ad
Deshabhimani

മലയാളത്തിന്റെ പ്രിയപുത്രിമാർ; തമിഴകത്തിന്റെ 'ഡാർലിങ്സ്'

malayalam actress

മീനാക്ഷി ദിനേശ്, അൻഷിമ അനിൽകുമാർ, അനശ്വര രാജൻ, മമിത ബൈജു, മാളവിക മനോജ്

വെബ് ഡെസ്ക്

Published on May 14, 2026, 06:02 PM | 2 min read

മലയാള സിനിമ എന്നും മറ്റ് ഭാഷാ ഇൻഡസ്ട്രികളിലേക്കുള്ള ഒരു തുറന്ന വാതിലാണ്. അഭിനയപാടവം കൊണ്ട് അന്യഭാഷാ ചിത്രങ്ങളിൽ വെന്നിക്കൊടി പാറിച്ച എത്രയോ നടി-നടന്മാർ നമുക്കുണ്ട്. ഇതിൽ മലയാളത്തിലെ നടിമാരെ എന്നും ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുള്ളത് തമിഴ് സിനിമാ ലോകമാണ്. ഉർവശിയും കൽപ്പനയും മുതൽ അപർണ്ണ ബാലമുരളിയും ഐശ്വര്യ ലക്ഷ്മിയും വരെ തങ്ങളുടെ പ്രകടനം കൊണ്ട് മലയാളത്തിന്റെ യശസ്സ് ഉയർത്തിയവരാണ്. മുൻഗാമികൾ വെട്ടിത്തെളിച്ച ആ പാതയിലൂടെ ഇന്ന് ഒരു കൂട്ടം യുവതാരങ്ങളും ആത്മവിശ്വാസത്തോടെ നടന്നുനീങ്ങുന്നു.


പുതുതലമുറയുടെ തമിഴകം


മലയാള സിനിമയുടെ സ്വാഭാവികതയും തമിഴ് സിനിമാ വ്യവസായത്തിന്റെ ഊർജ്ജവും ഒരുപോലെ സ്വായത്തമാക്കിയ താരങ്ങളാണ് അനശ്വര രാജൻ, മമിത ബൈജു, മീനാക്ഷി ദിനേശ്, അനിഷ്മ അനിൽകുമാർ എന്നിവർ. തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടേതായ ഒരിടം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞു. പരിധിയില്ലാത്ത അഭിനയ സാധ്യതകളുള്ള പുതിയ മുഖങ്ങളായാണ് ഇവർ ഇന്ന് അറിയപ്പെടുന്നത്.


അനശ്വരയും മമിതയുമൊക്കെ മലയാളികൾക്ക് എന്നും 'അടുത്ത വീട്ടിലെ പെൺകുട്ടികൾ' ആണ്. നമ്മുടെ കുടുംബത്തിലെ തന്നെ ഒരാളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കഥാപാത്രങ്ങളാണ് ഇവരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാക്കുന്നത്. ഇതേ സ്നേഹവും ആരാധനയുമാണ് ഇന്ന് തമിഴ് മണ്ണിൽ നിന്നും ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ മലയാള സിനിമ ആഘോഷിക്കുന്നതിനേക്കാൾ അവസരങ്ങൾ ഇപ്പോൾ തമിഴ് ലോകം അവർക്ക് നൽകുന്നു എന്ന് പറഞ്ഞാൽ പോലും അത്ഭുതമില്ല. തമിഴ് പ്രേഷകർ മലയാളത്തിന്റെ പ്രിയ യുവതാരനിരയെെ അത്രയേറെ നെഞ്ചേറ്റിയിരിക്കുന്നു.


പ്രകടനത്തിലെ മികവ്


അസാധാരണമായ അഭിനയ വൈദഗ്ധ്യം തന്നെയാണ് ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതിനൊപ്പം തന്നെ, തമിഴ് സിനിമയുടെ വലിയ ക്യാൻവാസിനോട് അതിവേഗം പൊരുത്തപ്പെടാനും ഇവർക്ക് കഴിഞ്ഞു. ഓരോ ചിത്രത്തിലൂടെയും തങ്ങളുടെ അഭിനയ നിലവാരം ഉയർത്താൻ ഈ യുവതാരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയുടെ വാഗ്ദാനങ്ങളായ ഈ പ്രതിഭകൾ ഗ്ലാമറിനേക്കാൾ ഉപരി പ്രകടനത്തിന് മുൻഗണന നൽകുന്നു എന്നതും ശ്രദ്ധേയമാണ്.


പ്രേമലു എന്ന ചിത്രത്തിലൂടെ മമിത ബൈജു തെന്നിന്ത്യയിൽ മുഴുവൻ സെൻസേഷനായിരുന്നു. തുടർന്ന് വിവിധ ഭാഷകളിൽ നിന്നായി നിരവധി അവസരങ്ങൾ മമിതയെ തേടിയെത്തി. പ്രതീപ് രം​ഗനാഥന്റെ ഡ്യൂഡിൽ കുറൽ, ധനുഷിന്റെ കാരയിൽ സെല്ലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിജയ്‍യുടെ ജനനായകനിലും മികച്ച റോളിൽ മമിതയുണ്ട്. റാങ്കി, ത​ഗ്സ്, ലക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വരയും തമിഴ് പ്രേഷകർക്ക് പ്രിയങ്കരിയായി. ജോ എന്ന ഒറ്റ ചിത്രംകൊണ്ട് പ്രേഷക മനസ് കീഴടക്കിയ മാളവിക മനോജ്, സിറൈ, യൂത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ അനിഷ്മ, മീനാക്ഷി ദിനേശ് തുടങ്ങിയവരാണ് തമിഴ് സിനിമലോകം കീഴടക്കിയ മലയാള നടിമാരിൽ ഒടുവിലത്തെ പേരുകാർ.


മലയാളത്തിൽ നിന്ന് തമിഴിലേക്ക് അരങ്ങേറി അവിടെ സൂപ്പർ താരങ്ങളായി മാറിയ നയൻതാരയെയും നസ്രിയയെയും ഒക്കെ ഓർമ്മിപ്പിക്കുന്നതാണ് ഈ നാലുപേരുടെയും വളർച്ച. മമിത ബൈജുവും അനശ്വര രാജനും ഇതിനോടകം തന്നെ വലിയ പ്രോജക്റ്റുകളുടെ ഭാഗമായി മാറിക്കഴിഞ്ഞു. മീനാക്ഷിയും അനിഷ്മയും തങ്ങളുടെ തനതായ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നു. ഭാഷാഭേദമന്യേ പ്രേക്ഷകർ നെഞ്ചേറ്റുന്ന ഈ നടിമാർ, തെന്നിന്ത്യൻ സിനിമയുടെ കരുത്തുറ്റ മുഖങ്ങളായി മാറുമെന്നതിൽ സംശയമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home