കൂർക്ക കൃഷിയാകാം

എം കെ പി മാവിലായി
Published on Jul 31, 2026, 07:51 AM | 1 min read
കൂർക്കയുടെ പ്രത്യേക മണവും രുചിയുമാണ് ഇതിനെ മറ്റ് കിഴങ്ങുവർഗങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. കൂർക്കയ്‌ക്ക് ചീവക്കിഴങ്ങ്, ചൈനീസ് പൊട്ടാറ്റോ എന്നെല്ലാം പേരുണ്ട്. ആഫ്രിക്ക സ്വദേശിയായി കൂർക്ക കോളിയസ് പാർവിഫ്ളോറസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ലാബിയേറ്റേ കുടുംബാംഗമാണ്. കേരളത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
മഴയുടെ തീവ്രത കുറഞ്ഞ കാലത്താണ് നടീലിന് അനുയോജ്യം. നല്ല നീർവാർച്ചയുള്ള വെട്ടുകൽ മണ്ണ്, മണൽ മണ്ണ് എന്നിവയാണ് കൃഷിക്ക് ഗുണകരം. എന്നാൽ ചെളികെട്ടാത്ത കരപ്പാടങ്ങളിലെ മണ്ണിലും നന്നായി വളരും. ഒന്നാം വിള നെൽകൃഷി ചെയ്തു കഴിഞ്ഞ പാടങ്ങളിലും കൂർക്ക കൃഷി ചെയ്യാം.
ഇനങ്ങൾ: നാടൻ ഇനങ്ങൾക്ക് പുറമെ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീധര, കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ നിധി, സുഫല തുടങ്ങിയ ഉൽപ്പാദനക്ഷമത കൂടിയ ഇനങ്ങളും ഇന്ന് കൃഷി ചെയ്തുവരുന്നു.
കിഴങ്ങുകളിൽനിന്ന് മുളച്ചുവരുന്ന തലപ്പുകളാണ് നടീൽ വസ്തു.
വിളവെടുപ്പ്: ചെടികൾ നട്ട് നാല്- അഞ്ച് മാസംകൊണ്ട് വിളവെടുപ്പ് നടത്താം. വള്ളിയിലെ ഇലകൾ മഞ്ഞ നിറമാകുന്നതും ഉണങ്ങി തുടങ്ങുന്നതും വിളവെടുപ്പിന്റെ സൂചനയാണ്. ഉണങ്ങിയ വള്ളികൾ നീക്കംചെയ്ത് കിഴങ്ങുകൾ ശ്രദ്ധയോടെ കിളച്ചെടുക്കണം. ഒരു ഏക്കർ കൃഷിയിൽനിന്ന് ശരാശരി അഞ്ച് ടൺ കിഴങ്ങ് കിട്ടും. കൂർക്ക വിത്തുകൾ ഈർപ്പവും ചൂടും തട്ടാത്ത മുറികളിൽ മണലോ ഉമിയോ കലർത്തി സൂക്ഷിക്കാം.









0 comments