ad
Deshabhimani

ഏറെ ദുരൂഹതകളുമായി ഒരു ട്രെയിലർ: കുഞ്ചാക്കോ ബോബൻ ചിത്രം ഉടൻ തിയറ്ററുകളിൽ

വെബ് ഡെസ്ക്

Published on Apr 03, 2026, 02:35 PM | 1 min read

കൊച്ചി: കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ പ്രണയവും ആക്ഷനും നിഗൂഢതയും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 15ന് ചിത്രം തീയറ്ററുകളിലെത്തും.


വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ സേതു എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. റേഡിയോയുടെ സ്ഥിരം ശ്രോതാവായ സേതുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.


ചിരിയും ചിന്തയും ഒപ്പം മിലിട്ടറി അറ്റാക്ക് ഉൾപ്പെടെയുള്ള ആക്ഷൻ രംഗങ്ങളും ട്രെയിലറിലുണ്ട്. ചിദംബരം അവതരിപ്പിക്കുന്ന മിലിട്ടറി കഥാപാത്രം നടത്തുന്ന പരാമർശങ്ങൾ ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രേക്ഷകരിൽ വലിയ ദുരൂഹത ഉളവാക്കുന്നു. റേഡിയോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി മാറുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.


ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി കുഞ്ഞികൃഷ്ണൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇരു നിർമ്മാണ കമ്പനികളും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


അർജുൻ സേതു ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഡോൺ വിൻസന്റാണ് സംഗീത സംവിധാനം. ജസ്റ്റിൻ സ്റ്റീഫൻ (കോ പ്രൊഡ്യൂസർ), സന്തോഷ് കൃഷ്ണൻ (ലൈൻ പ്രൊഡ്യൂസർ), അജിത്ത് വേലായുധൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ) എന്നിവരടങ്ങുന്നതാണ് സാങ്കേതിക നിര. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home