പ്രേതകണങ്ങളുടെ ഉള്ളറയിൽ

തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കുള്ളിൽ ഒരു ന്യൂട്രിനോ നിരീക്ഷണകേന്ദ്രം, അതിലൂടെ വെളിച്ചത്ത് വന്നതാകട്ടെ "പ്രേതകണങ്ങളാ’യ ന്യൂട്രിനോകളുടെ രഹസ്യങ്ങളും. ഈ നേട്ടങ്ങളിൽ സുപ്രധാന പങ്കുവഹിച്ച ഫ്രാൻസിസ് ഹാൽസൺ എന്ന യുഎസ് ശാസ്ത്രജ്ഞനാണ് ഇത്തവണ ഊർജതന്ത്ര നൊബേൽ.
അനന്തവും അജ്ഞാതവും അവർണനീയവുമായ പ്രപഞ്ചരഹസ്യങ്ങൾ ചുരുളഴിക്കാൻ പ്രകാശംമാത്രം മതിയാകില്ലെന്ന പരിമിതിക്കുള്ള ഉത്തരമാണ് ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി. ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയെത്തന്നെ കണികാ ഡിറ്റക്റ്ററായി ഉപയോഗിച്ച് ന്യൂട്രിനോകളെ കണ്ടെത്താൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും. 1980-കളുടെ അവസാനമാണ് ഹാൽസൺ ഈ ആശയം മുന്നോട്ടുവച്ചത്.
ഇത് ന്യൂട്രിനോ ജ്യോതിശാസ്ത്രത്തിൽ വഴിത്തിരിവായി. ന്യൂൂട്രിനോകൾ നിരന്തരം നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നുണ്ട്. വൈദ്യുത ചാർജില്ലാത്തതും മാസ് പൂജ്യത്തോട് അടുത്തതും പ്രകാശവേഗത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കുന്നതുമായ കണങ്ങളാണ് ന്യൂട്രിനോകൾ. സാധാരണ ദ്രവ്യവുമായി പ്രവർത്തനം അപൂർവം.
സൂര്യനിൽനിന്ന് വരുന്നവ, പ്രപഞ്ചോൽപ്പത്തിയുടെ ആദിമ നിമിഷങ്ങളിൽ ഉണ്ടായവ, കോസ്മിക് കിരണങ്ങളും ഭൗമാന്തരീക്ഷവുമായുള്ള പ്രവർത്തനത്തിലൂടെ ഉണ്ടാവുന്നവ, കണികാ പരീക്ഷണങ്ങളിലൂടെ ഉണ്ടാകുന്നവ ഇങ്ങനെ എവിടെയുമുണ്ട് ഈ വിചിത്ര കണങ്ങൾ. ഇലക്ട്രോൺ ന്യൂട്രിനോ, മ്യുവോൺ ന്യൂട്രിനോ, ടാവു ന്യൂട്രിനോ എന്നിങ്ങനെ മൂന്നുതരത്തിലുണ്ട് ന്യൂട്രിനോകൾ.
സൗരയൂഥത്തിനപ്പുറത്തുനിന്നുവരുന്ന അതിശക്തിമായ ഊർജമുള്ള ആസ്ട്രോഫിസിക്കൽ ന്യൂട്രിനോകളുടെ ഉത്ഭവസ്ഥാനം സജീവ ഗാലക്സികളുടെ കേന്ദ്രം, സൂപ്പർ മാസീവ് ബ്ലാക്ക്‌ഹോളുകൾ, സൂപ്പർ നോവാ സ്ഫോടനങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂടിച്ചേരൽ എന്നിവയൊക്കെയാണ് അക്ഷരാർഥത്തിൽ, ഒരു കോസ്മിക് മെസഞ്ചറാണ് ന്യൂട്രിനോകൾ എന്നുപറയാം. പ്രപഞ്ചത്തിന്റെ അതിവിദൂരതയിൽനിന്നുള്ള പ്രകാശത്തിന്റെ പാതയെ വാതക ധൂളീപടലങ്ങളും പ്രാപഞ്ചിക പശ്ചാത്തല വികിരണവും കാന്തികക്ഷേത്രവും ഒക്കെ സ്വാധീനിച്ചേക്കാം.
ഭൂമിയിൽ എത്തുമ്പോഴേക്കും അതിലെ പല വിവരങ്ങളും നഷ്ടമാകും. എന്നാൽ, ചാർജില്ലാത്ത ന്യൂട്രിനോകൾക്ക് ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. ഇതെവിടെനിന്ന് വരുന്നുവെന്ന ഉത്തരം കണ്ടെത്താൻ എളുപ്പമാണ്. പ്രകാശത്തിന് കാണിച്ചുതരാൻ കഴിയാത്ത രഹസ്യങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടും.
മഞ്ഞിൽ വിരിഞ്ഞ രഹസ്യം
അന്റാർട്ടിക്കയിൽ അമുണ്ഡ്സെൻ സ്കോട്ട് സൗത്ത് പോൾ സ്റ്റേഷനുസമീപം ഏതാണ്ട് ഒന്നരമുതൽ രണ്ടര കിലോമീറ്റർവരെ ആഴത്തിൽ ശുദ്ധമായ, സുതാര്യമായ മഞ്ഞുപാളിക്കുള്ളിലാണ് ഐസ് ക്യുബ് ഒബ്സർവേറ്ററി. ഏതാണ്ട് ഒരു ക്യുബിക് കിലോമീറ്റർ ഭാഗം മഞ്ഞാണ് പ്രധാന ഡിറ്റക്‌റ്റർ. ഇതിൽ അയ്യായിരത്തിലധികം ഒപ്റ്റിക്കൽ മൊഡ്യൂളുകളുടെ നീളൻ ചരടുകൾ ആഴത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ന്യൂട്രിനോകൾ നിരന്തരം ഈ മഞ്ഞിലൂടെ കടന്നുപോകുമ്പോൾ അത്യപൂർവമായെങ്കിലും അവ ഒരു ആറ്റത്തിന്റെ ന്യൂക്ലിയസുമായി കൂട്ടിമുട്ടും. അപ്പോൾ ഉണ്ടാകുന്ന ഉയർന്ന ഊർജമുള്ള ചാർജിത കണങ്ങൾ മഞ്ഞിലൂടെ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ചെറൻകോവ് ലൈറ്റ് എന്ന പ്രതിഭാസമുണ്ടാകും. ഇത് മഞ്ഞിന്റെ ആഴത്തിലെ ഡിറ്റക്റ്ററുകൾ പിടിച്ചെടുക്കും.
പ്രക്ഷുബ്ധ പ്രാപഞ്ചിക സംഭവങ്ങളിലൂടെ രൂപം കൊള്ളുന്ന ഗിഗാ ഇലക്ട്രോൺ വോൾട്ടും പെറ്റാ ഇലക്ട്രോൺ വോൾട്ടുമൊക്കെ വരുന്ന അത്യുന്നത ഊർജമുള്ള ന്യൂട്രിനോകളെ 2011 മുതൽതന്നെ തിരിച്ചറിയാൻ കഴിഞ്ഞുവെന്നതാണ് ഐസ് ക്യൂബ് ഒബ്സർവേറ്ററിയുടെ വിജയം. ക്ഷീരപഥത്തിന്റെ ന്യൂട്രിനോ മാപ് തയ്യാറാക്കാനുമായി.









0 comments