print edition അങ്ങകലെ മഴമേഘങ്ങൾ

ദിലീപ് മലയാലപ്പുഴ
Published on Oct 16, 2026, 12:57 AM | 2 min read
സൗരയൂഥത്തിനുമപ്പുറം അങ്ങകലെ ഭൂമിയിലെപ്പോലെ മേഘരൂപീകരണവും കാലാവസ്ഥാമാറ്റങ്ങളും പ്രകടമാക്കി ഒരു തവിട്ട് കുള്ളൻ ‘നക്ഷത്രം’. സ്വതന്ത്രമായി ഭ്രമണം ചെയ്യുന്ന ഇൗ നിഗൂഢ വസ്തുവിന്റെ അന്തരീക്ഷവും മാറിക്കൊണ്ടിരിക്കുന്ന ജലമേഘങ്ങളും ഗവേഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഭ്രമണത്തിന് അനുസരിച്ച് മേഘങ്ങൾക്ക് കട്ടികൂടുകയും കുറയും ചെയ്യുന്ന പ്രക്രിയ നിരന്തരം നടക്കുന്നു. ഒപ്പം പ്രതലത്തിൽനിന്ന് വാതകങ്ങൾ ഉയരുന്നു. ഭൂമിക്കു സമാനമായ പ്രതിഭാസങ്ങൾ. സ്വന്തമായി സൂര്യൻ ഇല്ലെന്ന അപൂർവതയും.
പരാജയപ്പെട്ട നക്ഷത്രം
ഭൂമിയിൽനിന്ന് 7.5 പ്രകാശവർഷം അകലെ സ്വതന്ത്രമായി ഒഴുകിനടക്കുന്ന തണുത്തുറഞ്ഞ തവിട്ട് കുള്ളന് (Brown Dwarf) പിന്നാലെയാണ് ഒരു ദശാബ്ദത്തിലേറെയായി ശാസ്ത്രലോകം. വൈസ് 0855 (WISE 0855) എന്ന പേരിൽ അറിയപ്പെടുന്ന ഇതിനെ നക്ഷത്രത്തിന്റെയോ ഗ്രഹത്തിന്റെയോ പരിധിയിൽപെടുത്താനാകില്ല. നക്ഷത്രമായി മാറാൻ ആവശ്യമായ ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയാത്തതും ഒരു ഗ്രഹത്തേക്കാൾ വലുതും ആയതിനാലാണ് ബ്രൗൺ ഡ്വാർഫ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് പരാജയപ്പെട്ട നക്ഷത്രം (Failed star) എന്ന വിളിപ്പേരുമുണ്ട്. വ്യാഴത്തോളം വലുപ്പമുള്ള വൈസ് 0855ന്റെ പിണ്ഡം വ്യാഴത്തിന്റെ അഞ്ചിരട്ടിയിലധികമാണ്. ഇതുവരെ പ്രപഞ്ചത്തിൽ കണ്ടെത്തിയവയിൽ ഏറ്റവും തണുപ്പേറിയ തവിട്ട് കുള്ളനാണിതെന്നാണ് നിഗമനം. മൈനസ് എട്ട് ഡിഗ്രിസെൽഷ്യസാണ് താപനില. സ്വന്തമായി മറ്റൊരു നക്ഷത്രത്തെയോ ഗ്രഹത്തേയോ വലംവയ്ക്കാതെ തനിയെ സഞ്ചരിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. അന്തരീക്ഷത്തിൽ ഹൈഡ്രജൻ, ഹീലിയം, മീഥേൻ, ജലബാഷ്പം എന്നിവ സ്ഥിരീകരിച്ചു.
ജെയിംസ് വെബ് കണ്ടു
നാസ ടെലിസ്കോപ്പായ വൈഡ്ഫീൽഡ് ഇൻഫ്രാറെഡ് സർവേ എക്സ്പ്ലോറർ (WISE) 2014ൽ ആണ് വൈസ് 0855നെ കണ്ടെത്തിയത്. രണ്ടു വർഷത്തിനുശേഷം മേഘങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST)അടുത്തിടെ ശേഖരിച്ചിരിക്കുന്ന വിവരങ്ങളാണ് വഴിത്തിരിവായിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജലമേഘങ്ങളും അനുബന്ധമായ രാസപ്രവർത്തനങ്ങളും കാലാവസ്ഥാ പ്രതിഭാസങ്ങളും സൗരയൂഥത്തിന് പുറത്ത് ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലുള്ള സ്റ്റീവാർഡ് ഒബ്സർവേറ്ററിയിലെ അന്താരാഷ്ട്ര ശാസ്ത്രസംഘം നടത്തിയ പഠനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
തുടർച്ചയായി 11 മണിക്കൂറോളം ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് ഈ ഗോളത്തെ നിരീക്ഷിക്കുകയും ഓരോ 15 മിനിറ്റിലും ഇതിൽനിന്നുള്ള പ്രകാശത്തിന്റെ സ്പെക്ട്രം രേഖപ്പെടുത്തുകയും ചെയ്താണ് സംഘം നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗോളത്തിൽ ജലമേഘങ്ങളുടെ സാന്നിധ്യവും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും വ്യക്തതയോടെ സ്ഥിരീകരിക്കുന്നത് ഇതാദ്യം. കാർബൺ മോണോക്സൈഡ്, ഫോസ്ഫീൻ തുടങ്ങിയ വാതകങ്ങളും കണ്ടെത്തി. ഭൂമിക്കും വ്യാഴത്തിനും സമാനമായ അന്തരീക്ഷ സംവഹന പ്രക്രിയകളും നടക്കുന്നുണ്ട്. മേഘങ്ങളുടെ സാന്ദ്രതയിലും താപനിലയിലുമുള്ള വ്യത്യാസം കാരണം, ചൂടേറിയതും തണുത്തതുമായ മേഖലകൾ മാറിമാറി വരുന്നതും പഠനത്തിൽ കാണാനായി.
ഇനി എന്ത്
ഇതിനോടകം പതിനായിരത്തോളം തവിട്ട് കുള്ളന്മാരെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളിലെ ന്യൂക്ലിയർ ഫ്യൂഷൻപോലുള്ള പ്രക്രിയകൾ നടക്കാത്തതിനാൽ ഇവയ്ക്ക് തിളക്കമുണ്ടാകാറില്ല. അതുകൊണ്ട് ഇവയെപ്പറ്റിയുള്ള പഠനങ്ങളും ഏറെ ശ്രമകരമാണ്. പ്രപഞ്ച രഹസ്യങ്ങളിലേക്ക് മിഴിതുറന്നിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പിൽ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ഗവേഷകർക്കുള്ളത്. പുതിയ കണ്ടെത്തൽ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും തവിട്ട് കുള്ളന്മാരുടെയും അന്തരീക്ഷത്തെ ആഴത്തിൽ അറിയാൻ സഹായകമാകും. അവയിലെ കാലാവസ്ഥാ മാറ്റങ്ങളും രാസമാറ്റങ്ങളും കൂടുതൽ കൃത്യതയോടെ വിലയിരുത്താനുമാകും. സൗരയൂഥത്തിന് പുറത്ത് ജീവൻ തേടിയുള്ള അന്വേഷണങ്ങൾക്കും ഇത് വഴിത്തിരിവാകും.









0 comments