മാസ് ആക്ഷനുമായി പോളച്ചൻ; ഷാജി കൈലാസ്-ജോജു ജോർജ് ചിത്രം 'വരവ്' ട്രെയിലർ പുറത്ത്

വരവ് സിനിമ ട്രയ്ലർ പോസ്റ്റർ (Photo Credit Screen Grab)
തിരുവനന്തപുരം : മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ഷാജി കൈലാസും അഭിനയ വിസ്മയം ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന വരവിന്റെ ട്രയ്ലർ പുറത്തിറങ്ങി. പോൾസൺ എന്ന മാസ് ആക്ഷൻ ഹീറോയായി ജോജു ജോർജ് എത്തുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും, പരോളിൽ ഇറങ്ങിയ പോളച്ചൻ എന്ന പോൾസന്റെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.
പരോളിൽ ഇറങ്ങിയ പോളച്ചന്റെ കിന്റൽ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോൾ തന്നെ മനസ്സിലാവും. ഇതിന്റെ പേരിൽ ഇനി തെമ്മാടിക്കുഴിയിൽ പോയി കിടക്കാനാണെങ്കിലും ഞങ്ങൾക്ക് ഓക്കേയാ എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം, പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലിൽ പോയി? പരോളിൽ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത് ,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ "വരവ് "നായി മെയ് റിലീസായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കാം.
ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവ രചിച്ച എകെ സാജനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ റാണി വാണി വിശ്വനാഥിന്റെ കരുത്തുറ്റ പോലീസ് വേഷവും, കന്യാസ്ത്രീയായി എത്തുന്ന സുകന്യയുടെ തിരിച്ചു വരവുമാണ് ട്രയ്ലറിലെ പ്രധാന ആകർഷണങ്ങൾ. മുരളി ഗോപി വില്ലൻ വേഷത്തിൽ എത്തുമ്പോൾ അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, വിൻസി അലോഷ്യസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ സാം സിഎസ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ശരവണനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിങ്. സാബു റാം (കലാസംവിധാനം), സജി കാട്ടാക്കട (മേക്കപ്പ്), സമീറ സനീഷ് (കോസ്റ്റ്യും ഡിസൈൻ) എന്നിവരും ചിത്രത്തിന്റെ അണിയറയിലുണ്ട്. സ്യമന്തക് പ്രദീപ്: ചീഫ് അസോസിയേറ്റ് ഡയറക്ടർ. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്
ശിവൻ പൂജപ്പുര, അനിൽ അൻഷാദ് (പ്രൊഡക്ഷൻ മാനേജേഴ്സ്), പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്) എന്നിവരാണ് പ്രൊഡക്ഷൻ രംഗത്തെ മറ്റ് അണിയറപ്രവർത്തകർ. മഞ്ജു ഗോപിനാഥ് പിആർഒ ആയും ഹരി തിരുമല സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു. യെല്ലോടൂത്ത്സ്, റോക്കറ്റ് സയൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഡിസൈനുകൾ ഒരുക്കുന്നത്.
PHF ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം. ഓൾഗ പ്രൊഡക്ഷൻസ് ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.മാസ് ഡയലോഗുകൾക്കും ആക്ഷൻ രംഗങ്ങൾക്കും പുറമെ വൈകാരികമായ കുടുംബബന്ധങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന സൂചന ട്രയ്ലർ നൽകുന്നു. 98 ദിവസങ്ങൾ കൊണ്ട് ബിഗ് ബഡ്ജറ്റിൽ പൂർത്തിയാക്കിയ വരവ് ആഗോള റിലീസായാണ് തിയേറ്ററുകളിൽ എത്തുക.










0 comments