print edition ഒറാങ്ഉട്ടാനുകൾ ഇനി എത്ര നാൾ

ഡോ. പി വി മോഹനൻ
Published on Sep 25, 2026, 01:31 AM | 2 min read
ഒഡിഷയിലെ ബാലസോർ ജില്ലയിൽ അഞ്ച് കുഞ്ഞൻ ഒറാങ്ഉട്ടാനുകളെ (Orangutans)കണ്ടെത്തിയ സംഭവം അടുത്തിടെ വാർത്തയായിരുന്നു. ഇന്ത്യയിൽ സ്വാഭാവികമായി കാണാത്ത ഇവയെ ബദാപായി ഗ്രാമത്തിനു സമീപമുള്ള റണകാഥാ–ബദാപായി വനപ്രദേശത്താണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഇവ ഒഡിഷയിൽ എത്തിയത് അന്താരാഷ്ട്ര വന്യജീവികടത്ത് സംഘങ്ങൾവഴിയാണെന്നാണ് സംശയം.
അന്വേഷണങ്ങൾ തുടരുകയാണ്. കുഞ്ഞ് ഒറാങ്ഉട്ടാനുകൾക്ക് അന്താരാഷ്ട്ര അനധികൃത വിപണിയിൽ വലിയ സാമ്പത്തിക മൂല്യമുണ്ട്. ഒറാങ്ഉട്ടാനുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിൽമാത്രം കാണപ്പെടുന്ന വലിയ കുരങ്ങുകളാണ്. അതിനാൽ ഒഡിഷയിൽ കണ്ടെത്തിയത് സ്വാഭാവികമായി സംഭവിച്ചതാകാൻ സാധ്യതയില്ലെന്നാണ് വന്യജീവി വിദഗ്ധരുടെ വിലയിരുത്തൽ. അതീവ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുന്ന ജീവിയാണിത്.
മനുഷ്യനുമായി സാമ്യം
മനുഷ്യനുമായി 97 ശതമാനം ജനിതക സാമ്യമുള്ള ജീവിയാണ് ഒറാങ്ഉട്ടാനുകൾ. ബോർണിയൻ ഒറാങ്ഉട്ടാന്റെ (--Pongo pygmaeus) സ്വാഭാവിക ആവാസവ്യവസ്ഥ ബോർണിയോ ദ്വീപിലെ മഴക്കാടുകളാണ്. ഇന്തോനേഷ്യയിലെ കാലിമന്താൻ മേഖലയിലും മലേഷ്യയിലെ സബാഹ്, സരവാക് സംസ്ഥാനങ്ങളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ബ്രൂണൈയിൽ വളരെ ചെറിയ ജനസംഖ്യ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.
ഒരുകാലത്ത് ലക്കണക്കിന് ഒറാങ്ഉട്ടാനുകൾ ബോർണിയോയിലെ വനങ്ങളിൽ ജീവിച്ചിരുന്നു. എന്നാൽ വനനശീകരണവും പാംഓയിൽ തോട്ടങ്ങളുടെ വ്യാപനവും അനധികൃത മരംമുറിയും കാട്ടുതീയും വേട്ടയാടലുംമൂലം ഇന്ന് അവശേഷിക്കുന്നത് ഏകദേശം 57,000 മുതൽ 60,000 വരെ ഒറാങ്ഉട്ടാനുകളാണെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎൻ ഇവയെ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓരോ രാത്രിയും പുതിയ കൂട്
ആൺ ഒറാങ്ഉട്ടാനുകൾക്ക് 60 മുതൽ 100 കിലോഗ്രാംവരെ ഭാരമുണ്ടാകും. പെൺ ഒറാങ്ഉട്ടാനുകൾക്ക് സാധാരണ 30 മുതൽ 50 കിലോഗ്രാംവരെ ഭാരമേ ഉണ്ടാകൂ. ഇവയുടെ കൈകൾക്ക് രണ്ട് മീറ്ററിലേറെ നീളമുണ്ടാകുന്നതിനാൽ മരക്കൊമ്പുകളിൽ അതിവേഗം സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. ജീവിതത്തിന്റെ ഭൂരിഭാഗവും മരങ്ങൾക്കു മുകളിലാണ് ചെലവഴിക്കുന്നത്. ഓരോ രാത്രിയും മരക്കൊമ്പുകൾ ഉപയോഗിച്ച് പുതിയ കൂട് നിർമിച്ച് അതിലാണ് ഇവ ഉറങ്ങുന്നത്.
ഒറാങ്ഉട്ടാനുകളുടെ തീറ്റയിൽ ഏകദേശം 70 ശതമാനവും പഴങ്ങളാണ്. ഒപ്പം ഇലകൾ, പൂക്കൾ, വിത്തുകൾ, മരത്തൊലി, തേൻ, ചില പ്രാണികൾ എന്നിവയും തീറ്റയാക്കും. പഴങ്ങൾ കഴിച്ചശേഷം വിത്തുകൾ വനത്തിലുടനീളം വിതറുന്നതിനാൽ ഇവയെ ‘കാടിന്റെ തോട്ടക്കാരൻ’ എന്നും വിളിക്കാറുണ്ട്. പുതിയ മരങ്ങൾ വളരാൻ ഒറാങ്ഉട്ടാനുകൾ നിർണായക പങ്കുവഹിക്കുന്നു.
ദൈർഘ്യമേറിയ പ്രസവ ഇടവേള
പ്രജനനത്തിന്റെ കാര്യത്തിലും ഇവ സവിശേഷരാണ്. ഏകദേശം എട്ടരമാസമാണ് ഗർഭകാലം. ഒരു പ്രസവത്തിൽ സാധാരണ ഒരുകുഞ്ഞ് മാത്രമാണ് ജനിക്കുന്നത്. അതിശയകരമായ കാര്യം, അടുത്ത കുഞ്ഞ് ജനിക്കാൻ ഏഴുമുതൽ ഒന്പതു വർഷംവരെ ഇടവേള ഉണ്ടാകും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ പ്രസവ ഇടവേളകളിലൊന്നാണിത്. കുഞ്ഞുങ്ങൾ എട്ടുവർഷത്തോളം അമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഈ മന്ദഗതിയിലുള്ള പ്രജനനമാണ് ഇവയുടെ എണ്ണം വേഗത്തിൽ വർധിക്കാതിരിക്കാനുള്ള പ്രധാന കാരണം.
ഇന്ന് ബോർണിയോയിൽ നിരവധി സംരക്ഷണ കേന്ദ്രങ്ങൾ ഒറാങ്ഉട്ടാനുകളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നു. ടാൻജുങ് പുടിങ് ദേശീയോദ്യാനം, ക്യാംപ്ലീക്കി, സെപിലോക്ക് ഒറാങ്ഉട്ടാൻ റീഹാബിലിറ്റേഷൻ സെന്റർ, ലബുക്ബേ തുടങ്ങിയ കേന്ദ്രങ്ങളാണ് പ്രധാനം. ഇത്തരം ജീവികൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാൻ അധിക നാൾ വേണ്ടിവരില്ലെന്നാണ് ഗവേഷകർ പറയുന്നത്.









0 comments