ഹോളിവുഡിൽ എഐക്ക് സ്ഥാനമുണ്ട്; സാങ്കേതികവിദ്യയെ സുഹൃത്താക്കണമെന്ന് സാന്ദ്ര ബുള്ളക്ക്

സാന്ദ്ര ബുള്ളക്ക് | Photo Credit: YouTube/CNBC
ന്യൂയോർക്ക്: ഹോളിവുഡിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) സ്ഥാനമുണ്ടെന്ന് ഓസ്കാർ ജേതാവായ നടി സാന്ദ്ര ബുള്ളക്ക്. സിനിമാ മേഖല എഐ സാങ്കേതികവിദ്യയെ ക്രിയാത്മകമായും ഗുണപരമായും ഉപയോഗിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ "പ്രാക്ടിക്കൽ മാജിക് 2"-ന്റെ ആരാധകർ നിർമ്മിച്ച എഐ ട്രെയിലറുകളോട് പ്രതികരിക്കുകയായിരുന്നു താരം.
"എന്റെ ചിത്രം ഉപയോഗിച്ച് ഇതിലും മോശമായ കാര്യങ്ങൾ സംഭവിക്കാം. പക്ഷേ ഈ സാങ്കേതികവിദ്യ ഇവിടെയുണ്ട്. നമ്മൾ അത് നിരീക്ഷിക്കണം, മനസ്സിലാക്കണം, അതിലേക്ക് ചായണം. തികച്ചും ക്രിയാത്മകമായ രീതിയിൽ ഉപയോഗിച്ച് അതിനെ നമ്മുടെ സുഹൃത്താക്കി മാറ്റണം."- സിഎൻബിസി ചേഞ്ച് മേക്കേഴ്‌സ് സമ്മിറ്റിൽ സംസാരിക്കവെ സാന്ദ്ര ബുള്ളക്ക് വ്യക്തമാക്കി.
എഐ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് നടി ഊന്നിപ്പറഞ്ഞു. "നമ്മൾ വളരെ ജാഗ്രതയുള്ളവരായിരിക്കണം. കാരണം ഇത് തിന്മയ്ക്കായി ഉപയോഗിക്കുന്നവരുണ്ടാകും. എങ്കിലും ഇതിന് ഒരിടമുണ്ടെന്ന് എനിക്ക് തോന്നുന്നു," അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമാ മേഖലയിൽ എഐ ഉപയോഗത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. സ്കാർലറ്റ് ജോഹാൻസൺ, ബെൻ സ്റ്റില്ലർ, മാർക്ക് റഫലോ, കേറ്റ് ബ്ലാഞ്ചെറ്റ് തുടങ്ങിയ സെലിബ്രിറ്റികൾ അനുമതിയില്ലാതെ എഐ പരിശീലനത്തിനായി മനുഷ്യരുടെ സൃഷ്ടികൾ ഉപയോഗിക്കുന്നതിനെതിരെ "സ്റ്റീലിംഗ് ഈസ് നോട്ട് ഇന്നൊവേഷൻ" പോലുള്ള ക്യാമ്പയിനുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.
സുസെയ്ൻ ബിയർ സംവിധാനം ചെയ്യുന്ന "പ്രാക്ടിക്കൽ മാജിക് 2"-ൽ നിക്കോൾ കിഡ്മാനും അഭിനയിക്കുന്നു. 1998ൽ പുറത്തിറങ്ങിയ "പ്രാക്ടിക്കൽ മാജിക്" എന്ന റൊമാന്റിക് ഫാന്റസി ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
ഏപ്രിൽ 13 മുതൽ 16 വരെ ലോസ് ആഞ്ചലസിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ എത്തും.










0 comments