ad
Deshabhimani

മാറിമാറി ഭരിക്കുക എന്നതല്ല, പുരോഗമനപരമായ വികസനം തുടരുക എന്നതാണ് പ്രധാനം: തോമസ് ഐസക്

tm
വെബ് ഡെസ്ക്

Published on Feb 10, 2026, 10:45 AM | 3 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ സംബന്ധമായി കവി സച്ചിദാനന്ദൻ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക്. സച്ചിദാനന്ദനെ പോലുള്ള സുഹൃത്തുക്കളിൽ നിന്നുള്ള തിരുത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ മാറിമാറി ഭരിക്കുക എന്നതല്ല, പുരോഗമനപരമായ വികസനം തുടരുക എന്നതാണ് ജനാധിപത്യത്തിന്റെ അന്തഃസത്തയെന്നും തോമസ് ഐസക് പറഞ്ഞു.


ജനാധിപത്യത്തിൽ ഭരണത്തുടർച്ച പാടില്ലെന്നും മാറിമാറി ഭരിക്കണമെന്നുമുള്ള സച്ചിദാനന്ദന്റെ വാദം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള മതരാഷ്ട്രവാദികളുമായി കോൺഗ്രസ് പുലർത്തുന്ന സഖ്യം ബിജെപിക്ക് വളമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


കോളെജ് വിദ്യാഭ്യാസകാലം മുതൽ ആരാധനയോടെ മാത്രം കണ്ടിട്ടുള്ള പ്രിയപ്പെട്ട കവിയാണ് സച്ചിദാന്ദൻ. 1970-കളുടെ ആദ്യം KGS-ന്റെയും സച്ചിദാന്ദന്റെയും മറ്റും വീടുകളിൽ പലവട്ടം പോയിട്ടുണ്ട്. കേവലം കവികൾ മാത്രമല്ല, ശ്രദ്ധേയരായ സാമൂഹിക നിരീക്ഷകർ കൂടിയാണ് ഇവരെപ്പോലുള്ളവർ. ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ സച്ചിദാന്ദന്റെ പ്രസ്താവന വായിച്ചപ്പോൾ അദ്ദേഹം ഇത്ര ശുദ്ധാത്മാവാണോയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചാൽ പിന്നെ തിരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ. രണ്ടു മുന്നണികളും മാറി മാറി ഭരിച്ചുകൊണ്ടിരുന്നാൽ പോരേ? പക്ഷേ, അതാണോ ജനാധിപത്യം?

ആസന്നമായിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നിൽ ഉയരുന്ന കാതലായ മൂന്ന് ചോദ്യങ്ങളുണ്ട്. അതാണ് നമ്മൾ ചർച്ച ചെയ്യേണ്ടുന്ന വിഷയങ്ങൾ.

1. കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ജനങ്ങളുടെ ക്ഷേമത്തിൽ അഭൂതപൂർവ്വമായ വർധനവുണ്ടായി. സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ ഓരോ മേഖലയിലും ഇത് പ്രകടമാണ്. തർക്കമുണ്ടെങ്കിൽ കണക്കുകൾ വച്ച് തർക്കിക്കണം.

അതേസമയം, ഏതാണ്ട് 2 ലക്ഷം കോടി രൂപയുടെ പശ്ചാത്തല സൗകര്യ നിർമ്മാണമാണ് കിഫ്‌ബി നേരിട്ടോ, അല്ലെങ്കിൽ ലീവറേജ്‌ ചെയ്തോ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങളുടെയും അടിസ്ഥാനത്തിൽ വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിലാണ് കേരളം.

നമ്മുടെ സംസ്ഥാന ചരിത്രത്തിലും ഇത്തരമൊരു വികസന തന്ത്രം ആദ്യമായിട്ടാണ്. അതിലേറെ വിസ്മയകരമായ കാര്യം ഇത്രയേറെ ഭീമമായ പണം ചെലവഴിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല. ഇത്തരമൊരു വികസനം തുടരണമോ? വെറും വിജ്ഞാന സമ്പദ്ഘടന അല്ല വിജ്ഞാന സമൂഹമാണ് നമ്മുടെ ലക്ഷ്യം. ഞങ്ങൾ അനുവർത്തിക്കുന്ന വികസനതന്ത്രം തള്ളിപ്പറയുന്ന യുഡിഎഫിന് ഇതുവരെ ബദലായി ഒന്നും ഉയർത്താൻ കഴിഞ്ഞിട്ടില്ല. ഇതല്ലേ ചർച്ച ചെയ്യേണ്ടത്?

രണ്ടുമാസം മുൻപ് Monthly Review Press കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിനെക്കുറിച്ച് എന്റെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് ഭരണത്തുടർച്ചയില്ലാതെ പോയതിന്റെ ഭാഗമായി ഭാവി കേരളത്തിന് എന്തെല്ലാം നഷ്ട്ടങ്ങൾ സഹിക്കേണ്ടിവന്നു എന്നതിനെ സംബന്ധിച്ചാണ് അവസാന രണ്ട് അധ്യായങ്ങൾ. സാക്ഷരതയ്ക്ക് തുടർച്ചയില്ലാതെ പോയത്.. ജില്ലാപഞ്ചായത്തുകൾ അട്ടിമറിക്കപ്പെട്ടത്.. അങ്ങിനെ എന്തെല്ലാം അനുഭവങ്ങൾ? ഇത്തരം ഒരു ചരിത്രം ആവർത്തിക്കണമോ എന്നതാണ് മലയാളിയുടെ മുന്നിലുള്ള ചോദ്യം.

2. ഇന്ത്യ മുന്നണി മാത്രം പോരാ, ഇടതുപക്ഷവും ശക്തമായി ഇവിടെ ഉണ്ടാവണം. കാരണം കോൺഗ്രസിന്റെ അടക്കം നിയോലിബറൽ അജണ്ടയ്ക്ക് ബദൽ ഉയർത്തുന്ന ഏക രാഷ്ട്രീയ ശക്തി ഇടതുപക്ഷമാണ്. പല കാരണങ്ങൾ കൊണ്ടും ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ട്ടപ്പെട്ടു. സച്ചിദാനന്ദന്റെയും എന്റെയും എല്ലാം ജീവിതകാലത്തുതന്നെ അവിടെ തിരിച്ചുവരവും ഉണ്ടാവും. അതിനു മർമ്മ പ്രധാനമാണ് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ തുടർച്ച. ഇതാണ് പുരോഗമന ശക്തികളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വരാൻ പോവുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി നിർദ്ദേശം വെച്ചപ്പോഴും അതിന്റെ മൂർത്തമായ രൂപം സംസ്ഥാന അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുമെന്ന് സഖാവ് സീതാറാം യെച്ചൂരി തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബിജെപിയെ അധികാര ഭ്രഷ്ടമാക്കുവാനുള്ള എല്ലാവിധ യോജിച്ച പ്രക്ഷോഭങ്ങളിലും പങ്കാളികളാവുമ്പോഴും ഇന്ന് ഒരു ഇടതുപക്ഷ ബദൽ കേരളത്തിൽ ഉയർന്നു നിൽക്കേണ്ടത് അഖിലേന്ത്യ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്തേ ഇത് സച്ചിദാനന്ദനെ പോലുള്ളവർ തിരിച്ചറിയാതെ പോവുന്നത്?

3. സിപിഐ(എം)ന്റെ ഇന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും അടവുകളുടെയും ഒരു കേന്ദ്രബിന്ദു ന്യൂനപക്ഷ അവകാശ സംരക്ഷണം തന്നെയാണ്. ഇതിനെക്കുറിച്ച് സംശയം ഉണ്ടെങ്കിൽ ആർഎസ്എസ് കൊലചെയ്ത ഞങ്ങളുടെ സഖാക്കളേ മാത്രം ഒന്ന് ഓർത്താൽ മതി. 2004-ൽ കേരളത്തിലെ 20-ൽ 18 ലോകസഭാ സീറ്റുകളിലും യുഡിഎഫിനെ തോൽപ്പിച്ചു ഡൽഹിയിൽ പോയ ഞങ്ങൾ ബിജെപിയെ ഒഴിവാക്കാൻ നിരുപാധികമായി കോൺഗ്രസ് സർക്കാരിനെ പിന്താങ്ങിയ ചരിത്രമാണ് ഉള്ളത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന കാര്യത്തിന് ഇതിലേറെ തെളിവ് വേണോ?

അന്നത്തെ കാലത്തെ അപേക്ഷിച്ച് ഹിന്ദുത്വ വർഗ്ഗീയ ശക്തികൾ കേരളത്തിൽ വളർന്നിരിക്കുന്നു. ഇസ്ലാം മതരാഷ്ട്രവാദക്കാരായ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യം ആശയ പ്രചാരണത്തിന് ഹിന്ദു മതരാഷ്ട്രവാദികൾക്ക് ഒരു പ്രധാന ആയുധമാണ്. ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ ഏതെങ്കിലും കാലത്ത് അവരുടെ മതരാഷ്ട്രം സ്ഥാപിക്കാൻ എന്തെങ്കിലും സാധ്യത ഉള്ളതായി കരുതുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പ്രവർത്തനം ഹിന്ദുത്വ ശക്തികൾക്ക് ശക്തിപകരുന്നു എന്നുള്ളതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്നത്.

കോൺഗ്രസ് ആവട്ടെ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലാണ്. അതോടൊപ്പം ആവശ്യാനുസരണം കോ-ലീ-ബി സഖ്യമുണ്ടാക്കാൻ അവർക്കൊരു മടിയും ഇല്ല. മറ്റത്തൂർ അടക്കം എത്രയോ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇത്തവണയും നമ്മുക്ക് ഇതേ അനുഭവമുണ്ട്.

കേരളത്തിലെ ബിജെപിയെ മൂലയ്ക്കിരുത്തുവാൻ കോ-ലീ-ബിക്കാർക്ക് കഴിയില്ല. ഇടതുപക്ഷത്തിനു മാത്രമേ കഴിയു. കഴിഞ്ഞ 10 വർഷ കാലത്തിനിടയിൽ ഒരൊറ്റ വർഗ്ഗീയലഹള പോലും ഇല്ലാത്ത റെക്കോർഡ് കേരളം ഇനിയും നിലനിർത്തും.

ദീർഘിപ്പിക്കുന്നില്ല, നമ്മൾ ചർച്ച ചെയ്യേണ്ട വിഷയം ഇവയൊക്കെയാണ്. അല്ലാതെ മാറിമാറി ഭരിക്കുന്നതിനെക്കുറിച്ചല്ല. പാർടി സെക്രട്ടറി ഗോവിന്ദൻ മാഷ് അഭിപ്രായപ്പെട്ടതുപോലെ, സച്ചിദാനന്ദന്റെ തുടർഭരണ തിസീസ് ഞങ്ങൾ തള്ളിക്കളയുമ്പോഴും, തുടർഭരണം സൃഷ്ട്ടിക്കാൻ സാധ്യതയുള്ള അപചയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജാഗ്രതപ്പെടുത്തൽ ഞങ്ങൾക്ക് സ്വീകാര്യമാണ്. ആ നിലയിൽ ഇടതുപക്ഷ സുഹൃത്തുക്കളിൽ നിന്നുള്ള വിമർശനങ്ങൾ തുറന്ന മനസോടെ കാണാനും ആവശ്യമായ തിരുത്തലുകൾ വരുത്തുവാനും ഇടതുപക്ഷം എന്നും തയ്യാറായിരിക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home