Deshabhimani

ഇനിയുള്ള സമയം മാതാപിതാക്കൾക്കൊപ്പം; മൈക്രോസോഫ്റ്റ് ജോലി രാജിവച്ച് മലയാളി, പ്രശംസിച്ച് സോഷ്യൽ മീഡിയ

ms job retire
വെബ് ഡെസ്ക്

Published on Oct 12, 2026, 09:41 AM | 1 min read

വാഷിങ്ടൺ: കരിയറിൽ ഉയരങ്ങൾ കീഴടക്കുന്നതിനിടെ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാനുള്ള സമയം നഷ്ടപ്പെടുത്തരുതെന്ന് തീരുമാനിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റിലെ മുതിർന്ന എൻജിനീയറിങ് വൈസ് പ്രസിഡന്റ് കേശവൻ ഷൺമുഖം. കമ്പനിയിൽ 23 വർഷം നീണ്ട സേവനത്തിന് വിരാമമിട്ട് പ്രായമായ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.


മൈക്രോസോഫ്റ്റിലെ എക്സൽ കോപൈലറ്റ് (Excel Copilot) പദ്ധതിയിൽ പ്രവർത്തിക്കുന്നതും സഹപ്രവർത്തകർക്കൊപ്പമുള്ള ജോലിയും ഏറെ ഇഷ്ടമായിരുന്നുവെന്നും അതിനാൽ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും കേശവൻ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു. എന്നാൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടത് ഇപ്പോൾ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിരമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


“ഇങ്ങനൊരു തീരുമാനമെടുക്കാൻ സാഹചര്യമൊരുക്കിയ മൈക്രോസോഫ്റ്റിനോട് ഏറെ നന്ദിയുണ്ട്. എന്റെ യാത്ര സന്തോഷകരവും ആവേശകരവും സംതൃപ്തി നൽകുന്നതുമാക്കിയ മുൻകാലത്തെയും നിലവിലെയും സഹപ്രവർത്തകർക്കും നന്ദി,” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.


പോസ്റ്റ് പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചത്. ജോലി ഇഷ്ടപ്പെട്ടിരിക്കുമ്പോൾ അതിൽനിന്ന് പിന്മാറുക എളുപ്പമല്ലെന്നും എന്നാൽ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ ലഭിക്കുന്ന സമയം ജീവിതത്തിലെ വിലപ്പെട്ട അധ്യായമായി മാറുമെന്നും പലരും പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home