ad
Deshabhimani

'ദേശീയപാത പൂര്‍ത്തീകരിച്ചാല്‍ മുഖ്യമന്ത്രിയുടെ നേട്ടം' കെ സുരേന്ദ്രന്‍റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

K Surendran

കെ സുരേന്ദ്രന്‍റെ പഴയ കാല പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്ന ചിത്രം (ഇ‌‌ടത്) കെ സുരേന്ദ്രന്‍ (വലത്)

വെബ് ഡെസ്ക്

Published on Mar 11, 2026, 09:44 PM | 2 min read

ദേശീയപാത വികസനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി കെ സുരേന്ദ്രന്‍റെ പത്ത് വര്‍ഷം മുന്‍പുള്ള ഫേസ്ബുക്ക് പോസ്റ്റ്. ദേശീയപാത വികസനം ഏറെ വെല്ലുവിളി നേരിടുന്ന ഒന്നാണെന്നും പ്രാവര്‍ത്തികമാക്കി കാണിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്ന് അംഗീകരിക്കുമെന്ന് പറഞ്ഞ് പങ്കുവെച്ച പോസ്റ്റ് ആണ് വീണ്ടും ചര്‍ച്ചയാവുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം


'മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ (ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക പൈപ്പ്ലൈൻ പൂർത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നിൽ കേരളത്തിലെ മുസ്ലിം പൊളിറ്റിക്സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് UDF ൽ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്സിന്റെ വക്താക്കളായ SDPI, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികൾ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവർ നികത്തിയത്. ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, GAl L സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്സാണ്. ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താൽ ഈ സംഘടിത ശക്തികൾ ഇടതു പക്ഷത്തിനു നൽകുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും....'


2016 മെയ് 31 ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിവ. ഇന്ന് കേരളത്തെ മൊത്തം അപമാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത വികസനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ ആണ് സുരേന്ദ്രന്‍റെ പഴയ പോസ്റ്റ് ചര്‍ച്ചയായത്. സമ്മതിക്കാതെ തരമില്ല സുരേന്ദ്രാ എന്ന തലത്തിലാണ് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നത്.



കെ സുരേന്ദ്രന് പോസ്റ്റ് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡാറ്റ ചോര്‍ച്ച ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക്, സര്‍ക്കാരിന്‍റെ മികച്ച ഭരണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും മറുപടി ലഭിച്ചത്. ഇപ്പോള്‍ ബിജെപി നേതാവ് കെ സുരേന്ദ്രനും. പ്രതിപക്ഷ പാര്‍ടികള്‍ പോലും സര്‍ക്കാരിന്‍റെ മികച്ച ഭരണമെന്ന് അറിയാതെ പറഞ്ഞുപോവുകയാണെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു.


ദേശീയപാത വികസനത്തിന്‍റെ ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ മാറ്റി നിര്‍ത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ പരിപാടി രാജ്യത്തെ ഏതൊരു സംസ്ഥാനത്ത് നടക്കുമ്പോഴും ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും അറിയിക്കുക എന്ന പ്രോട്ടോകോള്‍ നിലനില്‍ക്കെയായിരുന്നു ഇത്തരമൊരു നടപടി. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് കെ സുരേന്ദ്രന്‍റെ പഴയ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home