print edition മലയാളം V/S അന്യഭാഷ; പോരാട്ടത്തിന് ഗെറ്റ് റെഡി

മലയാള–അന്യഭാഷാ ചിത്രങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് വേദിയാകുകയാണ് ഇൗ ഓണക്കാലം. യുവതാരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും നിവിൻ പോളിയും കൊന്പുകോർക്കുന്നത് യാഷ്, സൂര്യ, വിശാൽ, നയൻതാര ചിത്രങ്ങളോടാണ്. മോഹൻലാൽ രണ്ട് സിനിമകളിൽ അതിഥി വേഷത്തിൽ എത്തുന്നു. ഓണത്തിന്റെ വരവറിയിച്ച് ആദ്യം എത്തിയത് മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിച്ച ‘തുടക്കം’ ആണ്. ആർ മാധവൻ നായകനായ തമിഴ് ചിത്രം ‘ജിഡിഎൻ’, സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി അഭിനയിക്കുന്ന ‘ഡിസി’ എന്നീ ചിത്രങ്ങളും തുടക്കത്തിനൊപ്പം വെള്ളിയാഴ്‌ച തിയറ്ററുകളിലെത്തി. കോയമ്പത്തൂരിനെ വ്യാവസായിക നഗരമാക്കി മാറ്റിയ പ്രമുഖ ഇന്ത്യൻ എൻജിനിയറായിരുന്ന ജി ഡി നായിഡുവിന്റെ കഥ പറയുന്ന ജിഡിഎൻ ഹിന്ദി, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി പാൻ ഇന്ത്യൻതലത്തിലാണ് റിലീസ്. ഡിസിയിൽ വാമിക ഗബ്ബിയാണ് നായിക. അരുൺ മാതേശ്വരനാണ് സംവിധാനം. ബെറ്റിങ് ലോകത്തിന്റെ കഥപറയുന്ന ദുൽഖർ ചിത്രം ‘ഐ ആം ഗെയിം’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ചിത്രീകരണം ആരംഭിച്ചതുമുതൽ വാർത്തകളിൽ നിറഞ്ഞ ഐ ആം ഗെയിം 20ന് തിയറ്റകളുകളിലെത്തുമെന്ന് അറിയിച്ചുവെങ്കിലും റിലീസ് മാറ്റി.
തുടക്കമിട്ട് ‘തുടക്കം’
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം' ഫാമിലി ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. അരവിന്ദ് സദാശിവനും പ്രധാന വേഷത്തിലെത്തുന്നു. അഖിൽ കൃഷ്ണ, ജൂഡ് ആന്തണി, ലിനീഷ് നെല്ലിക്കൽ എന്നിവരാണ് തിരക്കഥ. ആശീർവാദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന തുടക്കത്തിൽ ജിബിൻ ഗോപിനാഥ്, സായ് കുമാർ, കോട്ടയം രമേശ്, മനോജ് കെ ജയൻ, ജാഫർ ഇടുക്കി, ആശിഷ് ജോ ആന്റണി, ഗണേഷ് കുമാർ, ബോബി കുര്യൻ, ജയാ കുറുപ്പ്, ചിപ്പി തുടങ്ങിയവരും അഭിനയിക്കുന്നു.
ഒപ്പമുണ്ട് സൂര്യയും വിശാലും
നടൻ സൂര്യയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’, വിശാൽ നായകനാകുന്ന ‘മകുടം’, എന്നീ ചിത്രങ്ങൾ വെള്ളിയാഴ്‌ച തിയറ്ററുകളിലെത്തി. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ന്യൂ സൂര്യ ഫിലിംസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. സൂര്യയുടെ കരിയറിലെ നാൽപ്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ് ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് തെലുങ്കിലെ പ്രമുഖ ബാനറായ സിതാര എന്റ്ർടെയ്ൻമെന്റ്‌സ് ആണ് അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് നിർമാതാക്കൾ. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. വിശാൽ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ‘മകുടം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറും ശ്രദ്ധ നേടിയിരുന്നു. തെന്നിന്ത്യയിലെ മുൻനിര നിർമാണ കമ്പനിയായ ആർ ബി ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം വിശാൽ തന്നെയാണ് രചനയും സംവിധാനവും.
ആക്ഷൻ ക്രൈംത്രില്ലറായി ‘ഖലീഫ'
പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ' ആക്ഷൻ ക്രൈംത്രില്ലർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ജിനു ഏബ്രഹാം തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ 20ന് തിയറ്ററുകളിലെത്തും. ‘ഖലീഫ'യിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്വർണക്കള്ളകടത്ത് കഥാപരിസരമായിരിക്കുന്ന ഖലീഫ പ്രതികാരത്തിന്റെയും തിരിച്ചടിയുടെയും കഥയാണ് പറയുന്നത്. ഇന്ദ്രൻസും ബോളിവുഡ് താരം നീൽ നിതിൻ മുകേഷും കൃതി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. ചിത്രം 20ന് റിലീസാകും.
നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്'
നിവിൻ പോളിയും മമിത ബൈജുവും ഒരുമിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്' 21ന് തിയറ്ററുകളിലെത്തും. തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ ചിത്രങ്ങൾക്കുശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീത് പ്രതാപും പ്രധാന വേഷത്തിലെത്തുന്നു. കിരൺ ജോസിയും ഗിരീഷ് എ ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രായവ്യത്യാസമുള്ള ജീവിതപങ്കാളികളുടെ കഥയാണ് ഇൗ റൊമാന്റിക് കോമഡി ചിത്രം പറയുന്നത്. റോഷൻ ഷാനവാസ്, വിനയ് ഫോർട്ട്, ശ്രിന്റാ, മീനാക്ഷി രവീന്ദ്രൻ, ബിന്ദു പണിക്കർ, സുരേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് അഭിനേതാക്കൾ.
‘ടോക്‌സിക്’ 26ന്
തെന്നിന്ത്യൻ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയുന്ന ‘ടോക്‌സിക്’ 26ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വൻ തരംഗം സൃഷ്‌ടിച്ചിരുന്നു. ടീസറുകൾ വലിയ ചർച്ചയായിരുന്നു. ചിത്രത്തിൽ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയുണ്ട്. കന്നഡയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ദക്ഷിണേന്ത്യൻ ഭാഷകളിൽ മൊഴിമാറി എത്തും. ബംഗളൂരുവിൽ നടന്ന, ചിത്രത്തിന്റെ ടീസർ പുറത്തിറക്കൽ ചടങ്ങ് വാർത്താപ്രാധാന്യം നേടിയിരുന്നു. കെജിഎഫ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
തയ്യാറാക്കിയത്: ശ്രീരാജ് ഓണക്കൂർ, കെ എ നിധിൻനാഥ്










0 comments