ad
Deshabhimani

എത്തി ഗ്യാങ് ബി എന്ന ആക്‌ഷൻ ഗ്യാങ്‌സ്റ്റർ

gang b
avatar
ഷംസുദ്ദീൻ കുട്ടോത്ത്‌

Published on Aug 05, 2025, 12:56 PM | 2 min read

ഷൈൻ ടോം ചാക്കോ നായകനായ മലയാളത്തിലെ ഏറ്റവും വലിയ മ്യൂസിക്കൽ ആൽബം "ഗ്യാങ് ബി' പ്രദർശനത്തിനെത്തി. ആഗസ്ത്‌ 2ന് യുട്യൂബിലൂടെ റിലീസായ ആൽബത്തിന് വൻ സ്വീകാര്യതയാണ്. ആക്‌ഷൻ രംഗങ്ങളും റാപ്പ് മ്യൂസിക്കും കോർത്തിണക്കി അവതരിപ്പിക്കുന്ന ആൽബം തമിഴ്, പഞ്ചാബി, തെലുങ്ക് ഭാഷകളിലും ഉടൻ പുറത്തിറങ്ങും. കമലിന്റെ "ആമി'എന്ന സിനിമയിലൂടെ സഹ സംവിധായകനായ അഖിൽ അബ്ദുൾഖാദറാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. റാപ്പ് മ്യൂസിക്കിലൂടെ ശ്രദ്ധേയനായ ഇമ്പച്ചിയും സൂരജുമാണ് ഗായകർ. മിധൂട്ടി, അൻവർ ഷെരീഫ്, സോഹൻ സീനുലാൽ, ആഷിക്ക് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഗാലറി വിഷന്റെ ബാനറിൽ ഷറഫ് പെരുമ്പാവൂരാണ് നിർമാണം. കാമറ- കണ്ണൻ പട്ടേരി.


അഖിൽ സംവിധാനം ചെയ്ത "റോമിയോ ലെെജു' എന്ന ഷോർട്ട്ഫിലിം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിയിരുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദറിന്റെയും ഷെറീനയുടെയും മകനാണ്. പതിവ് പ്രമേയങ്ങളായ പ്രണയം, പ്രതിഷേധം, നോസ്റ്റാൾജിയ തുടങ്ങിയവ വിട്ട് വേറിട്ട ഒരു മ്യൂസിക് വീഡിയോ ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഗ്യാങ് ബി എന്ന ആക്‌ഷൻ ഗ്യാങ്‌സ്റ്റർ ചെയ്തതെന്ന്‌ അഖിൽ പറഞ്ഞു. സിനിമയുടെ ടെക്നിക്കൽ ക്വാളിറ്റിയിൽ മ്യൂസിക് വീഡിയോ ഒരുക്കാനാണ് ശ്രമിച്ചത്.


വേറിട്ട ട്രീറ്റ്മെന്റ്‌ - ഷൈൻ ടോം ചാക്കോ


സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഗ്യാങ് ബിയുടെ ഐഡിയ അഖിൽ പറയുന്നത്. കേട്ടപ്പോൾത്തന്നെ പുതിയ ഒരനുഭവമായി തോന്നി. ഉടൻതന്നെ അത് ചെയ്യാൻ തീരുമാനിച്ചതായി ഷൈൻ ടോം ചാക്കോ പറഞ്ഞു. ‘മലയാളത്തിൽ മുമ്പ് ഇതുപോലെ ഫെെറ്റ് എല്ലാം ഉൾപ്പെടുത്തി ഒരു മ്യൂസിക് വീഡിയോ കണ്ടിട്ടില്ല. മെെക്കിൾ ജാക്സന്റെ ആൽബങ്ങളുടെ വലിയ ഫാനാണ് ഞാൻ. അതിനാൽതന്നെ മ്യൂസിക് വീഡിയോസ് ചെയ്യാനും ഇഷ്ടമാണ്. പുതിയ റാപ്പ് മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ അഭിനയിക്കാൻ കഴിഞ്ഞതും പുതുമയുള്ള എക്സ്പീരിയൻസ് ആയിരുന്നു. ഗ്യാങ് ബിയുടെ രണ്ട് ദിവസത്തെ ഷൂട്ടിങ് സിനിമയിൽ അഭിനയിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഭാവിയിൽ ഈ കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും ഒരു വലിയ സിനിമയായി കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. തമിഴ്, പഞ്ചാബി, തെലുങ്ക് ഭാഷകളിലും ഈ ആൽബം അടുത്ത മാസങ്ങളിൽ റിലീസ് ആകുന്നുണ്ട്. അതും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.’ ഷൈൻ ടോം ചാക്കോ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home