വർധിക്കും. സമുദ്രോപരിതല താപനില ഉയരുന്നതോടെ ശക്തമായ ചുഴലിക്കാറ്റുകളും പ്രവചനാതീതമായി മഴയും വർധിക്കാൻ സാധ്യതയുണ്ട്.


സമുദ്രജീവജാലങ്ങൾക്ക് ഭീഷണി


സമുദ്രപ്രവാഹങ്ങളാണ് കടലിന്റെ അടിത്തട്ടിലുള്ള പോഷകങ്ങളെ മുകളിലേക്ക് എത്തിക്കുന്നത്. ഈ ചംക്രമണം ദുർബലമാകുമ്പോൾ ഭക്ഷ്യശൃംഖല തകരുകയും മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യാം.

590 കിലോമീറ്ററിലധികം നീളമുള്ള തീരപ്രദേശവും താഴ്ന്ന തീരഭൂമികളും കായലുകളും ഉള്ള കേരളം കടൽനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങൾക്ക് സാധ്യത കൂടിയ സ്ഥലമാണ്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും അതിന്റെ ആഘാതം കേരളത്തിന്റെ തീരങ്ങളിലും നദീതടങ്ങളിലും കൃഷിയിടങ്ങളിലും വരുംകാലങ്ങളിൽ അനുഭവപ്പെടും.

12.5 ട്രില്യൺ ടൺ മഞ്ഞിന്റെ നഷ്ടം വെറും ഒരു സംഖ്യയല്ല. അത് ഭൂമിയുടെ മാറുന്ന കാലാവസ്ഥയുടെ നിശ്ശബ്ദ സാക്ഷ്യമാണ്.


(കേരള സർവകലാശാല ജിയോളജി വകുപ്പിലെ പ്രൊഫസാറാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home