പാർവതി തിരുവോത്ത് സംവിധാനരംഗത്തേക്ക്; തുറന്നുപറഞ്ഞ് താരം

പാർവതി തിരുവോത്ത് | Image Credit: Instagram/par_vathy
ചലച്ചിത്രരംഗത്തെ കരിയറിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി നടി പാർവതി തിരുവോത്ത്. സംവിധാന രംഗത്തേക്ക് കടക്കുകയാണെന്ന് പാർവതി വെളിപ്പെടുത്തി. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണെന്ന് പാർവതി പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്താണ് ഈ പ്രൊജക്ട് ആരംഭിച്ചത്. രണ്ട് തിരക്കഥാകൃത്തുക്കൾ ഒരു തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. സിനിമയിൽ അഭിനയിക്കുന്നത് ആവശ്യപ്പെട്ടാണ് അവർ വന്നതെന്നാണ് ആദ്യം കരുതിയത്. എന്നാൽ, താൻ ഈ ചിത്രം സംവിധാനം ചെയ്യണമെന്നാണ് അവർ ആവശ്യപ്പെട്ടതെന്ന് പാർവതി പറഞ്ഞു.
"ഞാൻ തിരക്കഥ വായിച്ചു, എന്തുകൊണ്ടാണ് അവർ എന്നെക്കൊണ്ട് ഈ സിനിമ സംവിധാനം ചെയ്യിക്കാൻ ആഗ്രഹിച്ചതെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഇത്രയധികം ആവേശഭരിതയായതും ഇതിനായി കാത്തിരുന്നതും. ഈ പ്രൊജക്ട് ശരിയാക്കിയെടുക്കുന്ന കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എനിക്ക് മറ്റ് പല സിനിമകളും ചെയ്യാമായിരുന്നു, പക്ഷേ ഇത് തന്നെയായിരിക്കണം എന്റെ ആദ്യ സിനിമ എന്ന് എനിക്ക് തോന്നുന്നു."- പാർവതി പറഞ്ഞു. സർഗാത്മകമാകാൻ അഭിനയം മാത്രം മതിയെന്ന് തോന്നുന്നില്ലെന്നും നടി വ്യക്തമാക്കി.
‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രങ്ങൾ. ഹൃത്വിക് റോഷൻ നിർമിക്കുന്ന 'സ്റ്റോം' എന്ന ഹിന്ദി വെബ് സീരീസിലും നടി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.










0 comments