ഇലക്ട്രിക് യൂണിസൈക്കിളിൽ യാത്ര; യുവാവിനെ തടഞ്ഞുനിർത്തി ട്രാഫിക് പൊലീസ്, 'ഒന്ന് ട്രൈ ചെയ്യണം'

യുവാവ് പങ്കുവച്ച ദൃശ്യത്തില്‍ നിന്ന്
ബംഗളൂരു: റോഡിലൂടെ ഒറ്റച്ചക്രമുള്ള ഇലക്ട്രിക് വണ്ടിയിൽ (യൂണ്സൈക്കിൾ) പോയ യാത്രക്കാരനെ തടഞ്ഞുനിർത്തി ട്രാഫിക് പൊലീസ്. പിഴയടപ്പിക്കാനോ ചോദ്യം ചെയ്യാനോ ആയിരുന്നില്ല ഈ തടഞ്ഞുനിർത്തൽ, വണ്ടിയെക്കുറിച്ചുള്ള കൗതുകം കൊണ്ടായിരുന്നു. ഒടുവിൽ വണ്ടിയിൽ കയറി വണ്ടി ഒന്ന് 'ട്രൈ' ചെയ്തുനോക്കിയാണ് പൊലീസുകാരൻ മടങ്ങിയത്. ബംഗളൂരു സ്വദേശിയായ ജെറോം ആനന്ദ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജെറോമിനെ ട്രാഫിക് പൊലീസ് കൈകാണിച്ച് നിർത്തുന്നത്. ഇലക്ട്രിക് യൂണിസൈക്കിൾ (EUC) എന്ന ഒറ്റച്ചക്ര വാഹനത്തിലാണ് ജെറോമിന്റെ യാത്ര. ദിവസവും വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള 25 കിലോമീറ്റർ ദൂരവും ഇതേ വാഹനത്തിലാണ് ഇയാൾ സഞ്ചരിക്കുന്നത്. പൊലീസ് കൈകാണിച്ചപ്പോൾ നിയമലംഘനത്തിന് എന്തെങ്കിലും പിഴ ഈടാക്കാനാണെന്നാണ് ആദ്യം കരുതിയതെന്ന് ജെറോം പറയുന്നു.
"ഹായ്, ഓഫീസ് സമയം കഴിഞ്ഞതിന് ശേഷം എന്റെ പതിവ് യാത്ര പോലെ ഇയുസിയിൽ (EUC) ഞാൻ വീട്ടിലേക്ക് തിരിച്ചു. വീട് ഏകദേശം 25 കിലോമീറ്റർ ദൂരെയാണ്. അതുകൊണ്ട് ഈ ഒറ്റച്ചക്ര വണ്ടിയാണ് ദിവസേനയുള്ള എന്റെ യാത്രാ വാഹനം. ബെംഗളൂരു ട്രാഫിക്കിലൂടെയുള്ള യാത്ര ഒരു വലിയ സാഹസികത തന്നെയാണ്. പെട്ടെന്നാണ് ട്രാഫിക് പൊലീസ് എന്നെ തടഞ്ഞുനിർത്തിയത്. ആദ്യം ഞാൻ കരുതിയത് അവർക്ക് എന്തെങ്കിലും എതിർപ്പുണ്ടാകുമെന്നാണ്. എന്നാൽ അവർക്ക് വലിയ കൗതുകമായിരുന്നു."
പെട്രോൾ അടിക്കേണ്ടതില്ലെന്നും പാർക്കിങ് പ്രശ്നങ്ങളില്ലെന്നും ബംഗളൂരുവിലെ വൻ ഗതാഗതക്കുരുക്കിൽ വളരെ എളുപ്പത്തിൽ പോകാൻ കഴിയുമെന്നും ജെറോം പൊലീസുകാരന് വിശദീകരിച്ചു നൽകി. കേട്ടുകേൾവി മാത്രമുള്ള വാഹനം നേരിട്ട് കണ്ടതോടെ പൊലീസുകാരനും ആവേശം കയറി. വണ്ടിയിൽ കയറി സ്വയം ഓടിക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു.
"ഇതൊരു ഇലക്ട്രിക് യൂണിസൈക്കിൾ ആണെന്നും ബംഗളൂരുവിൽ മിക്കയിടത്തും ഇതിലാണ് പോകുന്നതെന്നും ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു. വളരെ സന്തോഷത്തോടെ ഞാൻ പുള്ളിയോട് പറഞ്ഞു, 'പെട്രോൾ അടിക്കേണ്ട ടെൻഷനില്ല, പാർക്കിങ് പ്രശ്നങ്ങളില്ല, ട്രാഫിക്കും വളരെ എളുപ്പത്തിൽ മറികടക്കാം.' ഞാൻ ഇത് വെച്ച് ഒരുപാട് ദൂരം യാത്ര ചെയ്യാറുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടുപോയി."
പിന്നീട് ട്രാഫിക് പൊലീസ് വാഹനം ഒന്നു ഓടിച്ചു നോക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെക്കുറിച്ച് ജെറോം കൂട്ടിച്ചേർത്തു:
"ആദ്യമായിട്ടായിരുന്നിട്ടും പുള്ളി അത് വളരെ നന്നായി കൈകാര്യം ചെയ്തു. മോശമേയല്ല! എന്ന് പറഞ്ഞു. ശരിക്കും അദ്ദേഹത്തിന്റെ ആ ആവേശം കണ്ടപ്പോൾ എന്റെ സന്തോഷം ഇരട്ടിയായി. ഇയുസി എന്നത് വെറുമൊരു യാത്ര മാത്രമല്ല, പോകുന്നിടത്തെല്ലാം ആളുകളുമായി സംസാരിക്കാൻ ഇതൊരു മികച്ച കാരണമാകും. ഞാൻ പോകുന്നിടത്തെല്ലാം ആളുകൾക്ക് ഇതിനെക്കുറിച്ച് അറിയാൻ വലിയ കൗതുകമാണ്. ഒരുപക്ഷേ ഭാവിയിൽ ബംഗളൂരു ട്രാഫിക് പൊലീസ് ഈ വണ്ടിയിലായിരിക്കും റോഡിൽ പട്രോളിങ് നടത്തുക! ആർക്കറിയാം"
വാഹനം ബാലൻസ് ചെയ്ത് പൊലീസുകാരൻ മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി കഴിഞ്ഞു.










0 comments