'ട്രെൻഡിനൊപ്പം ഞങ്ങളും'; എഐ ക്യാരിക്കേച്ചർ ചിത്രവുമായി മന്ത്രിമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ എഐ ക്യാരിക്കേച്ചർ ട്രെൻഡ് ഏറ്റെടുത്ത് സംസ്ഥാന മന്ത്രിമാരും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവനുമാണ് കൗതുകകരമായ തങ്ങളുടെ എഐ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറും സമാനമായ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
'ട്രെൻഡിനൊപ്പം ഈ ഞാനും' എന്ന ക്യാപ്ഷനോടെ മന്ത്രി വി ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ 'എന്നാൽ പിന്നെ ട്രെൻഡിനൊപ്പം ഞാനും' എന്ന കുറിപ്പോടെ മന്ത്രി വി എൻ വാസവനും തന്റെ എഐ ചിത്രം പങ്കുവെക്കുകയായിരുന്നു.
സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ മന്ത്രിമാരുടെ കുട്ടിരൂപത്തിലുള്ള ചിത്രങ്ങൾ ഇതിനോടകം സൈബർ ലോകത്ത് വൈറലായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള വി ശിവൻകുട്ടി, വിദ്യാർത്ഥികളുമായും യുവാക്കളുമായും സംവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ട്രെൻഡുകളുടെ ഭാഗമാകുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് വി എൻ വാസവനും സമാനമായ ചിത്രം പങ്കുവെച്ചത്. ഇരു മന്ത്രിമാരുടെയും പോസ്റ്റുകൾക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന മന്ത്രിമാരുടെ ഈ വേറിട്ട ഇടപെടൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.










0 comments