'കറുപ്പിൽ' മലയാളതിളക്കം; മറുഭാഷാ പ്രേക്ഷകരുടെയും മനസ് കീഴടക്കി ഇന്ദ്രൻസ്

കറുപ്പ് ചിത്രത്തിന്റെ പോസ്റ്റർ (ഇടത്) ഇന്ദ്രൻസ് (വലത്)
കൊച്ചി: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടൻ സൂര്യയും തൃഷയും ഒന്നിച്ചെത്തുന്ന കറുപ്പ് എന്ന ചിത്രത്തിൽ തിളങ്ങി മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസ്. ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. ചിത്രം ഇറങ്ങിയത് മുതൽ പ്രേക്ഷകരിൽ നിന്നും ഉയർന്നു കേൾക്കുന്നത് ഇന്ദ്രൻസിന്റെ നടന മികവിനെ കുറിച്ചാണ്. ക്യാരക്ടർ റോളുകളിൽ എത്തി മലയാളികളെ വിസ്മയിപ്പിച്ച താരം ഇപ്പോൾ മറുഭാഷാ പ്രേക്ഷകരെയും അമ്പരപ്പിക്കുകയാണ്. ഇന്ദ്രൻസാണ് സിനിമയിലെ യഥാർഥ നടനെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. അനഘ അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രത്തിൻറെ അച്ഛൻറെ റോളിലാണ് ഇന്ദ്രൻസ് എത്തുന്നത്. ആദ്യ ദിനത്തിലെ പ്രദർശനങ്ങൾക്കിപ്പുറം ഇന്ദ്രൻസിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകൾ നിറയുകയാണ്. തമിഴ്നാട്ടുകാർ മാത്രമല്ല, മറ്റ് സംസ്ഥാനക്കാരും ഉത്തരേന്ത്യൻ റിവ്യൂവേഴ്സുമൊക്കെ ഇന്ദ്രൻസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലൂടെ എത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് സംവിധായകൻ ആർ ജെ ബാലാജി ഷെയർ ചെയ്തു.
കറുപ്പിലെ യഥാർഥ ഹീറോ, എന്തൊരു നടൻ, ഒരു ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നു എന്നിങ്ങനെ നീളുന്നു ഇന്ദ്രൻസിന് ലഭിക്കുന്ന പ്രശംസകൾ. ചിത്രം പ്രേക്ഷക പ്രശംസ നേടി മുൻപോട്ടു പോവുകയാണ്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.










0 comments