ad
Deshabhimani

‘ദ ലൈഫ്‌ ഓഫ്‌ ഷോ ഗേൾ’; പുതിയ ആൽബവുമായി ടെയ്‌ലർ സ്വിഫ്‌റ്റ്‌

taylor swift.png

PHOTO: X/@taylorswift13

avatar
Entertainment Desk

Published on Aug 12, 2025, 03:54 PM | 2 min read

വാഷിങ്ടൺ: പുതിയ മ്യ‍ൂസിക്‌ ആൽബം പ്രഖ്യാപിച്ച്‌ പോപ്‌ ഗായിക ടെയ്‌ലർ സ്വിഫ്‌റ്റ്‌. കൂട്ടുകാരൻ ട്രാവിസ് കെൽസിന്റെ പോഡ്‌കാസ്റ്റ്‌ ‘ന്യൂ ഹെെറ്റ് ഷോ’ വഴിയാണ്‌ ഗായിക തന്റെ 12–ാമത്തെ ആൽബം പ്രഖ്യാപിച്ചിരിക്കുന്നത്‌. ‘ദ ലൈഫ്‌ ഓഫ്‌ ഷോ ഗേൾ’ എന്നാണ്‌ ആൽബത്തിന്‌ പേരിട്ടിരിക്കുന്നത്‌.


ആരാധകർക്കിടയിൽ ഒരു ദിവസമായി നിലനിന്ന ഉ‍ൗഹപോഹങ്ങൾ അവസാനിപ്പിച്ചായിരുന്നു പുതിയ ആൽബത്തിന്റെ പ്രഖ്യാപനം. ഗായികയുടെ മാർക്കറ്റിംഗ്‌ ടീം സോഷ്യൽ മീഡിയയിൽ 12 ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തതോടെയാണ്‌ പുതിയ ആൽബത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായത്‌. ‘‘അടുത്ത കാലഘട്ടത്തിൽ കാണാം’ എന്ന്‌ ടെയ്‌ലർ സ്വിഫ്റ്റ്‌ പറഞ്ഞതിനെക്കുറിച്ച്‌ ചിന്തിക്കുന്നു’ എന്ന ക്യാപ്‌ഷനോടെയായിരുന്നു പോസ്റ്റ്‌. കൂട്ടുകാരനായ ട്രാവിസ്‌ കെൽസ്‌ തന്റെ പോഡ്‌കാസ്റ്റിൽ സ്വിഫ്റ്റ്‌ അതിഥിയായി എത്തുമെന്ന്‌ കൂടി അറിയിച്ചതോടെ വാർത്ത വീണ്ടും സജീവമായി. ഗായികയുടെ ഒ‍ൗദ്യോഗിക വെബ്‌സൈറ്റിൽ ക‍ൗണ്ട്‌ ഡ‍ൗൺ ആരംഭിക്കുകയും ചെയ്തു.
ആൽബത്തിന്റെ പോസ്റ്റർ, കാസറ്റ്‌, സിഡി എന്നിവയുടെ പ്രീ ഓർഡർ ഗായികയുടെ ഒ‍ൗദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്‌. പ്രീ ഓർഡർ ചെയ്ത ആളുകൾക്ക്‌ ഒക്‌ടോബർ 13ന്‌ മുൻപ്‌ ഷിപ്പിംഗ്‌ ഉണ്ടാവുമെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിലും ആൽബത്തിന്റെ റിലീസ്‌ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


ഗായികയുടെ 11–ാമത്തെ ആൽബമായ ‘ദ ടോർച്ചേർഡ്‌ പോയറ്റ്‌സ്‌ ഡിപ്പാർട്ട്‌മെന്റ്‌’ കഴിഞ്ഞ വർഷമാണ്‌ റിലീസ്‌ ചെയ്തത്‌. ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ കേൾക്കുന്ന ആൽബം എന്ന റെക്കോഡ്‌ ഇ‍ൗ ആൽബം സ്വന്തമാക്കിയിരുന്നു.


വൻ വിജയമായി പര്യവസാനിച്ച ‘എറാസ്‌ ടൂർ’ എന്ന സംഗീത പര്യടനം കഴിഞ്ഞ്‌ ചെറിയ ഇടവേളയെടുത്തതിന്‌ ശേഷമാണ്‌ സ്വിഫ്‌റ്റ്‌ പുതിയ ആൽബവുമായി എത്തുന്നത്‌. 21 മാസം പര്യടനം നടത്തിയ എറാസ്‌ ടൂർ അഞ്ച്‌ വൻകരകളാണ്‌ പിന്നിട്ടത്‌. 149 പരിപാടികൾ ടൂറിന്റെ ഭാഗമായി നടന്നു. 2023 മാർച്ചിൽ യുഎസിലെ അരിസോണയിൽ നിന്നാരംഭിച്ച എറാസ്‌ ടൂർ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീത പര്യടനമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഒരു കോടിയിലധികം ആളുകൾ പരിപാടി കാണാനായി എത്തിയപ്പോൾ 17633 കോടിയിലധികം രൂപയുടെ ടിക്കറ്റുകളാണ്‌ വിറ്റ്‌ പോയത്‌.


കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി ടെയ്‌ലർ സ്വിഫ്‌റ്റിനെ തെരഞ്ഞെടുക്കുകയും ചെയ്തു. 1.6 ബില്ല്യൺ ഡോളറാണ്‌ ടെയ്‌ലർ സ്വിഫ്‌റ്റിന്റെ ആസ്തി. ഫോർബ്‌സ്‌ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2023 ഒക്‌ടോബറിന്‌ ശേഷം 500 മില്ല്യണിന്റെ കുതിപ്പാണ്‌ പോപ്‌ ഗായികയ്‌ക്കുണ്ടായത്‌. റിഹാനയെ കടത്തിയാണ്‌ ടെയ്‌ലർ സ്വിഫ്‌റ്റ്‌ ഒന്നാമതെത്തിയത്‌. ഫോർബ്‌സ്‌ മാഗസീന്റെ കണക്കനുസരിച്ച്‌ റോയൽറ്റിയിൽ നിന്നും ഇറാസ്‌ ടൂറിൽ നിന്നും 600 മില്ല്യണാണ്‌ (ഒക്‌ടോബർ വരെ) ടെയ്‌ലർ സ്വിഫ്‌റ്റ്‌ സമ്പാദിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home