പഞ്ചവത്സര പദ്ധതി തയ്യാറാക്കാൻ വിദേശ ഏജൻസി; മുഖ്യസമീപനം സ്വകാര്യവൽക്കരണം തന്നെ: തോമസ് ഐസക്

സംസ്ഥാനത്തിന്റെ പഞ്ചവത്സര പദ്ധതി രൂപീകരിക്കാൻ വിദേശ ഏജൻസികളെ അടക്കം നിയോഗിക്കാൻ ടെൻഡർ വിളിക്കുകയാണ്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിജെപി കേന്ദ്രത്തിൽ പ്ലാനിങ് കമ്മീഷനോട് ചെയ്തത്, അതാണ് നെഹ്റുവിന്റെ ശിഷ്യനെന്ന് പറയുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിൽ പ്ലാനിങ് ബോർഡിനോട് ചെയ്തുകൊണ്ടിരിക്കുന്നത്- സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് എഴുതുന്നു.
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 70 വർഷമാകുന്ന വേളയിൽ ആദ്യമായി, സംസ്ഥാനത്തിന്റെ പഞ്ചവത്സര പദ്ധതി രൂപീകരിക്കാൻ വിദേശ ഏജൻസികളെ അടക്കം നിയോഗിക്കാൻ ടെൻഡർ വിളിക്കുകയാണ്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. സാധാരണഗതിയിൽ പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇവയാണ്: ഓരോ വിഷയ മേഖലയ്ക്കും രാജ്യത്ത് ലഭ്യമായ ഏറ്റവും നല്ല വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് വർക്കിങ് ഗ്രൂപ്പുകൾക്ക് ആസൂത്രണ ബോർഡ് രൂപം നൽകും. അവർ വിശദമായി തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്ലാനിങ് ബോർഡിലെ വിവിധ ഡിവിഷനുകൾ ഡിപ്പാർട്ട്മെന്റുകളുമായി ചർച്ചചെയ്യും. അങ്ങനെ കരട് പദ്ധതി രേഖയ്ക്ക് രൂപം നൽകും. ഇത് ആസൂത്രണ ബോർഡ് പരിഗണിച്ച് അംഗീകാരം നൽകും.
എന്നാൽ, പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട പുറം ഏജൻസികളായിരിക്കും ഇനിമുതൽ വർക്കിംഗ് ഗ്രൂപ്പ് ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുക. അവരുടെ ചുമതലകൾ ഇപ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്:
കരട് നിർദേശങ്ങൾ തയ്യാറാക്കുക
നയം, പ്രോഗ്രാം, ഡാറ്റാ വിശകലനം, നിലവിലുള്ള പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും അവലോകനം
ദേശീയ-അന്തർദേശീയ തലത്തിലുള്ള ബെഞ്ച്മാർക്കിംഗും മികച്ച മാതൃകകൾ കണ്ടെത്തലും
തന്ത്രപരമായ മുൻഗണനകളും വികസന അവസരങ്ങളും തിരിച്ചറിയൽ
പ്രോഗ്രാമുകൾ, പ്രോജക്റ്റുകൾ, നിർവ്വഹണ ചട്ടക്കൂടുകൾ എന്നിവയുടെ വികസനം
വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടുകളുടെയും പ്ലാൻ രേഖകളുടെയും തയ്യാറാക്കലും അവലോകനവും
അളക്കാവുന്ന ഫലങ്ങൾ, സൂചകങ്ങൾ, നിരീക്ഷണ ചട്ടക്കൂടുകൾ എന്നിവയുടെ വികസനം.
ഇത്രയും അവർ ചെയ്യേണ്ടതാണെങ്കിൽ പിന്നെ പ്ലാനിംഗ് ബോർഡ് എന്തിനാണ്? പ്ലാനിങ് ബോർഡിൽ ഓരോ വികസന മേഖലയ്ക്കും പ്രത്യേകം പ്രത്യേകം ഡിവിഷനുകൾ ഉണ്ട്. ഇനി എന്തെങ്കിലും അഭിപ്രായം അറിയണമെങ്കിൽ വർക്കിംഗ് ഗ്രൂപ്പിലേക്ക് ഏതു വിദഗ്ധനെയും ക്ഷണിക്കാവുന്നതേയുള്ളൂ. നമ്മുടെ സർവകലാശാലകൾക്ക് പുറമെ ഒരു ഡസനിലധികം ഉന്നത വിദ്യാപീഠങ്ങളും ഇവിടെയുണ്ട്. എന്ത് ചെയ്യാൻ! സർക്കാരിന് ഇതൊന്നും പോര... വിദേശ കൺസൾട്ടൻസികൾ തന്നെ വേണം. മന്ത്രിമാരോട് ചോദിച്ചിട്ട് കാര്യമില്ല എന്ന് അറിയാം. ഏതാനും വിദഗ്ധരെ പ്ലാനിങ് ബോർഡിൽ എടുത്തിട്ടുണ്ടല്ലോ. അവരിൽ ആരെങ്കിലും ഒന്ന് വിശദീകരിച്ച് തരാമോ, എന്തിനാണ് ഈ കോപ്രായം കാണിക്കുന്നത് എന്ന്?
എന്താണോ ബിജെപി കേന്ദ്രത്തിൽ പ്ലാനിങ് കമ്മീഷനോട് ചെയ്തത്, അതാണ് നെഹ്റുവിന്റെ ശിഷ്യനെന്ന് പറയുന്ന മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിൽ പ്ലാനിങ് ബോർഡിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് നീതി ആയോഗിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ പ്ലാനിങ് ബോർഡ് സന്ദർശിച്ചിരുന്നു. നീതി ആയോഗിനെപ്പെലെ ഒരു തിങ്ക് ടാങ്ക് ആക്കി പ്ലാനിങ് ബോർഡിനെ എങ്ങനെ മാറ്റാം എന്നതായിരുന്നുവത്രേ മുഖ്യചർച്ചാ വിഷയം. ഇതുകൂടി ചേർത്ത് വായിക്കുമ്പോൾ ചിത്രം തെളിയും. അതിനിടെ, ബോർഡിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ ചില വിദഗ്ദർ തയ്യാറാക്കിയെന്നു കേൾക്കുന്നു. മുഖ്യസമീപനം സ്വകാര്യവൽക്കരണം തന്നെ. ആ രേഖ പുറത്തുവരാൻ കട്ടവെയ്റ്റിംഗ്.








0 comments