2025 ലെ മികച്ച ഇന്ത്യൻ ചിത്രങ്ങൾ: വോഗ് ഇന്ത്യയുടെ പട്ടികയിൽ നാല് മലയാള ചിത്രങ്ങളും

മുംബൈ: 2025 ൽ രാജ്യത്ത് പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് വോഗ് ഇന്ത്യ. 12 ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ നാലെണ്ണം മലയാളത്തിൽ നിന്നുമാണ്. ഡീയസ് ഈറെ, ലോക, എക്കോ, തുടരും എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മലയാള ചിത്രങ്ങൾ. 2025 നെ ദക്ഷിണേന്ത്യൻ സിനിമയുടെ നാഴിക കല്ലെന്നും വോഗ് വിശേഷിപ്പിക്കുന്നു.
ഡീയസ് ഈറെ
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഡീയസ് ഈറെ. രാഹുൽ സദാശിവനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 2025 ഒക്ടോബർ 31 ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഭ്രമയുഗത്തിന് ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. പ്രണവ് മോഹൻലാലിനൊപ്പം ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ, ഷൈൻ ടോം ചാക്കോ, സുഷ്മിത ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രിസ്റ്റ് സേവ്യർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ലോക: ചാപ്റ്റർ വൺ ചന്ദ്ര
മലയാള ചലച്ചിത്ര ലോകത്ത് പുതു ചരിത്രം കുറിച്ച ചിത്രമാണ് ലോക. കല്യാണി പ്രിയദർശൻ നീലിയായി വേഷമിട്ട ചിത്രം 300 കോടി ക്ലബ്ബിലും ഇടം പിടിച്ചു. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ നിർമാണം വേഫറർ ഫിലിംസ് ആണ്. നസ്ലിൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ചന്തു സലീം കുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ,വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. 2025 ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തിയ ലോകയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭിനേതാക്കളുടെ പ്രകടനം, ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണം, ഛായാഗ്രഹണം എന്നിവയുമ പ്രശംസിക്കപ്പെട്ടു. കല്യാണി പ്രിയദർശനെ മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോയായി പരാമർശിച്ച ചിത്രം കൂടിയാണിത്.
എക്കോ
മലയാളത്തിലെ മിസ്റ്ററി ത്രില്ലർ ചിത്രമാണ് 'എക്കോ'. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം നവംബർ 21നാണ് തീയേറ്ററുകളിൽ എത്തിയത്. ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 50 കോടി രൂപ നേടി വാണിജ്യ വിജയം നേടിയെന്നാണ് റിപ്പോർട്ടുകൾ. ദിൻജിത്ത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തുടരും
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ശോഭന കൂട്ടുക്കെട്ടിൽ പിറന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയുടെ സംവിധാന മികവിൽ ചിത്രം ഏറെ നിരൂപക പ്രശംസ നേടി. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ് തുടരും. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലയാള ചിത്രമായി തുടരും മാറിയിരുന്നു. അന്തിമ ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി ഏകദേശം 237.37 കോടി കലക്ഷൻ നേടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ലിസ്റ്റിലെ മറ്റ് സിനിമകൾ
ഹോംബൗണ്ട് (ഹിന്ദി)
സൈയാര (ഹിന്ദി)
ടൂറിസ്റ്റ് ഫാമിലി (തമിഴ്)
കാലിധാർ ലാപ്ത (ഹിന്ദി)
ദി ഗ്രേറ്റ് ഷംസുദ്ദീൻ ഫാമിലി (ഹിന്ദി)
കാന്താര: അധ്യായം 1 (കന്നഡ)
ബൈസൺ കാലമാടൻ (തമിഴ്)
സബർ ബോണ്ട (മറാത്തി)










0 comments