മലയാളത്തിന്റെ മധുരമണ്ണ്

വിനോദ് തലപ്പള്ളി
Published on Mar 11, 2026, 12:14 AM | 2 min read
തിരൂർ
ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജന്മംകൊണ്ട മണ്ണാണ് തിരൂർ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ വീരസ്‌മരണകളുള്ള നാട്. വാഗൺ ട്രാജഡിയുടെ ഓർമകൾ അവശേഷിക്കുന്ന മണ്ണ്. വെട്ടത്തുനാടും ആഴ്‌വാഞ്ചേരിയും കൂടിച്ചേർന്ന സംസ്കാരസമ്പന്നമായ തിരൂരിന് ഭാരതപ്പുഴയും അറബിക്കടലും തെക്കു- പടിഞ്ഞാറായി അതിരിടുന്നു. 1957മുതല്‍ മുസ്ലിംലീഗിന്റെ പച്ചത്തുരുത്താണ് തിരൂര്‍ നിയമസഭാ മണ്ഡലം. മുന്‍ കേരള നിയമസഭാ സ്പീക്കര്‍ കെ മൊയ്തീന്‍കുട്ടി (ബാവ ഹാജി)യാണ് ആദ്യ അംഗം. ലീഗ് പിളർന്ന് രൂപീകരിച്ച അഖിലേന്ത്യാ ലീഗിലേക്ക് ചേക്കേറുന്നതുവരെ അദ്ദേഹം എംഎൽഎയായി തുടർന്നു. തുടർന്നും ലീഗ് ആധിപത്യം. എന്നാൽ 2006ൽ ലീഗ് കോട്ടകളെല്ലാം അടിപതറിയ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടിയിലൂടെ മണ്ഡലത്തിൽ ചെമ്പതാക പാറി. മന്ത്രികൂടിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറിനെയാണ് അന്ന് അട്ടിമറിച്ചത്. 2011ല്‍ മണ്ഡലം പുനർനിർണയിച്ച് തവനൂർ, തിരൂർ മണ്ഡലങ്ങളായി വിഭജിക്കപ്പെട്ടു. തിരൂരിൽനിന്ന് പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, കാലടി, തവനൂർ, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ ഉൾപ്പെടുത്തി തവനൂർ മണ്ഡലം രൂപീകരിച്ചു. തിരൂർ നഗരസഭയും വെട്ടം, തലക്കാട്, പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ ആതവനാട്, കൽപ്പകഞ്ചേരി, വളവന്നൂർ, തിരുന്നാവായ എന്നിവയും ചേർത്ത് പുതിയ തിരൂർ മണ്ഡലവും രൂപീകരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിനായിരുന്നു ജയം. 2011ൽ പി പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തി സി മമ്മുട്ടിയിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. 2016ൽ ഗഫൂര്‍ പി ലില്ലീസിലൂടെ എൽഡിഎഫ് മികച്ച പ്രകടനം നടത്തി. 2021ൽ കുറുക്കോളി മൊയ്തീൻ എംഎൽഎയായി. തിരൂര്‍ നഗരസഭയും വെട്ടം, തലക്കാട്, കല്‍പ്പകഞ്ചേരി, വളവന്നൂര്‍, തിരുന്നാവായ, ആതവനാട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരൂര്‍ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേധാവിത്വംകാട്ടി. വികസന രംഗത്ത് കാര്യമായ ഇടപെടാൻ എംഎൽഎക്കായില്ല എന്ന പരാതി വ്യാപകമാണ്. കിഫ്ബി പദ്ധതിയോട് എംഎൽഎ മുഖംതിരിച്ചിട്ടും സർക്കാർ നേതൃത്വത്തിൽ നിരവധി പദ്ധതികൾ യാഥാർഥ്യമാക്കി. ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും സ്‌കൂൾ കോളേജ് വികസനത്തിനുമായാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. തുഞ്ചൻ സ്മാരകത്തിൽ എം ടി സ്മാരകം (6.5 കോടി), തിരൂർ തുഞ്ചൻ സ്മാരക ഗവ. കോളേജ് കെട്ടിടം (10.40 കോടി), ആതവനാട് ഭിന്നശേഷി ഗ്രാമം (68.5 കോടി), എഴൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (3.90 കോടി), കൽപ്പകഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (-3.90 കോടി), തിരൂർ ഗവ. ബോയ്സ് സ്‌കൂൾ (3.90 കോടി), കൽപ്പകഞ്ചേരി എൽപി സ്‌കൂൾ - (1.92 കോടി), ആതവനാട് ചേറ്റൂർ - മാട്ടുമ്മൽ റോഡ് - (3 കോടി), തിരൂർ എഫൂർ കോട്ടിലത്തറ റോഡ് (4 കോടി), തിരൂർ ജിഎംയുപി സ്‌കൂൾ (3.90 കോടി) എന്നിവ പ്രധാന സർക്കാർ പദ്ധതികളാണ്.
നിയമസഭ ഇതുവരെ
1957: കെ മൊയ്തീന്‍കുട്ടി ഹാജി (സ്വത.) 1960: കെ മൊയ്തീന്‍കുട്ടി ഹാജി (മുസ്ലിംലീഗ്) 1965: കെ മൊയ്തീന്‍കുട്ടി ഹാജി (ലീഗ്) 1967: കെ മൊയ്തീന്‍കുട്ടി ഹാജി (ലീഗ്) 1970: കെ മൊയ്തീന്‍കുട്ടി ഹാജി (ലീഗ്) 1977: പി ടി കുഞ്ഞിമുഹമ്മദ് (ലീഗ്) 1980: പി ടി കുഞ്ഞിമുഹമ്മദ് അലിയാസ് കുഞ്ഞുട്ടിഹാജി (ലീഗ്) 1982: യു എ ബീരാന്‍ (ലീഗ്) - 1987: കെ മൊയ്തീന്‍കുട്ടി ഹാജി (ലീഗ്) 1991: ഇ ടി മുഹമ്മദ് ബഷീര്‍ (ലീഗ്) 1996: ഇ ടി മുഹമ്മദ് ബഷീര്‍ (ലീഗ്) 2001: ഇ ടി മുഹമ്മദ് ബഷീര്‍ (ലീഗ്) 2006: പി പി അബ്ദുള്ളക്കുട്ടി (സിപിഐ എം) 2011: സി മമ്മുട്ടി (ലീഗ്) 2016: സി മമ്മുട്ടി (ലീഗ്) 2016: സി മമ്മുട്ടി (ലീഗ്) 2021: - കുറുക്കോളി മൊയ്തീൻ (ലീഗ്)
വോട്ടർമാർ
പുരുഷന്മാർ –1,26,597 സ്‌ത്രീകൾ– 1,25,965 ട്രാൻസ്‌ജെൻഡർ– 13 ആകെ – 2,52,575










0 comments