Deshabhimani

print edition ഗ്രാമം വളർത്തിയ സിനിമക്കാരൻ

film

ഷഹദും നടൻ വിജയകൃഷ്ണനും

avatar
വി എസ് വിഷ്ണുപ്രസാദ്

Published on Sep 27, 2026, 12:00 AM | 2 min read

മലയാളികൾ ഇഷ്‌ടപ്പെട്ട മൂന്നു സിനിമകൾ, അതിലൊരെണ്ണം ഇ‍ൗ വർഷത്തെ ഹിറ്റ്‌. കേരളത്തോളം വളർന്നിട്ടും ഷഹദിന്‌ കുളിരേകുന്നൊരു തണലുണ്ട്‌. ‘നിലന്പൂർ’ എന്ന സ്വന്തം നാടൊരുക്കിയ തണൽ. തന്റെ മൂന്നാംസിനിമയായ ‘പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ’ പ്രേക്ഷകപ്രീതിയാൽ നിറഞ്ഞോടുന്പോഴും ജീവിതകഥ നിലന്പൂരിൽനിന്ന്‌ തുടങ്ങുന്നതാണ്‌ ഷഹദിന്‌ പ്രിയം.

​

മജീദിക്കയുടെ രണ്ടായിരം രൂപ

​

എന്റെ വാപ്പ കുഞ്ഞിമുഹമ്മദ് പ്രവാസിയായിരുന്നു. യാഥാസ്ഥിതിക കുടുംബത്തിൽനിന്ന്‌ ഞാൻ സിനിമയിലേക്കെത്തിയത്‌ നാടിന്റെ നന്മകൊണ്ടാണ്‌. തുടക്കം നാടകാഭിനയവും സ്‌ക്രിപ്‌റ്റ്‌ എഴുത്തുമൊക്കെയായിരുന്നു. പത്താംക്ലാസിലെത്തിയപ്പോൾ ആദ്യ ഷോർട്‌ ഫിലിം ചെയ്‌തു. പ്ലസ്‌വണ്ണിന്‌ പഠിക്കുന്പോൾ മലപ്പുറത്തെ പ്രതിനിധാനം ചെയ്‌ത്‌ സർക്കാരിന്റെ ബാലചലച്ചിത്രോത്സവത്തിൽ പങ്കെടുത്തു. അതിലൂടെ സിനിമയെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാനായി. അയൽവാസിയായ മജീദിക്ക നൽകിയ രണ്ടായിരം രൂപ ഉപയോഗിച്ച്‌ ‘മൊട്ട’ എന്ന ഷോർട്‌ ഫിലിം നിർമിച്ചു.

​

നാട്ടിലെ പയ്യൻ സിനിമക്കാരനാകുന്നു

​

നാട്ടിലെ പയ്യൻ ഷോർട്‌ ഫിലിം ചെയ്‌തപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. അടുത്തതിനായി നാട്ടുകാർ പണംപിരിച്ചുതന്നു. എന്റെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ ഒരുഗ്രാമം മുഴുവൻ കൂടെവന്നപോലെ. അവർ നൽകിയ പണംകൊണ്ട്‌ ‘വില്ലേജ്‌ ഷെയ്‌ഡ്‌സ്‌’ എന്നൊരു പ്രൊഡക്ഷൻ ഹ‍ൗസ്‌ തുടങ്ങി. എന്റെ ഗ്രാമം എനിക്കുതന്ന തണലിനെക്കുറിച്ച്‌ ഓർത്താണ്‌ ആ പേരിട്ടത്‌. നാട്ടുകാരുടെ സംഭാവനകൾ ഉപയോഗിച്ച്‌ ഞങ്ങൾ ഷോർട്‌ ഫിലിംസ്‌ ചെയ്‌തുകൊണ്ടേയിരുന്നു. ആദ്യം തമാശയെന്ന്‌ കരുതിയതെല്ലാം പിന്നീട്‌ സിരീയസാകുകയായിരുന്നു.

​

വിശ്വപ്രഭ ലൈബ്രറിയും വല്യുപ്പയും

​

വാപ്പയുടെ പിതാവ്‌ കഥകൾ പറഞ്ഞുതരുമായിരുന്നു. അദ്ദേഹമാണ്‌ എന്നെ നാട്ടിലെ ‘വിശ്വപ്രഭ ലൈബ്രറി’യിൽ കൊണ്ടുപോയത്‌. അവിടെനിന്നാണ്‌ വായനയുടെ ലോകത്തേക്ക്‌ കടക്കുന്നത്‌. പുതിയ കഥകൾ മനസ്സിലേക്ക്‌ കടന്നുവരാനുള്ള അറിവ്‌ നൽകിയത്‌ വല്യുപ്പയും വിശ്വപ്രഭ ലൈബ്രറിയുമാണ്‌.

​

18–ാം വയസ്സിൽ കൊച്ചിയിലേക്ക്‌

​

നാട്ടിൽനിന്ന്‌ അക്കാലത്ത്‌ അറിയപ്പെടുന്ന സിനിമക്കാരൻ വിജയകൃഷ്‌ണേട്ടൻ (അത്ഭുതദ്വീപ്‌ ഫെയിം) ആയിരുന്നു. പഠനം പൂർത്തിയാക്കിയശേഷം വിജയകൃഷ്‌ണേട്ടനൊപ്പം കൊച്ചിയിലേക്ക്‌ വണ്ടികയറി. 18 വയസ്സുള്ളപ്പോൾ ആറ്‌ ഷോർട്‌ ഫിലിം ചെയ്തതിന്റെയും സ്വന്തമായി തയ്യാറാക്കിയ സ്‌ക്രിപ്‌റ്റും കൈയിലുള്ള ധൈര്യത്തിലായിരുന്നു അത്‌.

​

പ്രകാശനും അനുരാഗവും

​

കൊച്ചിയിൽ വർഷങ്ങളോളം അലഞ്ഞുനടന്ന്‌ നിരവധി സിനിമകളിൽ സഹസംവിധായകനായി. പിന്നീട്‌ ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ‘പ്രകാശൻ പറക്കട്ടേ’ എന്ന സിനിമയിലൂടെ സംവിധായകനായി. അത്‌ റിലീസ്‌ ആകുന്നതിനുമുന്പുതന്നെ ‘അനുരാഗം’ എന്ന രണ്ടാമത്തെ സിനിമ. രണ്ടും സാന്പത്തികവിജയം നേടിയെങ്കിലും എന്നിലെ സിനിമാമോഹിക്ക്‌ സംതൃപ്‌തി ലഭിച്ചിരുന്നില്ല. വീഴ്‌ചകൾ വിലയിരുത്തി മൂന്നാമത്തെ സിനിമയിലേക്ക്‌ കടന്നു. എന്നെപ്പോലെ ഒരുപാടുപേർ സിനിമയിലേക്കുവന്നിട്ടുണ്ട്‌. പലരും പരാജയപ്പെട്ടിട്ടുണ്ട്‌. ചിലർ വിജയിച്ചു. മൂന്നാമത്‌ ഒരു ശ്രമംകൂടി നടത്തിനോക്കാം എന്ന ചിന്തയാണ്‌ ഇ‍ൗ സിനിമയുടെ വിജയം.

​

കാത്തിരുന്ന മൂന്നുവർഷം

​

ആദ്യചിത്രമായ പ്രകാശൻ പറക്കട്ടേ എന്ന സിനിമയോടൊപ്പം റിലീസ്‌ ചെയ്‌ത ഹെവൻ എന്ന സിനിമയുടെ സ്‌ക്രിപ്‌റ്റ്‌ എഴുതിയ പി എസ്‌ സുബ്രഹ്മണ്യനാണ്‌ പ്രഥമദൃഷ്‌ട്യാകുറ്റക്കാരും എഴുതിയത്‌. സർക്കിൾ ഇൻസ്‌പെക്ടറായ അദ്ദേഹം സുഹൃത്തും പതിവായി കഥകൾ പറയുന്നയാളുമായിരുന്നു. അദ്ദേഹവും വിജേഷ്‌ തോട്ടുങ്ങലും ചേർന്ന്‌ എഴുതിയതാണ്‌ ഇ‍ൗ സ്‌ക്രിപ്‌റ്റ്‌. വിജേഷ്‌ തോട്ടുങ്ങലിനെ കണ്ടിട്ടില്ല. കിഡ്‌നിരോഗം ബാധിച്ച്‌ അദ്ദേഹം നേരത്തേ മരിച്ചു. ഇ‍ൗ സിനിമയുടെ വിജയത്തിൽ അദ്ദേഹത്തിന്റെ കഷ്‌ടപ്പാടുമുണ്ട്‌ എന്നത്‌ എന്നും സ്‌നേഹത്തോടെ ഓർക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home