മുഖ്യമന്ത്രിയുടെ പരിചയക്കാർ മുഖമില്ലാത്ത അധോലോക നായകരോ: എ എ റഹിം

തിരുവനന്തപുരം: സ്പോൺസർമാരെയും പരിചയക്കാരെയും കുറിച്ചുള്ള ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്നു മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി എ എ റഹിം എംപി. മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോൺസർമാരും മുഖമില്ലാത്ത അധോലോക നായകന്മാരാണോ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്ര ആരെക്കാണാനായിരുന്നു എന്ന ചോദ്യത്തോട് ഒരു ഇൻവെസ്റ്ററെ കാണാനായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ആ ഇൻവെസ്റ്റർ ആരാണെന്ന് ഇന്നുവരെ മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
മലപ്പുറത്തേക്ക് പോയ ചാർട്ടേർഡ് വിമാനം ആരുടേതാണെന്ന് വെളിപ്പെടുത്താൻ മനസില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പുറത്തു പറയാൻ പറ്റാത്ത സുഹൃത്തുക്കളും, സുതാര്യമല്ലാത്ത ദുരൂഹ യാത്രകളും നടത്താനുള്ള സൗകര്യമല്ല ഭരണഘടനപദവി എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോൺസർമാരും മുഖമില്ലാത്ത അധോലോക നായകരോ?
അന്നൊരിക്കൽ കൊച്ചിയിലേക്ക് ഒരു ഹെലിക്കോപ്റ്റർ യാത്ര. അമ്മായിയപ്പനെ കാണാൻ പോയതല്ല, ഒരു 'ഇൻവെസ്റ്റർ ഗ്രൂപ്പിനെ' കാണാൻ പോയതാണെന്ന് മുഖ്യമന്ത്രി.
ആരാണ് ആ ഇൻവെസ്റ്റർ ഗ്രൂപ്പ്??
ഇന്ന് വരെ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
ഇപ്പോൾ ഇതാ ചാർട്ടേഡ് വിമാനത്തിൽ ഒരു മലപ്പുറം യാത്ര!
അത് ഒരു 'പരിചയക്കാരന്റെ' വിമാനമാണെന്ന് ഇന്ന് മറുപടി. ആരാണ് ആ 'പരിചയക്കാരൻ' എന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും "വെളിപ്പെടുത്താൻ മനസ്സില്ല" എന്ന ദുരൂഹമായ നിലപാട്!
പുറത്തു പറയാൻ പറ്റാത്ത സുഹൃത്തുക്കളും, സുതാര്യമല്ലാത്ത ദുരൂഹ യാത്രകളും നടത്താനുള്ള സൗകര്യമല്ല ഈ ഭരണഘടനാ പദവി.
അന്ന്,
സെൻട്രൽ സ്റ്റേഡിയത്തിൽ “വടശേരി ദാമോദര മേനോൻ സതീശൻ” എന്ന താങ്കൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത് അജ്ഞാത സ്പോൺസർമാരുടെയും,ദുരൂഹ പരിചയക്കാരുടെയും ചെലവിൽ ഭരിക്കാനല്ല.
അതൊക്കെ മറച്ചു വയ്ക്കാമെന്നും,അധോലോകക്കാർക്ക് വിധേയപ്പെട്ട് ഭരണം നടത്താമെന്നും അന്ന് ചൊല്ലിയ ആ സത്യപ്രതിജ്ഞയിൽ ഉണ്ടായിരുന്നുമില്ല!!!








0 comments