പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിച്ച ആദ്യ ഏഷ്യക്കാരൻ; ചരിത്രമായി ഇളയരാജയുടെ വാലിയന്റ്

ലണ്ടൻ: പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിച്ച ആദ്യ ഏഷ്യക്കാരൻ; ചരിത്രമായി ഇളയരാജയുടെ വാലിയന്റ്
ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് സംഗീതജ്ഞൻ ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തിയറ്ററിലായിരുന്നു പരിപാടി. ഇളയരാജയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ ‘വാലിയന്റ്’ എന്ന പരിപാടിയാണ് വേദിയിൽ അരങ്ങേറിയത്.
ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള ഒരു സംഗീതസംവിധായകൻ ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്നത്. ഇളയരാജയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. ഇതോടെ, ലണ്ടനിൽ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ സിനിമാ മേഖലയിൽ നിന്നുള്ള ആദ്യത്തെ സംഗീതജ്ഞനായി അദ്ദേഹം മാറി.
ചരിത്രമായി മാറിയ ഈ പരിപാടിയിൽ ഇളയരാജയ്‌ക്കൊപ്പം ചേർന്നത് ലണ്ടനിലെ പ്രശസ്തമായ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയാണ്. "ഒരു പ്രത്യേക സർപ്രൈസ് പെർഫോമൻസ്" എന്നായിരുന്നു ഇളയരാജ ഇതിനെ വിശേഷിപ്പിച്ചത്. ഇളയരാജയുടെ തന്നെ ജനപ്രിയ ഗാനങ്ങളുടെ അവതരണവും വേദിയിൽ നടന്നു.
പാശ്ചാത്യ സംഗീത ഘടകങ്ങൾ സിനിമാ സംഗീതത്തിനായി ഉപയോഗിച്ച ആദ്യ ഇന്ത്യക്കാരന്‍, മുഴുനീള സിംഫണി രചിച്ച ആദ്യ സംഗീതഞ്ജൻ എന്നീ ബഹുമതികളും ഇനി ഇളയരാജയ്ക്കു സ്വന്തം. റോയൽ സ്കോട്ടിഷ് നാഷനൽ ഓർക്കസ്ട്രയ്ക്കൊപ്പമാണ് ഇളയരാജ ‘വാലിയന്റ്’ റെക്കോർഡ് ചെയ്തത്.










0 comments