പുതുമുഖ ചിത്രങ്ങളിൽ ഇതാദ്യം; ബോക്സ് ഓഫീസിൽ റെക്കോർഡ് അഡ്വാൻസ് ബുക്കിങ് നേടി 'വാഴ 2'

വാഴ 2 പോസ്റ്റർ
കൊച്ചി : സോഷ്യൽ മീഡിയ താരങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'വാഴ 2' ഇന്ന് തിയേറ്ററുകളിൽ എത്തി. റിലീസ് ദിനമായ ഇന്ന് മികച്ച അഡ്വാൻസ് ബുക്കിങാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിൽ നിന്ന് മാത്രം 1.88 കോടി രൂപ അഡ്വാൻസ് സെയിലിലൂടെ ചിത്രം സ്വന്തമാക്കി. പുതുമുഖ സംവിധായകനും താരങ്ങളും അണിനിരക്കുന്ന ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാൻസ് ബുക്കിങ് കളക്ഷനാണിത്. മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന ചിത്രത്തിന് ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 12,000 ത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്.
കർണാടകയിൽ നിന്ന് 13 ലക്ഷവും തമിഴ്നാട്ടിൽ നിന്ന് 3.50 ലക്ഷവും ഓവർസീസിൽ നിന്ന് 56.85 ലക്ഷവും ഉൾപ്പെടെ 2.65 കോടി രൂപയാണ് സിനിമയുടെ ആഗോള അഡ്വാൻസ് ബുക്കിങ് നേട്ടം. സൗഹൃദവും നൊസ്റ്റാൾജിയയും തമാശകളും കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
നവാഗതനായ സവിൻ എസ്എ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിപിൻ ദാസാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങി പ്രമുഖ താരങ്ങളും, നിരവധി സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീത സംവിധാനം അങ്കിത് മേനോൻ, ഛായാഗ്രഹണം-അഖിൽ ലൈലാസുരൻ, കണ്ണൻ മോഹനാണ് എഡിറ്റിങ്.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. 2024 ഓഗസ്റ്റിൽ റിലീസ് ചെയ്ത വാഴയുടെ ആദ്യ ഭാഗം മികച്ച കളക്ഷനാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.











0 comments