print edition അതിദാരിദ്ര്യമുക്തി നേടാനായത് എൽഡിഎഫ് ഭരിക്കുന്നതിനാൽ

കോട്ടയം: കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാൻ കഴിഞ്ഞത് എൽഡിഎഫ് ഭരിക്കുന്നതുകൊണ്ട് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്തുകൊണ്ട് എൽഡിഎഫ് എന്ന് ആരെങ്കിലും ചോദിച്ചാൽ ഇതുകൊണ്ടൊക്കെത്തന്നെ എന്നാണ് അവരോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോട്ടയം ജില്ലയിൽ വിവിധ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നിക്ഷേപസൗഹൃദമായത് എൽഡിഎഫിന്റെ തുടർഭരണത്തിലൂടെയാണ്. 2016നുമുമ്പ് കേരളം നിക്ഷേപസൗഹൃദത്തിൽ 28ാം സ്ഥാനത്തായിരുന്നു.
2016ൽ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ നിക്ഷേപസൗഹൃദാ അന്തരീക്ഷം സൃഷ്ടിക്കാൻ ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്‌തു. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചു. സ്ഥാപനം തുടങ്ങി മൂന്നുവർഷത്തിനുള്ളിൽ ലൈസൻസ് എടുത്താൽ മതിയെന്ന നിയമംവന്നു. അപ്പോഴേക്കും തെരഞ്ഞെടുപ്പെത്തി.
ചരിത്രം തിരുത്തി തുടർഭരണം ലഭിച്ചു. മുൻ സർക്കാർ നിർത്തിയിടത്തുനിന്ന് പുതിയ സർക്കാർ തുടങ്ങി. അങ്ങനെ കേരളം നിക്ഷേപസൗഹൃദകാര്യത്തിൽ രാജ്യത്ത് ഒന്നാമതായി.
2011–2016 യുഡിഎഫ് ഭരണകാലത്ത് കേന്ദ്രത്തിൽ മൻമോഹൻ സിങ് സർക്കാരും മോദി സർക്കാരും അധികാരത്തിലുണ്ടായിരുന്നു.
മൂന്ന് സർക്കാരുകളും ഒരേ നയമാണ് നടപ്പാക്കിയത്. അതിന്റെ കെടുതിയും നമ്മൾ അനുഭവിച്ചു. ആ നയങ്ങൾ എൽഡിഎഫ് സർക്കാർ തുടർന്നില്ല. അതുകൊണ്ട് ലോകം ശ്രദ്ധിക്കുന്ന നാടായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments