'രാക്ക'യുടെ തീം സോങ് 'മേക്ക് വേ ഫോർ ദ കിംഗ്' സോഷ്യൽ മീഡിയയിൽ വൈറൽ
ഹൈദരാബാദ്: അല്ലു അർജുനും അറ്റ്‌ലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാക്ക'യുടെ തീം സോങ് 'മേക്ക് വേ ഫോർ ദ കിംഗ്' പുറത്തിറങ്ങി. പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗാനം ഇതിനകം 40 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. യുവ സംഗീതജ്ഞൻ സായ് അഭ്യങ്കറാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്.
അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ലുക്കാണ് 'രാക്ക'യിലേതെന്നാണ് സൂചന. മൊട്ടയടിച്ച തലയും, തീക്ഷ്ണമായ നോട്ടവും, തലയിലെ ടാറ്റൂകളും, മൃഗങ്ങളുടേതിന് സമാനമായ നഖങ്ങളുമായി ഒരു മാസ്സ് ഹീറോ പരിവേഷത്തിലാണ് താരം എത്തുന്നത്. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ടൈറ്റിൽ വെളിപ്പെടുത്തിയത്.
ബോളിവുഡ് ചിത്രം 'ജവാന്' ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. ആദ്യമായാണ് അല്ലു അർജുനും ദീപിക പദുക്കോണും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരു പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രമായാണ് 'രാക്ക' ഒരുങ്ങുന്നത്. അല്ലു അർജുൻ ഒരു സൂപ്പർഹീറോ വേഷത്തിലാകും എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ഇഫക്റ്റുകളും വേൾഡ് ബിൽഡിംഗുമാണ് അറ്റ്‌ലി ഒരുക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ ഊന്നിയുള്ള ഒരു കഥാപരിസരമാണ് ചിത്രത്തിനുള്ളത്.
ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും. രാജാ റാണി, തെരി, മെർസൽ, ബിഗിൽ, ജവാൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അറ്റ്‌ലി ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പ്രോജക്റ്റായി 'രാക്ക' മാറിക്കഴിഞ്ഞു. പിആർഒ: ആതിര ദിൽജിത്ത്.











0 comments