"കുന്നോളമുണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളും"; എന്തുകൊണ്ട് മംദാനിക്ക് വോട്ട് ചെയ്തുവെന്ന് ന്യൂയോർക്കിലെ മലയാളി വോട്ടർ പറയുന്നു

ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിലെ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയുടെ വിജയത്തിന് പിന്നാലെയുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ ഇപ്പോഴും സജീവമാണ്. അമേരിക്കയിലെ ശക്തമായ ഇടതുപക്ഷമുഖവും സോഷ്യൽ ഡെമോക്രാറ്റ് നേതാവും പലസ്തീൻ അനുകൂലിയുമാണ് മംദാനി. അദ്ദേഹത്തെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും ആഗോള വലതുപക്ഷത്തിനും കനത്തതിരിച്ചടി കൂടിയായിരുന്നു ഈ വിജയം.
മംദാനിയുടെ രാഷ്ട്രീയനിലപാടുകളും നയങ്ങളും ചർച്ചചെയ്യപ്പെടുമ്പോൾ എന്തുകൊണ്ടാണ് താൻ അദ്ദേഹത്തിന് വോട്ട് ചെയ്തത് എന്ന് വിശദമാക്കുകയാണ് മലയാളിയും ന്യൂയോർക്കിലെ വോട്ടറും ആരോഗ്യപ്രവര്‍ത്തകയുമായ നീലു സിബി. സാധാരണ വരുമാനക്കാർ, യുവാക്കൾ, ഇടത്തരക്കാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് നീലു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇങ്ങനെയൊരു ജയം കുറച്ചു വർഷങ്ങൾ മുൻപ് പോലും ഊഹിക്കാൻ പറ്റില്ലായിരുന്നു. മംദാനി വാഗ്ദാനം ചെയ്തപോലെ സൗജന്യ പബ്ലിക് ബസുകൾ, സാധാരണക്കാർക്ക് താങ്ങാവുന്ന വീട്ട് വാടക, അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഡേ കെയർ, സിറ്റി നിയന്ത്രണത്തിലുള്ള പലചരക്കു കടകൾ എന്നിവയൊക്കെ സാധ്യമാക്കിയാൽ “വേറൊരു ലോകം സാധ്യമാണ്” എന്ന് ന്യൂയോർക്കിലും അതിന് വെളിയിലെ അമേരിക്കയിലും ജനത്തിന് മനസ്സിലാകുമെന്നും നീലു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
നീലു സിബിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
യുഎസിന് അകത്തും പുറത്തും വളരെ ശ്രദ്ധ പിടിച്ചുപറ്റിയ ന്യൂയോർക് സിറ്റി മേയർ ഇലക്ഷൻ കഴിഞ്ഞു, സോഹ്റാൻ മമ്ദാനി അടുത്ത വർഷം ജനുവരി ഒന്നിന് ഭരണമേറ്റെടുക്കും. അതിനുള്ള മുന്നോടിയായി തന്റെ transition ടീമും രൂപകരിച്ചു കഴിഞ്ഞു. ന്യൂയോർക്കിലെ ഡെമോക്രറ്റിക് മേയർമാരുടെയും പ്രസിഡന്റ് ജോ ബൈഡന്റെ കൂടെയും പ്രവർത്തിച്ചിട്ടുള്ള അഞ്ച് സ്ത്രീകളാണ് ഈ ടീമിനെ നയിക്കുന്നത്. ട്രംപ് ഭരണത്തിൽ വരുന്നതിന് മുൻപ് ഫെഡറൽ ട്രേഡ് കമീഷൻ നയിച്ച ലീന ഖാൻ ആണ് Team co-ചെയർ. ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ പോലുള്ള കോർപറേറ്റ് ഭീമന്മാരുടെ ബിസിനസ് monopoly പ്രവർത്തനം തടയാനും അവശ്യ മരുന്നുകളുടെ വില നിയന്ത്രണത്തിനുള്ള നിയമ നടപടികളും ഒക്കെ ലീന ഖാൻ FTC ചെയർ ആയിരുന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ്.
മമ്ദാനിയുടെ ജയത്തെ കുറിച്ച് interesting ആയ പല അഭിപ്രായങ്ങളും കണ്ടു. അത്കൊണ്ടുതന്നെ മേയർ മമ്ദാനിക്ക് വോട്ട് ചെയ്ത ഒരാളെന്ന നിലയിൽ ചില കാര്യങ്ങൾ പറയാമെന്നു കരുതി. സാധാരണ വരുമാനക്കാർ, യുവാക്കൾ, മിഡിൽ ക്ലാസ് എന്നിങ്ങനെ എല്ലാ ethnicity യിലും ഡെമോഗ്രാഫിക്കിലും പെട്ടവർ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അങ്ങേർക്ക് വോട്ട് ചെയ്ത പലർക്കും കുന്നോളമുണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളും, കുന്നിമണിയോളം എങ്കിലും നടക്കുമോ എന്നാണ് ഞാൻ നോക്കുന്നത്.
മമ്ദാനി വാഗ്ദാനം ചെയ്ത പോലെ ഫ്രീ പബ്ലിക് ബസുകൾ, സാധാരണക്കാർക്ക് താങ്ങാവുന്ന വീട്ട് വാടക, അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഫ്രീ ഡേ കെയർ, സിറ്റി നിയന്ത്രണത്തിലുള്ള പലചരക്കു കടകൾ എന്നിങ്ങനെ സാധാരണ വരുമാനക്കാർക്ക്, വർക്കിംഗ് ക്ലാസ്സിന് ജീവിതം കുറച്ചും കൂടി താങ്ങാവുന്നതാക്കുന്ന പോളിസികൾ നടപ്പാക്കാൻ പറ്റിയാൽ “വേറൊരു ലോകം സാധ്യമാണ്” എന്ന് ന്യൂയോർക്കിലും അതിന് വെളിയിലെ അമേരിക്കയിലും ജനത്തിന് മനസ്സിലാവും. നിത്യോപയോഗ സാധനങ്ങൾക്കും വീട്ട് ചിലവിനും ആരോഗ്യ ഇൻഷുറൻസിനും കൂടി കൂടി പോകുന്ന ചിലവുകൾക്ക് ഇടയിൽ നട്ടം തിരിയുന്ന മനുഷ്യർക്ക് അങ്ങനെയൊരു രാഷ്ട്രീയ ഉദാഹരണം ഇന്നത്തെ അമേരിക്കയിൽ അത്യാവശ്യമാണ്.
എന്നാൽ ഇതൊന്നും നടപ്പാക്കുന്നത് എളുപ്പമാവില്ല, ലീഗൽ വെല്ലുവിളികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്, പ്രസിഡന്റ് ട്രമ്പിന്റെ നിസ്സഹകരണവും തടസ്സങ്ങളും ഉണ്ടാവും, ന്യൂയോർക്ക് സ്റ്റേറ്റിന്റെ തടസ്സങ്ങളും ഉണ്ടാവും. Establishment democrats ആണ് മംദാനിയുടെ കൂടെ. ക്യാപിറ്റലിസത്തിന്റെ, ഇമ്പീരിയലിസത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്ന്, അതിന്റെ structural ബലഹീനതകൾക്ക് ഉള്ളിൽ നിന്നുള്ള പോളിസി മാറ്റങ്ങൾ എത്രത്തോളം പോവുമെന്ന് കണ്ടറിയണം.
അഡ്ജസ്റ്റ്മെന്റ്, പിൻവാങ്ങൽ ഒക്കെയുണ്ടാവും. എന്റെ തന്നെ നിരാശ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇങ്ങനെയല്ല സോഷ്യലിസം വരുന്നതെന്ന് വ്യക്തമാണ്. എന്നാൽ കുന്നിമണിയോളം എങ്കിലും നടന്നാൽ തന്നെ പുരോഗമന/ഇടത് രാഷ്ട്രീയത്തിന് വലിയ ഗുണം ഉണ്ടാവും. ഇതൊരു gateway ആയാണ് ഞാൻ കാണുന്നത്, ഇങ്ങനെയൊരു ജയം കുറച്ചു വർഷങ്ങൾ മുൻപ് പോലും ഊഹിക്കാൻ പറ്റില്ലായിരുന്നു എന്നാലോചിക്കുമ്പോൾ പ്രേത്യേകിച്ചും പ്രതീക്ഷ ഉണ്ട്. വംശീയതയും റേസിസവും തീവ്രദേശീയതയും യുദ്ധക്കൊതിയും അമേരിക്കയിൽ ആളിക്കത്തിക്കാൻ നോക്കുന്നവർക്കുള്ള മറുമരുന്നായി കുറച്ചു മാറ്റങ്ങൾ, സാദ്ധ്യതകൾ ഉണ്ടാവും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇപ്പോഴേ തള്ളി പറയാതെ കാത്തിരുന്നു കാണാമെന്നാണ് എന്റെയൊരിത് 😃










0 comments