ad
Deshabhimani

print edition മരച്ചീനിക്കൃഷി നന്നാകാൻ

Tapioca

മരച്ചീനി

avatar
എം കെ പി മാവിലായി

Published on May 15, 2026, 12:01 AM | 2 min read

മഴക്കാലാരംഭത്തിന്‌ തൊട്ടുമുമ്പാണ്‌ സാധാരണ മരച്ചീനിക്കൃഷിക്ക്‌ തുടക്കമാകുന്നത്‌. നല്ല വിത്തുകമ്പുകൾക്കുള്ള ക്ഷാമം ഏവരെയും അലട്ടുന്ന പ്രശ്‌നമാണ്‌. നടീൽവസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കാനും വേഗത്തിൽ കൂടുതൽ തൈകൾ ഉൽപ്പാദിപ്പിക്കാനും സഹായിക്കുന്ന ഫലപ്രദമായ രീതിയാണ് മരച്ചീനിയിലെ മിനിസെറ്റ് രീതി. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണിത്‌. സാധാരണ രീതിയിൽ വിത്തുകമ്പുകൾ മുറിച്ചെടുക്കുമ്പോൾ ഒരു തണ്ടിൽനിന്ന് ശരാശരി പത്ത്‌ വിത്തുതണ്ടുകൾ മാത്രമാണ്‌ ലഭിക്കുക. മിനിസെറ്റ് രീതിയിലൂടെ 30 മുതൽ 60 വരെ വിത്തുതണ്ടുകൾ തയ്യാറാക്കാം. ഇതിനായി നന്നായി മൂപ്പെത്തിയതും ആരോഗ്യമുള്ളതുമായ മരച്ചീനിത്തണ്ടുകൾ തെരഞ്ഞെടുക്കണം.


സാധാരണ 20 സെന്റിമീറ്റർ നീളത്തിൽ മുറിക്കുന്നതിനുപകരം, മിനിസെറ്റ് രീതിയിൽ രണ്ടുമുതൽ മൂന്ന്‌ സെന്റിമീറ്റർമാത്രം നീളമുള്ള ചെറിയ കഷണങ്ങളായാണ് തണ്ടുകൾ മുറിക്കേണ്ടത്. മൂർച്ചയുള്ള ഹാക്സോ ബ്ലേഡ് ഇതിനായി ഉപയോഗിക്കാം. ഓരോ കഷണത്തിലും കുറഞ്ഞത് രണ്ടു മുകുളങ്ങളെങ്കിലും ഉണ്ടായിരിക്കണം.


നഴ്സറി


മുറിച്ചെടുത്ത ചെറു വിത്തുകമ്പുകൾ നേരിട്ട് പറമ്പിൽ നടുന്നതിനുപകരം ആദ്യഘട്ടത്തിൽ ഒരു നഴ്സറിയിൽ വളർത്തുന്നതാണ് ഉചിതം.

മണലും മണ്ണും തുല്യ അളവിൽ ചേർത്ത ബെഡുകളിലോ അല്ലെങ്കിൽ പോട്ടിങ്‌ മിശ്രിതം നിറച്ച ചെറിയ പോളിത്തീൻ കവറുകളിലോ ഈ കഷണങ്ങൾ നടാം. കഷണങ്ങൾ മണ്ണിൽ തിരശ്ചീനമായി കിടത്തി നേരിയ തോതിൽ മണ്ണിട്ടുമൂടണം. ഭാഗികമായ തണൽ ലഭിക്കുന്ന സ്ഥലമാണ് ഇതിന്‌ അനുയോജ്യം. മിതമായ രീതിയിൽ നനച്ചുകൊടുക്കണം. ഒരാഴ്ചകൊണ്ട് വിത്തുകമ്പുകൾ മുളച്ചുതുടങ്ങും.

മുളച്ച ചെറു കമ്പുകൾ മൂന്നുമുതൽ നാലാഴ്ച കഴിയുമ്പോൾ നടീലിന് പാകമാകും.


നടീൽ


മുൻകൂട്ടി തയ്യാറാക്കിയ സ്ഥലത്ത് 45 സെന്റിമീറ്റർ അകലം നൽകി മിനിസെറ്റ് തൈകൾ പറിച്ചുനടാം. പറിച്ചുനടുമ്പോൾ കഴിവതും വേരുകൾക്ക് ക്ഷതമേൽക്കാതിരിക്കാനും കിളിർപ്പുകൾ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കാലവർഷത്തിന്റെ ഏതു കാലത്തും ഈ തൈകൾ നടാം.


ഇത്തരത്തിൽ നടുന്ന ചെടികൾക്ക് നല്ല കരുത്തുണ്ടാകുമെന്നും വിളവ് വർധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരേക്കർ സ്ഥലത്തേക്ക് 1000 കമ്പുകൾ വേണ്ടിവരുമ്പോൾ മിനിസെറ്റ് രീതിയനുസരിച്ച് 330 കമ്പുകൾ മതിയാകും.


കമ്പുകൾ തമ്മിലും വരികൾ തമ്മിലും 75 സെന്റിമീറ്റർ അകലം നൽകി നടുമ്പോൾ മിനിസെറ്റ് രീതിയിൽ വരികൾ തമ്മിലും ചെടികൾ തമ്മിലും 45 സെന്റിമീറ്റർ അകലം നൽകി നടാം. വീട്ടുവളപ്പിലെ കൃഷിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കും ഒരുപോലെ അനുയോജ്യമായ രീതിയാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home