"ബഹുമുഖനായ സർഗപ്രതിഭ, മതനിരപേക്ഷതയുടെ ശക്തനായ വക്താവ്"; ഉലകനായകന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കമൽ ഹാസനൊപ്പം പിണറായി വിജയൻ
തിരുവനന്തപുരം: 71-ാം പിറന്നാൾ ആഘോഷിക്കുന്ന ഉലകനായകൻ കമൽ ഹാസന് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബഹുമുഖനായ സർഗപ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് കമൽ ഹാസന്റേതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് അദ്ദേഹം. പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും പകരുന്നുവെന്നും മുഖ്യമന്ത്രി ആശംസാകുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
പ്രിയ സുഹൃത്തും ഇന്ത്യൻ സിനിമയിലെ അതികായന്മാരിൽ ഒരാളുമായ കമൽ ഹാസന് ജന്മദിനാശംസകൾ. ബഹുമുഖനായ സർഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിർമ്മാണ രംഗത്ത് കമൽ ഹാസൻ തിളങ്ങാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം.
മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് അദ്ദേഹം. പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും പകരുന്നു. കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്. ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ സർഗ്ഗ ജീവിതത്തിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു. വൈവിധ്യമാർന്ന നൈസർഗ്ഗിക ഇടപെടലുകളുമായി നമ്മെയെല്ലാം ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.










0 comments