കോൺഗ്രസ് കേരളം ഭരിക്കാൻ അയോഗ്യർ: എ വിജയരാഘവൻ

എൽഡിഎഫ് കണ്ണമ്പ്ര പഞ്ചായത്ത് റാലി സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
കെപിസിസി പ്രസിഡന്റ് നടത്തിയ വാർത്താസമ്മേളനത്തിലൂടെ കോൺഗ്രസ് കേരളം ഭരിക്കാൻ യോഗ്യരല്ലെന്ന് വീണ്ടും തെളിയിച്ചെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കണ്ണമ്പ്ര പഞ്ചായത്ത് എൽഡിഎഫ് റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തഭൂമിയിൽ വീടുണ്ടാക്കാൻ കോൺഗ്രസിന് പണമില്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. എന്നാൽ അതിനുവേണ്ടി പിരിച്ച പണം കാണാനില്ല. കോൺഗ്രസ് പണം പിരിച്ചാൽ പോക്കറ്റിലിട്ടതിന്റെ ബാക്കി മാത്രമാണ് കൈയിലുണ്ടാകുക. കോൺഗ്രസിന്റെ കഴിവുകേട് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. സിപിഐ എം വയനാടിനുവേണ്ടി പണം പിരിച്ചില്ലെന്ന് പറഞ്ഞ് പരത്തുന്നു. സിപിഐ എം പിരിച്ച പണം നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയാണുണ്ടായത്. കോൺഗ്രസിന് വർഗീയത വിൽക്കാനാണ് താൽപ്പര്യം. രാജ്യത്ത് വിവിധ വിഷയങ്ങളുണ്ടായിട്ടും രാഹുൽഗാന്ധി കേരളത്തിൽ നടത്തിയ പ്രസംഗത്തിൽ ശബരിമല വിഷയം മാത്രമാണ് ഉന്നയിച്ചത്. കോൺഗ്രസ് നാട് ഭരിച്ചാൽ വർഗീയത നാട് ഭരിക്കുമെന്നതിന്റെ തെളിവാണത്. വലതുപക്ഷ മാധ്യമങ്ങളും അതിനൊപ്പം നിൽക്കുന്നു. അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നത് എൽഡിഎഫിന്റെ നയമാണ്. ഇ എം എസ് സർക്കാരാണ് കേരളത്തിന്റെ അടിത്തറ. അതിന്റെ തുടർച്ചയാണ് ഇന്നത്തെ മുന്നേറ്റം. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും നമ്മൾ സകലമേഖലയിലും വികസനം സാധ്യമാക്കിയെന്നും വിജയരാഘവൻ പറഞ്ഞു.










0 comments