ad
Deshabhimani

print edition പാവയ്ക്ക കയ്‌ക്കില്ല

Bitter Melon
avatar
മലപ്പട്ടം പ്രഭാകരന്‍

Published on Apr 24, 2026, 11:06 AM | 1 min read

അടുക്കളത്തോട്ടത്തിലെ മുഖ്യ ഇനമായി വളർത്താവുന്ന പച്ചക്കറിയാണ്‌ പാവൽ. കയ്‌പുള്ള ഇനങ്ങൾക്കൊപ്പം ഇല്ലാത്തവയും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്‌. കേരളത്തിന്റെ മണ്ണിലും കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഇനങ്ങളാണ്‌ ഗാക്ക്, ഗണ്ടോല, എരുമപ്പാവല്‍, പോത്തുപാവല്‍ എന്നിവ.‌


കൃഷിരീതി


അടുക്കളത്തോട്ടമായും ഗ്രോബാഗിലും പറമ്പുകളിലും സാധാരണ പച്ചക്കറി കൃഷിയിടങ്ങളിലുമെല്ലാം കൃഷി ചെയ്യാം. നീര്‍വാര്‍ച്ച വേണം. എക്കല്‍ മണ്ണും വെട്ടുകല്‍ മണ്ണുമെല്ലാം അനുയോജ്യം. ഭാഗിക തണലും ഇവ ഇഷ്ടപ്പെടും. ഗണ്ടോലയും എരുമപ്പാവലും പോത്തുപാവലും വാര്‍ഷികവിളയായും ഗാക്ക് മൂന്നുനാലു വര്‍ഷക്കാലത്തേക്ക് വിളവെടുക്കാവുന്നതുമായ ഇനങ്ങളാണ്.


മാര്‍ച്ച്-–ഏപ്രില്‍ മാസമാണ് വിത്തിറക്കാന്‍ പറ്റിയ സമയം. നന സൗകര്യമുണ്ടെങ്കില്‍ ഗണ്ടോല ഒക്ടോബര്‍മുതല്‍ ജനുവരി മാസങ്ങളിലും നടാം. പുളിരസമുള്ള മണ്ണില്‍ കുമ്മായമോ ഡോളൊമൈറ്റോ ചേര്‍ത്ത് അസിഡിറ്റി കുറയ്‌ക്കണം. നിലം കിളച്ച് കട്ട ഉടച്ച് പരുവമാക്കണം. വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി തുടങ്ങിയ ജൈവവളങ്ങള്‍ നൽകണം.


വിത്തും ഇനങ്ങളും


പരസ്പരകൈമാറ്റം വഴിയുള്ള നാടന്‍ ഇനങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിലും ആദിവാസികള്‍ക്കിടയിലുമെല്ലാം ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഇനങ്ങളുടെ വിത്തും തൈകളും ലഭിക്കുന്നുണ്ട്. അവ ഇതാണ്.


ഗണ്ടോല: ഗൗരവ്, അര്‍ക്കാനീചല്‍, ശാന്തി എന്നീ ഇനങ്ങള്‍ സിഎച്ച്ഇഎസ് ഭുവനേശ്വറും ആൻഡമാന്‍ സെലക്‌ഷന്‍, അസം സെലക്‌ഷന്‍ എന്നിവ ഐസിഎആര്‍, എന്‍ബിപിജിആര്‍ വെള്ളാനിക്കര തൃശൂരും വികസിപ്പിച്ചതാണ്. എരുമപ്പാവല്‍: അര്‍ക്കാനീചല്‍, സിഎച്ച്ഇഎസ് ഭുവനേശ്വറും ഇന്ദിര കങ്കോട, ഐജികെവിയു റായ്‌പുരും വികസിപ്പിച്ചു.


നടീല്‍വസ്തു


നാലുതരം പാവലുകളുടെയും വിത്ത് മുളച്ചുവരാന്‍ ഏറെ താമസമുണ്ട്. അതുകൊണ്ട് കാലേക്കൂട്ടി വിത്ത് തവാരണകളില്‍ നട്ട് തൈകളാക്കണം. ഗണ്ടോലയുടെ കാര്യത്തില്‍ ഫെബ്രുവരിയോടെ മുന്‍വര്‍ഷത്തെ ചെടിയുടെ ചുവട്ടില്‍ വേരുപടലത്തില്‍നിന്ന്‌ മുളച്ചുവരുന്ന കിഴങ്ങാണ് നടീല്‍വസ്തു. കിഴങ്ങ് തനതായും മുറിച്ച് കഷണങ്ങളായും നടാം. എരുമപ്പാവല്‍, പോത്തുപാവല്‍ എന്നിവയുടെ തായ്‌വേര് രൂപപ്പെട്ട തായ്‌കിഴങ്ങാണ് നടേണ്ടത്. ഗാക്കിന്റെ മൂത്ത വള്ളികള്‍ മൂന്നു മുട്ടുകള്‍വീതമുള്ള കഷണങ്ങളാക്കി പോളി ബാഗില്‍ നട്ട് വേരുപിടിപ്പിച്ചുണ്ടാക്കിയ തൈകള്‍ നടാം. നാലിനവും പന്തല്‍ ആവശ്യമുള്ള പടരുന്ന ഇനങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home