Deshabhimani

print edition കാൽപ്പനികതയുടെ രാഗദേവൻ

ummer

എ ടി ഉമ്മർ

avatar
ഒ സി മോഹൻരാജ്

Published on Oct 18, 2026, 01:30 AM | 2 min read

കാൽപ്പന്തുകളിയുടെ കളിത്തൊട്ടിലായ കണ്ണൂരിന്റെ മൈതാനങ്ങളിൽ ഫുട്ബോൾ കളിച്ചുനടന്ന യുവാവ് കാൽപ്പനിക ഗാനങ്ങളുടെ ലോകത്തെത്തിയ ചരിത്രമാണ് പ്രശസ്ത സംഗീതസംവിധായകൻ എ ടി ഉമ്മറിന്റേത്. കണ്ണൂർ അഞ്ചുകണ്ടി തളയ്ക്കൽ ഉമ്മർ സിനിമയിൽ സജീവമാകുന്നതിനുമുമ്പ് ‘സ്പിരിറ്റഡ് യൂത്ത്' എന്ന പ്രശസ്തമായ പ്രാദേശിക ഫുട്ബോൾ ക്ലബ്ബിലായിരുന്നു. മൈതാനസൗഹൃദങ്ങളാണ് പിന്നീട് അദ്ദേഹത്തെ ഇമ്പമാർന്ന ഈണങ്ങളുടെ തമ്പുരാനാക്കിയത്.


ഒപ്പം കളിച്ചിരുന്ന ഡോ. പവിത്രൻ വഴിയാണ് ചെന്നൈ മലയാളസമാജത്തിന്റെ ഒരു നാടകത്തിന് സംഗീതസംവിധാനം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്. ഈ സൗഹൃദം പിന്നീട് 1967-ൽ പുറത്തിറങ്ങിയ ‘തളിരുകൾ’ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ പ്രശസ്തനായ സംഗീതസംവിധായകനാക്കി മാറ്റുകയായിരുന്നു.

​

രണ്ടാംതലമുറക്കാരനായി തിളങ്ങി ​


കെ രാഘവൻ മാസ്റ്ററും ജി ദേവരാജനും വി ദക്ഷിണാമൂർത്തിയും എം എസ് ബാബുരാജും ചേരുന്ന ഒന്നാംതലമുറ കൊടികുത്തിവാണ കാലത്താണ് ഉമ്മറിന്റെ രംഗപ്രവേശം. എം കെ അർജുനനെന്ന തുടക്കക്കാരനിൽ രണ്ടാംതലമുറയും ശ്രദ്ധേയമായ അറുപതുകൾ. ഉമ്മറിന്റെ ഈണങ്ങൾ മലയാളിയുടെ ഉള്ളിലേക്ക് ഒഴുകി. ഒരു മയിൽപ്പീലിയായി ഞാൻ, ദേവീ നിൻ ചിരിയിൽ, ചെമ്പകപ്പൂങ്കാവനത്തില്‌, വാകപ്പൂമരം ചൂടും, മാരിവില്ല് പന്തലിട്ട, പൊട്ടിക്കരഞ്ഞുകൊണ്ടോമനേ, ഒരുനിമിഷം തരൂ– തുടങ്ങി പ്രണയവും വിരഹവും പ്രതീക്ഷകളും നിറയുന്ന എണ്ണൂറോളം ഗാനങ്ങൾ.

​എസ്‌എസ്‌എൽസിക്കുശേഷം ഉമ്മർ കണ്ണൂരിലെ വേണുഗോപാലൻ ഭാഗവതരുടെ ശിഷ്യനായി ശാസ്ത്രീയസംഗീതം സ്വായത്തമാക്കി.


തുടർന്ന് കണ്ണൂർ വളപട്ടണം മുഹമ്മദിനും ശരത്‌ചന്ദ്ര മറാത്തേ, കാസർകോട്‌ കുമാർ എന്നിവരുടെ കീഴിൽ സംഗീതപഠനം. 1968ൽ എ ബി രാജ്‌ ചിത്രമായ ‘കളിയല്ലകല്യാണത്തിൽ’ ഉമ്മറിന്റെ ഈണങ്ങൾക്ക്‌ വരികൾ ചിട്ടപ്പെടുത്തിയത് പി ഭാസ്‌കരൻ മാഷായിരുന്നു. ഉത്സവം എന്ന ചിത്രത്തിലൂടെയാണ്‌ പൂവച്ചൽ ഖാദർ–എ ടി ഉമ്മർ കൂട്ടുകെട്ടിന്റെ തുടക്കം. സ്വയംവരത്തിനു പന്തലൊരുക്കി, ആദ്യസമാഗമ ലജ്ജ എന്നിവയിൽ തുടങ്ങി നൂറ്റമ്പതോളം ഗാനങ്ങൾ.


​1976ൽ ഐ വി ശശി സംവിധാനം ചെയ്ത ആലിംഗനം എന്ന ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ‘തുഷാരബിന്ദുക്കളേ’ എന്ന ഗാനം എസ് ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തതോടെ ഉമ്മർ അറിയപ്പെട്ടു. വൃശ്ചികരാത്രിയുടെ അരമനമുറ്റത്ത് പിച്ചകപ്പൂപ്പന്തലൊരുക്കിയ പാട്ടുകളിലൂടെ മലയാളിക്ക് മറക്കാനാകാത്ത നിരവധി ഈണങ്ങൾ പിറന്നു. ബിച്ചു തിരുമലയുടെ വരികൾകൂടിയാകുമ്പോൾ തൊട്ടതെല്ലാം പൊന്നാകും. യേശുദാസും എസ് ജാനകിയുമാണ് ഈ കൂട്ടുകെട്ടിനായി ഗാനങ്ങൾ ആലപിച്ചതും.

​

1977ൽ മികച്ച ഗായകനായി കെ ജെ യേശുദാസിനെ തെരഞ്ഞെടുക്കുമ്പോൾ അവാർഡ് സമിതിക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടിവന്നില്ല. ‘വരികളുടെയും അതിന് നൽകിയ സംഗീതത്തിന്റെയും മെച്ചംതന്നെയായിരുന്നു പാട്ട് ഭംഗിയാക്കാൻ എന്നെ സഹായിച്ചത്’– -മികച്ച ഗായകനായി തെരഞ്ഞെടുത്തപ്പോൾ യേശുദാസിന്റെ അക്കാലത്തെ പ്രതികരണം ഇങ്ങനെയായിരുന്നു.


ബിച്ചു തിരുമല–എ ടി ഉമ്മർ ടീമിന്റെ വിജയരഹസ്യവും അതുതന്നെയായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ‘അംഗീകാരം’ എന്ന ചിത്രത്തിലെ ഇതേ ഗാനത്തിലൂടെതന്നെയായിരുന്നു മികച്ച ഗായികയായി എസ് ജാനകിയെയും അന്ന് തെരഞ്ഞെടുത്തത്. ‘നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും...' എന്നു തുടങ്ങുന്ന ഗാനം ഇന്നും മലയാളി നെഞ്ചേറ്റുന്നു. തലശേരി സ്വദേശിയായ ഭാര്യ ഹഫ്‌സത്തും ദുബായിൽ ജോലി ചെയ്യുന്ന മകൻ അമർ ഇലാഹിയും അടങ്ങുന്നതാണ് ഉമ്മറിന്റെ കുടുംബം. 2001 ഒക്ടോബർ 18ന് അദ്ദേഹം വിടപറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home