ചിത്രീകരണം പൂർത്തിയായി; ആൻ്റണി വർഗീസ് ചിത്രം 'കാട്ടാളൻ' മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്

കൊച്ചി: ആൻ്റണി വർഗീസ് നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കാട്ടാളൻ്റെ' ചിത്രീകരണം പൂർത്തിയായി. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം 140 ദിവസത്തെ ദീർഘമായ ചിത്രീകരണത്തിന് ശേഷമാണ് പാക്കപ്പ് പ്രഖ്യാപിച്ചത്. ചിത്രം മെയ് മാസത്തിൽ ആഗോളതലത്തിൽ റിലീസ് ചെയ്യും.
തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് വേണ്ടി ആക്ഷൻ ഒരുക്കുന്നത് ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ്. 'ഓങ്-ബാക്ക് 2', 'ബാഹുബലി 2', 'ജവാൻ' തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വലിയ പ്രാധാന്യമാണ് സിനിമയിലെ സംഘട്ടന രംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. 'ഓങ്-ബാക്ക്' സിനിമയിലൂടെ ശ്രദ്ധേയമായ പോംഗ് എന്ന ആനയും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്. ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് സഹായമില്ലാതെ നേരിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തീവാരിയ, ഷിബിൻ എസ് രാഘവ്, പ്രണവ് രാജ്, കോൾ മീ വെനത്ത് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. സിനിമയുടെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആർ ആണ്.
ടി സീരീസ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിലെ 'മജ ക്കോ മല്ലിക' എന്ന ഗാനം നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രു സെൽവരാജ്, രെണദേവ് എന്നിവർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിഹാൽ സാദിഖാണ് പ്രൊമോ ഗാനം ഒരുക്കുന്നത്. ഫാർസ് ഫിലിംസാണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഓഡിയോഗ്രഫി: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട്: സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, വിഎഫ്എക്സ്: ത്രീഡിഎസ്, പിആർഒ: ആതിര ദിൽജിത്ത്.










0 comments