ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ.. ഉണ്ണിമേനോൻ @70

ഒരു ചെമ്പനീർ പൂവിന്റെ നൈർമല്യത്തോടെ ഗാന ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് ഉണ്ണിമേനോൻ. ഒരു ചെമ്പനീർ പൂവിറുത്തു’ എന്നു തുടങ്ങുന്ന സ്ഥിതിയിലെ പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാവില്ല. അതി സുന്ദരമായ ആലാപവും അദ്ദേഹം തന്നെ ചെയ്ത ഭംഗിയുള്ള സംഗീതവും ഉണ്ണി മേനോൻ എന്ന ഗായകനെ സംഗീത ഭൂപടത്തിൽ അടയാളപ്പെടുത്തി.
1955 ഡിസംബർ രണ്ടിന് ജനനം. ഗുരുവായൂരിലെ നമ്പലാട്ട് നാരായണൻകുട്ടി മേനോൻ എന്ന ഉണ്ണി മേനോൻ സംഗീത ആസ്വാദക സമൂഹത്തിന്റെ പ്രിയങ്കരനായി മാറി. മലയാളത്തെക്കാളും തമിഴ് ചലച്ചിത്ര ലോകമാണ് ഉണ്ണിമേനോനിലെ ഗായകനെ തിരിച്ചറിഞ്ഞത്. പ്രശസ്ത സംഗീത സംവിധായകൻ ബി എ ചിദംബരനാഥ് ആണ് തമിഴ് സിനിമയിൽ ഉണ്ണി മേനോന് അവസരം നൽകുന്നത്. ഇതേ വർഷംതന്നെ മലയാളത്തിൽ 'കടത്ത്' എന്ന സിനിമയിൽ യേശുദാസിനു വേണ്ടി ശ്യാം ചിട്ടപ്പെടുത്തിയ മൂന്ന് ഗാനങ്ങൾക്ക് ഉണ്ണിമേനോൻ ട്രാക്ക് പാടി. 1992 ൽ എ ആർ റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിച്ചതോടെയാണ് ഉണ്ണിമേനോൻ പ്രശസ്തിയിലേക്ക് ഉയർന്നത്.
വൻ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 1996 ൽ 'മിൻസാരക്കനവി'ലെ 'ഊ ലലലാ....മാനാമദുരൈ' എന്ന ഗാനത്തിനും 2002 ൽ 'വരുഷമെല്ലാം വസന്ത'ത്തിലെ 'എങ്കൈ എന്റെ വെണ്ണിലാ'യ്ക്കും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
സംഗീത ലോകത്ത് ഉണ്ണി മേനോനെ അടയാളപ്പെടുത്തുന്ന ഗാനങ്ങൾ നിരവധിയാണ്. പൂങ്കാറ്റേ പോയി ചൊല്ലാമോ.., ഒരു നേരം തൊഴുതു.., മഴനീർ തുള്ളികൾ.., പാർത്ത മുതൽ നാളെ.., മരണമെത്തുന്ന നേരത്ത്.. തുടങ്ങി യുവതലമുറയെ ഹരം കൊള്ളിച്ച രതിപുഷ്പം പൂക്കുന്ന യാമം വരെ അതിൽ ചിലത് മാത്രം. മലയാളസിനിമയിൽ ഇതിനകം 250 ഓളം ഗാനങ്ങളും വിവിധ ആൽബങ്ങളിലായി 550 ൽ ഏറെ ഗാനങ്ങളും ആലപിച്ചു. ഇതിൽ ഏറെയും മലയാളികൾ മൂളി നടക്കുന്ന ഭക്തി ഗാനങ്ങളാണ്.. ഇനിയുമേറെ കാലം കൂടുതൽ ഈണങ്ങളുമായി അദ്ദേഹം സംഗീത ലോകത്ത് തുടരട്ടെ.. പ്രിയ ഗായകന് പിറന്നാൾ ആശംസകൾ..









0 comments