"കേരളം എൽഡിഎഫിനൊപ്പം"; പ്രബുദ്ധരായ ജനങ്ങൾ വികസനത്തുടർച്ച ആഗ്രഹിക്കുന്നു": അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: പ്രബുദ്ധരായ കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുമെന്നും സംസ്ഥാനത്ത് മതേതര ജനാധിപത്യം വൻവിജയം നേടുമെന്നും മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന സമഗ്ര വികസന പദ്ധതികൾ ജനങ്ങൾ വിലയിരുത്തുമെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ 10 വർഷമായി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ബുദ്ധിപരമായി ചിന്തിക്കുന്ന ഏതൊരു വോട്ടർക്കും സംശയമുണ്ടാകാൻ ഇടയില്ലെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനം ലക്ഷ്യം വെച്ചുള്ള എൽഡിഎഫ് നയങ്ങൾ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ ചരിത്രത്തിലെ സുവർണ്ണകാലമായിരുന്നു കഴിഞ്ഞ അഞ്ച് വർഷമെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 1322 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ മണ്ഡലത്തിൽ മാത്രം നടപ്പിലാക്കിയത്. ദീർഘകാലമായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികൾക്ക് ജീവൻ നൽകാനും അവ പൂർത്തിയാക്കാനും സാധിച്ചത് വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞ അഞ്ച് വർഷം സാധിച്ചിട്ടുണ്ട്. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.









0 comments