ad
Deshabhimani

എന്താണീ വായു മലിനീകരണ സൂചിക

Delhi.jpg
avatar
ഡോ. അബേഷ്‌ രഘുവരൻ

Published on Oct 26, 2025, 10:16 AM | 2 min read

ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിപോലെയുള്ള നഗരങ്ങളിലെ വായു മലിനീകരണത്തോത്‌ അതീവ ഗുരുതരാവസ്ഥയിലേക്ക്‌ എത്തിയിരിക്കുകയാണ്‌. വായുഗുണനിലവാര സൂചിക (Air Quality Index) 450 കടന്നിരിക്കുകയാണ്‌ ഇവിടെ. നിയന്ത്രണങ്ങൾ ലംഘിച്ച്‌ പടക്കങ്ങൾ പൊട്ടിക്കുകയും ഹരിത പ്രോട്ടോകോൾ പാലിക്കാതിരിക്കുകയും ചെയ്‌തതാണ്‌ പ്രശ്‌നം രൂക്ഷമാക്കിയത്‌. കഴിഞ്ഞ ദീപാവലിക്കുശേഷം തിരുവനന്തപുരത്തെ വായുനിലവാരസൂചിക 205നും മുകളിലാണ്‌ രേഖപ്പെടുത്തിയത്‌. എന്താണ്‌ വായുമലിനീകരണ സൂചിക. അതിനെപ്പറ്റി.


​​(കൊച്ചി സർവകലാശാല, സെന്റർ 
ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ )


5 വാതകസാന്നിധ്യം

വായുമലിനീകരണം എയർക്വാളിറ്റി ഇൻഡക്സ് (AQI) എന്ന അളവിലാണ്‌ പറയാറുള്ളത്. വായുവിന്റെ ഗുണമേന്മയെന്നോ മലിനീകരണത്തിന്റെ അളവെന്നോ ഇതിനെ സൂചിപ്പിക്കാം. വായുമലിനീകരണത്തിന്‌ കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച്‌ വാതകങ്ങളുടെ സാന്നിധ്യം എത്രമാത്രമാണെന്നത്‌ അടിസ്ഥാനമാക്കിയാണ് ഇൻഡക്‌സ്‌ നിർണയിക്കുന്നത്‌. വായുഗുണനിലവാര സൂചിക കണ്ടുപിടിക്കാൻ പ്രധാനമായും അഞ്ചു ഘടകങ്ങളെയാണ് അളക്കുന്നത്. ഭൂനിരപ്പിലുള്ള ഓസോൺ, പാർട്ടിക്കുലേറ്റ് മാറ്റർ (ഇത് രണ്ടുതരമുണ്ട്–- വ്യാസം 2.5 മൈക്രോമീറ്ററിൽ താഴെയുള്ളതും 10 മൈക്രോമീറ്ററിൽ താഴെയുള്ളതും), കാർബൺമോണോക്സൈഡ്, സൾഫർഡയോക്സൈഡ്, നൈട്രജൻഡയോക്സൈഡ് എന്നിവ. എന്നാൽ, അതിനൊപ്പം ലെഡ്, അമോണിയ, ബെൻസോപൈറിൻ, ബെൻസീൻ, ആഴ്സനിക്, നിക്കൽ എന്നിവയും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. പ്രതികൂലമായ കാലാവസ്ഥ, വാഹനങ്ങളിൽനിന്നുള്ള പുക, വയലുകളിൽ വൈക്കോൽ തീയിടുന്നത്, കരിമരുന്ന് ഉപയോഗം തുടങ്ങിയവയാണ്‌ വായുമലിനീകരണത്തിനുള്ള മറ്റ് കാരണങ്ങൾ. കൂടാതെ ശൈത്യകാലത്ത്‌ നിരന്തരമായി ഡൽഹിയിൽ മലിനീകരണത്തോത് ഉയരുന്നത് ‘TEMPERATURE INVERSION' എന്ന പ്രതിഭാസംമൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ശൈത്യകാലത്ത്‌ അന്തരീക്ഷത്തിലെ വായുവിന് ചലനം കുറവാകുന്നതുമൂലം വാഹനങ്ങളിലെ പുകയും മറ്റു മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളും അന്തരീക്ഷത്തിൽത്തന്നെ തങ്ങിനിൽക്കുന്നതാണ് ഇത്‌.


പാർട്ടിക്കുലേറ്റ് മാറ്റർ

ഏറ്റവും അപകടകാരിയാണ് ഇത്. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന തീരെ വലിപ്പം കുറഞ്ഞ ഖര-ദ്രാവക മലിനീകരണ കണികകൾ ചേർന്നാണ് ഇവ ഉണ്ടാകുന്നത്. ഇവ 2.5, 10 എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്. ആദ്യത്തേതിന്റെ വ്യാസം 2.5 മൈക്രോമീറ്ററിൽ താഴെയും രണ്ടാമത്തേതിന്റെ വ്യാസം 10 മൈക്രോമീറ്ററിൽ താഴെയുമായിരിക്കും. നമ്മുടെ മുടിയിഴയുടെ വ്യാസം ഏകദേശം 75 മൈക്രോമീറ്ററാണെന്ന്‌ ഓർക്കണം. ഇവ അന്തരീക്ഷത്തിൽനിന്ന്‌ ശ്വാസകോശത്തിൽ വളരെ എളുപ്പത്തിൽ എത്തിച്ചേരുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.


ഭൂനിരപ്പിലെ ഓസോൺ

ചിലപ്പോൾ വാഹനങ്ങളിൽനിന്നും വൈദ്യുതനിലയങ്ങളിൽനിന്നുമുള്ള വാതകങ്ങൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ പ്രവർത്തിച്ചും ഓസോൺ ഉണ്ടാകാറുണ്ട്. ഇവയെയാണ്‌ ഭൂനിരപ്പിലുള്ള ഓസോൺ (Ground level Ozone) എന്നു പറയുന്നത്. ഇവ അന്തരീക്ഷത്തിൽ നിലനിൽക്കുന്നത്‌ മലിനീകരണത്തിന് ഇടയാക്കുന്നു.


സ്‌കെയിലും നിറവും

വായുവിന്റെ ഗുണമേന്മയായ എയർക്വാളിറ്റി ഇൻഡക്സ് 0-–50 വരെയുള്ള ആദ്യത്തെ സ്കെയിൽ, ശേഷം 51–-100, 101-–150, 151-–200, 201–-300, 301-–500 എന്നിങ്ങനെയുള്ള ആറ് സ്‌കെയിലിലാണ് അളക്കുന്നത്. 50 വരെയുള്ള സ്കെയിലിലാണ്‌ ഉൾപ്പെടുന്നതെങ്കിൽ നല്ലത് (Good) എന്നും 50–-100 വരെ ആണെങ്കിൽ മോഡറേറ്റ്‌ എന്നും 101-–150 ആണെങ്കിൽ സെൻസിറ്റി ഗ്രൂപ്പുകൾക്ക് അനാരോഗ്യപരവുമാണ്‌. 151-–200 എല്ലാവർക്കും അനാരോഗ്യകരം, 201–-300 കൂടുതൽ അനാരോഗ്യകരം, 301-–500 അപകടകരം എന്നിങ്ങനെ അടയാളപ്പെടുത്തുന്നു. ഓരോ സ്കെയിലും ഓരോ നിറത്തിലും രേഖപ്പെടുത്താറുണ്ട്. 0-–50 വരെയുള്ളത് പച്ചനിറത്തിലും പിന്നീടുള്ള അഞ്ചെണ്ണം യഥാക്രമം മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പർപ്പിൾ, മെറൂൺ എന്നീ നിറങ്ങളിലും അടയാളപ്പെടുത്തും. ​​


ഒരു ഗ്രാമത്തിന്റെ മാതൃക

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ വെട്ടങ്കുടിപ്പട്ടി ഗ്രാമത്തിലുള്ളവർ പടക്കംപൊട്ടിച്ച്‌ ഒരാഘോഷവും നടത്താറില്ല. ഗ്രാമത്തിലെ വിശാലമായ പക്ഷിസങ്കേതത്തിൽ പ്രജനനത്തിനായി എത്തുന്ന അപൂർവ ദേശാടനപ്പക്ഷികളെ ശല്യപ്പെടുത്താതിരിക്കാനുള്ള ഗ്രാമത്തിന്റെ കരുതലാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home