ബിടിഎസ് ആരാധകർക്ക് സന്തോഷ വാർത്ത; ബാൻഡ് തിരിച്ചെത്തുന്നു, ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം

സീയോൾ: ബിടിഎസ് ആരാധകർക്ക് സന്തോഷവാർത്ത. ഏറെ കാലമായി കാത്തിരുന്ന ബിടിഎസിന്റെ തിരിച്ചുവരവ് സാധ്യമാകാൻ പോകുന്നു. ആഗോള തലത്തിൽ വലിയ ആരാധകവൃന്ദമുള്ള കൊറിയൻ പോപ് ബാൻഡ് ബിടിഎസ് നാല് വർഷം നീണ്ട ഇടവേളയ്ക്ക് വിരാമമിടുന്നുവെന്ന അപ്ഡേറ്റാണ് പുറത്തുവരുന്നത്.
മാർച്ച് 21 ന് രാത്രി 8ന് സിയോളിലെ ഗ്വാങ്‌വാമുനിലാണ് ലൈവ് പെർഫോമൻസ് നടക്കുന്നത്. ബാൻഡിന്റെ ലൈവ് പ്രകടനം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. മാർച്ച് 20ന് ബിടിഎസിന്റെ പുതിയ ആൽബം അരിരാങ് പുറത്തിറങ്ങും. ഹാമിഷ് ഹാമിൽട്ടണാണ് ഈ ആൽബം സംവിധാനം ചെയ്യുന്നത്. നിർമാതാക്കളായ ഹൈബുമായി ചേർന്നാണ് ബാൻഡിന്റെ തിരിച്ചുവരവ് നെറ്റ്ഫ്ലിക്സ് ദശലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്.
ലൈവ് ഷോയ്ക്ക് ശേഷം അരിരാങ്ങിന്റെ നിർമാണം വിവരിക്കുന്ന ഡോക്യുമെന്ററിയായ BTS: The Return പ്രദർശിപ്പിക്കും. മാർച്ച് 27ന് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി റിലീസ് ചെയ്യും. ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയ ശേഷം ഏഴ് അംഗങ്ങൾ വീണ്ടും ഒന്നിക്കുന്നത് ഇതാദ്യമാണ്. ജംഗൂക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍എം തുടങ്ങിയ ബിടിഎസ് അംഗങ്ങൾക്ക് ആഗോള തലത്തിൽ വലിയ ആരാധകരുണ്ട്.
അരിരാങ്ങ് പെർഫോമൻസിന് ശേഷം സംഘം വേൾഡ് ടൂറിൽ (2026–2027) പങ്കെടുക്കും. ഏഷ്യ, വടക്കൻ, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 34 പ്രദേശങ്ങളിൽ സംഘമെത്തും. 82 ഷോകൾ ഇതിന്റെ ഭാഗമായി നടക്കുമെന്നാണ് റിപ്പോർട്ട്.










0 comments