Deshabhimani

print edition നിർമാണം ജൂബിലി പ്രൊഡക്ഷൻസ്

jubili productions

ജോയ്‌ തോമസ് |ഫോട്ടോ: കെ എസ്‌ ആനന്ദ്‌

avatar
മുഹമ്മദ്‌ ഹാഷിം

Published on Sep 27, 2026, 12:00 AM | 4 min read

മമ്മൂട്ടിയെ മെഗാസ്റ്റാറാക്കിയ ന്യൂഡൽഹിയുടെ പിറവിക്കുപിന്നിൽ വലിയൊരു കഥയുണ്ട്‌. സംവിധായകൻ ജോഷിയും തിരക്കഥാകൃത്ത്‌ ഡെന്നീസ് ജോസഫും ജൂബിലി പ്രൊഡക്ഷൻസ്‌ ഉടമ ജോയ്‌ തോമസും ചേർന്നൊരുക്കിയ സൂപ്പർഹിറ്റ്‌. ഡൽഹി പശ്ചാത്തലമായ ആദ്യ മലയാളസിനിമ. 75 വയസ്സ്‌ പിന്നിട്ട്‌ ഇന്ത്യൻ സിനിമയിലെ ബിഗ്‌ ബ്രദറായി മമ്മൂട്ടി മാറിയപ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ സൂപ്പർ ഹിറ്റായ ‘ന്യൂഡൽഹി’യുടെ നിർമാതാവിന്‌ പറയാനേറെയുണ്ട്‌. മമ്മൂട്ടിയുടെ സിനിമകൾക്ക്‌ തുടർച്ചയായ പരാജയങ്ങൾ വന്ന സാഹചര്യത്തിലാണ്‌ ധൈര്യപൂർവം രണ്ട്‌ സിനിമകൾക്കുവേണ്ട പണം മുടക്കി ന്യൂഡൽഹി നിർമിച്ചത്‌. മലയാളസിനിമാചരിത്രത്തിൽ അതിഗംഭീരമായ തിരിച്ചുവരവാണ്‌ ‘ന്യൂഡൽഹി'യിലൂടെ മമ്മൂട്ടി നടത്തിയത്‌. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്‌. എനിക്ക്‌ മമ്മൂട്ടിയെ ഉപേക്ഷിക്കാനാകില്ലായിരുന്നു. അങ്ങനെയാണ്‌ ന്യൂഡൽഹി പിറന്നത്‌.

​

മലയാളത്തിലെ ബോളിവുഡ്‌ സിനിമ

​

അന്നത്തെ നിലയിൽ സിനിമയെടുക്കാൻ 15–16 ലക്ഷം മതിയായിരുന്നു. ന്യൂഡൽഹിക്ക്‌ 30 ലക്ഷം ചെലവായി. സമയത്ത്‌ റിലീസ്‌ ചെയ്യാൻ സാധിച്ചില്ല. സെൻസർ ബോർഡ്‌ റിവൈസിങ്‌ കമ്മിറ്റി വച്ചു. വയലൻസ്‌ ഉണ്ടെന്നായിരുന്നു വാദം. പി ഭാസ്‌കരൻ മാഷ്‌ കമ്മിറ്റിയിലുണ്ടായിരുന്നു. സിനിമ കണ്ട അദ്ദേഹം ആവേശംകൊണ്ടു. ചെന്നൈയിൽ പ്രിവ്യൂഷോ കണ്ട്‌ ടി ദാമോദരൻ പറഞ്ഞു. ‘നിനക്ക്‌ അഭിമാനിക്കാം, ബോളിവുഡ്‌ നിലയിലാണ്‌ സിനിമ എടുത്തത്‌’. തമിഴ്‌നാട്ടിൽ റിലീസ്‌ ചെയ്‌തു. രജനികാന്തിന്റെ പടംപോലെ മമ്മൂട്ടിയുടെ കട്ട‍ൗട്ടൊക്കെ വച്ചാണ്‌ റിലീസ്‌ ചെയ്‌തത്‌. സഫയർ തിയറ്ററിൽ 100 ദിവസത്തിലധികം ഓടി. കേരളത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും റിലീസിലാണ്‌ പടം അടിച്ചുകയറിയത്‌. ചെന്നൈയിൽ ഇന്ത്യൻ സിനിമയുടെ 100 വർഷം ആഘോഷിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന ജയലളിത എന്നെ ആദരിച്ചു.

​

ഫ്രീയായി അഭിനയിക്കാമെന്ന്‌ രജനികാന്ത്‌

​

ന്യൂഡൽഹി രജനികാന്ത്‌ ഹിന്ദിയിൽ ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. താങ്ങാനാകില്ലെന്ന്‌ പറഞ്ഞപ്പോൾ ഫ്രീയായി ചെയ്യാമെന്ന്‌ പറഞ്ഞു. ഞാൻ നവോദയ അപ്പച്ചനെ കണ്ട്‌ ഉപദേശം തേടി. ബോളിവുഡിൽ പോയാൽ ഒരു പരുവമാകുമെന്നും സ്‌റ്റോറി റൈറ്റ്‌ കൊടുത്ത്‌ കാശ്‌ വാങ്ങിച്ചോയെന്ന്‌ പറഞ്ഞു. കന്നഡയിലും തെലുഗുവിലും റീമേക്ക്‌ ചെയ്‌തു. കന്നഡയിലും തെലുഗുവിലും സുമലതയും ഉ‍ർവശിയുംതന്നെയായിരുന്നു നായികമാർ. കന്നഡയിൽ അംബരീഷും തെലുഗുവിൽ കൃഷ്‌ണം രാജും ഹിന്ദിയിൽ ജിതേന്ദ്രയുമായിരുന്നു നായകന്മാർ. സ്‌റ്റോറി റൈറ്റിന്‌ അന്നത്തെ കാലത്ത്‌ ഒരുലക്ഷം കിട്ടുന്നയിടത്ത്‌ 10 ലക്ഷം കിട്ടി. ദുബായിൽ വിതരണത്തിന്‌ മൂന്നുലക്ഷം ലഭിച്ചു. മമ്മൂട്ടിക്ക്‌ ഒരുലക്ഷം രൂപ പ്രതിഫലം കൊടുത്തു. അന്ന്‌ മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രതിഫലമാണിത്‌. അന്ന്‌ കോട്ടയം എംജി റോഡിൽ പതിനായിരത്തിന്‌ ഒരു സെന്റ്‌ സ്ഥലം കിട്ടുമായിരുന്നു.

​

‘അന്തിച്ചുവപ്പി’ൽ കണ്ടപ്പോൾ

​

ആർട്ട്‌ ഡയറക്ടർകൂടിയായ കുര്യൻ വർണശാല മമ്മൂട്ടിയെവച്ച്‌ ‘അന്തിച്ചുവപ്പ്‌’ ചെയ്യുന്നുവെന്ന്‌ അറിഞ്ഞു. ഞങ്ങൾ വിതരണംചെയ്‌ത ‘വിൽക്കാനുണ്ട്‌ സ്വപ്‌നങ്ങളി’ൽ മാധവൻകുട്ടി എന്ന കഥാപാത്രം മമ്മൂട്ടി ചെയ്‌തിട്ടുണ്ട്‌. എറണാകുളത്താണെന്നും പേര്‌ മുഹമ്മദ്‌ കുട്ടിയെന്നും മനസ്സിലാക്കി. പിന്നീട്‌ കെ ജി ജോർജിന്റെ ‘മേള’യിൽ വന്നപ്പോഴും ശ്രദ്ധിച്ചു. ‘അന്തിച്ചുവപ്പി’ന്റെ സെറ്റിൽ സെഞ്ച്വറി അപ്പച്ചനൊപ്പം പോയപ്പോൾ ആദ്യമായി മമ്മൂട്ടിയെ കണ്ടു. അടുത്തതവണ പരിഗണിക്കാമെന്ന്‌ മമ്മൂട്ടിയോട്‌ പറഞ്ഞു. പിന്നീട്‌ ‘സന്ധ്യക്ക്‌ വിരിഞ്ഞ പൂവി’ലാണ്‌ അടുക്കുന്നത്‌.

​

ഹിറ്റുകൾ സംഭവിക്കുന്നത്‌

​

രാജീവ്‌ ഗാന്ധിയെ കൊല്ലുമെന്ന്‌ ഖലിസ്ഥാൻ ഭീകരരുടെ ഭീഷണിയുള്ള 1987 ജനുവരി സമയത്തായിരുന്നു ന്യൂഡൽഹിയുടെ ഷൂട്ടിങ്‌. മലയാളി അസോസിയേഷനുകളുടെ സഹായമുണ്ടായിരുന്നു. യുഎൻഐ മേധാവി കുട്ടിസാറും ജോർജ്‌ വർഗീസുമാണ്‌ ജഡ്‌ജിമാരായി അഭിനയിച്ചത്‌. ഹിന്ദുസ്ഥാൻ ടൈംസ്‌ ഞായറാഴ്‌ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ എസ്‌ നായർ സഹായിച്ചു. ഹിന്ദുസ്ഥാൻ ടൈംസിന്റെ പ്രസാണ്‌ ഷൂട്ടിങ്ങിന്‌ ഉപയോഗിച്ചത്‌.

​

എന്തേ റീറിലീസ്‌ ഇല്ല

​

‘ന്യൂഡൽഹി’ റീറിലീസ്‌ ചെയ്യുന്നില്ലേയെന്ന്‌ എല്ലാവരും ചോദിക്കുന്നുണ്ട്‌. മമ്മൂട്ടിയും ചോദിച്ചു. അത്‌ സാധ്യമല്ല. ചെന്നൈയിലെ ജമിനി ലാബിലാണ്‌ നെഗറ്റീവ്‌ സൂക്ഷിച്ചിരുന്നത്‌. ലാബ്‌ ബാങ്ക്‌ ജപ്‌തി ചെയ്‌തു. നെഗറ്റീവ്‌ നശിച്ചു. അത്‌ ഉണ്ടായിരുന്നുവെങ്കിൽ ആദ്യം റീറിലീസ്‌ ചെയ്യേണ്ടിയിരുന്നത്‌ ന്യൂഡൽഹിയായിരുന്നു. ടിവിയിലും യൂട്യൂബിലുമുണ്ട്‌. ബിഗ്‌ സ്‌ക്രീനിൽ വരാൻ ഒറിജിനൽ നെഗറ്റീവോ പ്രിന്റോ വേണം. എഐയിൽ നടക്കുമോ എന്ന്‌ നോക്കണം.

​

​പടങ്ങളൊന്നും നഷ്ടമായില്ല

​

ഞാൻ എടുത്ത പടങ്ങളൊന്നും നഷ്ടമായിട്ടില്ല. ന്യൂഡൽഹിയിൽനിന്ന്‌ കിട്ടിയ വരുമാനത്തിലാണ്‌ ബംഗളൂരുവിൽ കെട്ടിടം വാങ്ങിച്ചത്‌. ഡെന്നീസ്‌ ജോസഫ്‌ ആദ്യമായി തിരക്കഥ എഴുതിയ നിറക്കൂട്ട്‌ നല്ല സിനിമയായിരുന്നു. ഡെന്നീസിനെ ആദ്യമായി സംവിധായകനാക്കിയത്‌ ‘മനു അങ്കിളി’ലൂടെയാണ്‌. വിഷ്‌ണുവർധനെ വച്ച്‌ നിറക്കൂട്ട്‌ കന്നഡയിൽ എടുത്തത്‌ ഹിറ്റായി. അന്ന്‌ 12 പ്രധാന സ്‌റ്റേഷനാണുള്ളത്‌. അവിടെ റിലീസ്‌ ചെയ്‌ത്‌ ഹിറ്റായാൽ വീണ്ടും നാലോ ആറോ പ്രിന്റെടുക്കും. നന്നായി ഓടിയാൽ കൂടുതലെടുക്കും. ന്യൂഡൽഹിയും വാത്സല്യവും 50 പ്രിന്റെടുത്തു. വാത്സല്യത്തിന്‌ ന്യൂഡൽഹിയേക്കാൾ കലക്ഷൻ ലഭിച്ചു. നഷ്ടം വരുമെന്ന്‌ കരുതിയ സിനിമകൾ പിന്നീട്‌ ലാഭമായി. മുത്താരംകുന്ന്‌ പിഒ ഉദാഹരണം. ഫാസിലിന്റെ കൂടെ വർക്ക്‌ ചെയ്‌തിരുന്ന സിബി മലയിലിന്‌ അവസരം കൊടുത്ത സിനിമ.

​

ഉപ്പും മതിലുകളും

​

ചെറിയ പടങ്ങൾ നിർമാതാക്കൾ എടുക്കില്ല. ഇനീഷ്യൽ കലക്ഷൻ കിട്ടുന്ന പടങ്ങളേ എടുക്കൂ. നമ്മൾ റിസ്‌ക്ക്‌ എടുത്തേക്കാമെന്ന്‌ വിചാരിച്ചു. വെറും അടിയും ഇടിയും മാത്രമുള്ള സിനിമമാത്രം മതിയാകില്ല. അങ്ങനെയാണ്‌ 1989ൽ പവിത്രൻ സംവിധാനം ചെയ്‌ത ‘ഉപ്പ്‌’ വിതരണത്തിനെടുത്തത്‌. ഏഴുലക്ഷം രൂപ നഷ്ടമായിരുന്നു. ‘ഉപ്പി’ന്‌ കേന്ദ്രസർക്കാരിന്റെ അവാർഡ്‌ ലഭിച്ചു. ദൂരദർശനിൽ വന്നപ്പോൾ അന്നത്തെ കാലത്ത്‌ എട്ടുലക്ഷം രൂപ ലഭിച്ചു. അങ്ങനെ അതും ലാഭമായി. അടൂരിന്റെ മതിലുകൾ തിയറ്ററിലെത്തിച്ചത്‌ ജൂബിലിയാണ്‌. മോഹൻലാലിനെ വച്ച്‌ എന്തേ സിനിമ എടുക്കാത്തതെന്ന്‌ ചോദ്യംവന്നു. അങ്ങനെയാണ്‌ മമ്മൂട്ടിയും മോഹൻലാലുമുള്ള ‘കരിയിലക്കാറ്റുപോലെ’ എടുത്തത്‌. ഗൾഫിൽനിന്ന്‌ വന്ന തങ്കച്ചനായിരുന്നു നിർമാതാവ്‌. ലാഭം കിട്ടിയില്ല. നഷ്ടം പരിഹരിക്കാൻ ലാൽ വീണ്ടും ഡേറ്റ്‌ കൊടുത്തു. അങ്ങനെ തങ്കച്ചൻ നിർമിച്ച്‌ ഞാൻ വിതരണം ചെയ്‌തതാണ്‌ ടി കെ രാജീവ്‌കുമാർ സംവിധാനം ചെയ്‌ത പവിത്രം. മണിച്ചിത്രത്താഴിന്റെ മൂന്നാമത്തെ ആഴ്‌ച റിലീസായതിനാൽ അതിൽ മുങ്ങിപ്പോയി.

​

ഇപ്പോൾ സിനിമ ചെയ്യാൻ ഭയംMammootty, New Delhi, Malayalam Cinema, Malayalam Movies, Joy Thomas, Jubilee Productions, Joshiy, Dennis Joseph, Mammootty Career, New Delhi Movie, Malayalam Film History, Indian Cinema, 1980s Malayalam Cinema, Mammootty Comeback, Rajinikanth, Mohanlal, Malayalam Film Producers, Film Production, Film Distribution, Malayalam Movie Remakes, Cinema Memories, Kerala Cinema, Classic Malayalam Movies, Mammootty Hits, Indian Film Industry

​

ഇപ്പോൾ സിനിമ ചെയ്യാൻ ഭയമാണ്‌. അടി കിട്ടിയാൽ എല്ലാം പോകും. കുറഞ്ഞത്‌ 10 കോടി രൂപ വേണം. സൂപ്പർ താരങ്ങൾ വന്നാൽ ചെലവ്‌ കൂടും. അത്ര വലിയ കോസ്‌റ്റ്‌ എടുക്കാൻ ഇപ്പോൾ പറ്റില്ല. സംവിധായകരും പ്രതിഫലം കൂട്ടി. അന്ന്‌ ഐ വി ശശിയാണ്‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിച്ചിരുന്നത്‌– ഒരുലക്ഷം. ഇന്ന്‌ സംവിധായകരുടെ പ്രതിഫലം കോടിയിലധികം വരും. പുതിയ സംവിധായകർക്ക്‌ കരാർപ്രകാരമാണ്‌ പ്രതിഫലം. പടങ്ങൾ വിജയിക്കുന്പോൾ ഓഹരി ലഭിക്കും.

​

നൂറുകോടി ക്ലബ്‌ പബ്ലിസിറ്റി സ്റ്റണ്ട്‌

​

2017ൽ പ്രേംപ്രകാശിനൊപ്പം ഒരു പടമെടുത്തു. ‘എവിടെ’ എന്നായിരുന്നു പേര്‌. അത്ര ഓടിയില്ല. ചാനലുകളിൽ നന്നായി ഓടി. അന്ന്‌ കഥ കേൾക്കുന്പോൾ ചെലവ്‌ കണക്കാക്കാമായിരുന്നു. ഇന്ന്‌ ഒന്നും കണക്കുകൂട്ടാനാകില്ല. നൂറുകോടി ക്ലബ്‌ എന്നു പറയുന്പോൾ നൂറുകോടി കലക്ഷനാണ്‌. 35 കോടിയാണ്‌ നിർമാതാവിന്‌ ലഭിക്കുന്നത്‌. സ്വന്തമായി വിതരണാവകാശമില്ലെങ്കിൽ 25 ശതമാനം പോകും. അപ്പോൾ നൂറുകോടിയിൽ വലിയ കാര്യമൊന്നുമില്ല. അത്‌ പബ്ലിസിറ്റി സ്റ്റണ്ടാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home