'ചീമേനി... കോൺഗ്രസുകാർ നടത്തിയ പൈശാചികമായ കൂട്ടക്കൊല'

കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, സി കോരൻ, ആലവളപ്പിൽ അമ്പു, എം കോരൻ
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തവണ ചീമേനി രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. ആധുനിക നവകേരള സൃഷ്ടിക്കായുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് ചീമേനി രക്തസാക്ഷികളുടെ സ്മരണ നമുക്ക് കരുത്തുപകരും- സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയാണ് ചീമേനി കൂട്ടക്കൊല. അന്ന് അരങ്ങേറിയ ആ കൊടുംക്രൂരത ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള അടങ്ങാത്ത നശീകരണ ചിന്തയുടെ ഭാഗമാണ്. അതേ ശക്തികൾ ഇന്നും അത്തരം ശ്രമങ്ങൾ തുടരുന്നു. വെട്ടിപ്പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്.
സമാധനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന കോൺഗ്രസുകാർ നടത്തിയ പൈശാചികമായ കൂട്ടക്കൊലയിൽ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ ധീരസഖാക്കളുടെ ജീവനുകളാണ് പൊലിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനയോഗം ചേരുമ്പോഴാണ് ചീമേനിയിലെ പാർടി ഓഫീസിൽ ആയുധധാരികളായ ഒരു കൂട്ടം കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്. ഓഫീസിനുള്ളിൽ തീയിട്ടു കൊണ്ട് ജീവൻ രക്ഷാർത്ഥം പുറത്തേക്ക് ഓടുന്നവരെ ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു കോൺഗ്രസ് പദ്ധതി. അതിക്രൂരമായ ആ പദ്ധതി അവർ ചീമേനിയിൽ നടപ്പിലാക്കി.
സ്ഥലം സന്ദർശിച്ച സഖാവ് ഇ എം എസ് ജാലിയൻ വാലാബാഗിന് സമാനമായ ക്രൂരതയായി ചീമേനിയെ കണ്ടു. സമാധാനത്തിന്റെ ഖദർധാരികളെന്ന് മേനി ചമയുന്ന കോൺഗ്രസിന്റെ യഥാർത്ഥ ഹിംസാ മുഖം വെളിപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന കോൺഗ്രസിന്റെ മാപ്പില്ലാത്ത ക്രൂരതയാണ് ചീമേനി. ചീമേനി കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. പോരാടി ഇതുവരെയെത്തിയ വഴികൾ എത്രമാത്രം ദുഷ്കരമായിരുന്നെന്ന യാഥാർത്ഥ്യം ഇനിയും മുന്നേറാനുള്ള ഊർജ്ജവും ധൈര്യവും പകരും. ചീമേനിയിലുൾപ്പെടെ നിർഭയരായ എണ്ണമറ്റ സഖാക്കളുടെ ത്യാഗങ്ങളിലും രക്തസാക്ഷിത്വങ്ങളിലുമാണ് ഈ പാർട്ടിയുടെ അടിത്തറ പടുത്തതെന്ന സത്യം ചീമേനി രക്തസാക്ഷി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. നിസ്വാർത്ഥതയോടെ ലോകനന്മയ്ക്കായി പ്രയത്നിക്കാൻ ആ സ്മരണകൾ നമുക്കു പ്രചോദനമാകട്ടെ.
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തവണ ചീമേനി രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. ആധുനിക നവകേരള സൃഷ്ടിക്കായുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് ചീമേനി രക്തസാക്ഷികളുടെ സ്മരണ നമുക്ക് കരുത്തുപകരും. അനശ്വരരക്തസാക്ഷികളുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.










0 comments