'കോക്ടെയ്ൽ 2' ചിത്രീകരണം പൂർത്തിയായി; ആഘോഷമാക്കി താരങ്ങൾ

ന്യൂഡൽഹി: ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കോക്ടെയ്ൽ 2'. ഷാഹിദ് കപൂർ, കൃതി സനോൻ, രശ്മിക മന്ദാന എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ഹോമി അദജാനിയ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ഷാഹിദ് കപൂർ, കൃതി സനോൻ, രശ്മിക മന്ദാന എന്നിവർക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
"കോക്ടെയ്ൽ 2 ചിത്രീകരണം പൂർത്തിയായി. എനിക്ക് ഈ ചിത്രം വളരെ സ്പെഷ്യലാണ്. എന്റെ ചെറിയ വട്ടുകളും ഭ്രാന്തൻ രീതികളും സഹിച്ച പ്രിയപ്പെട്ട അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും വലിയ സ്നേഹം," എന്നായിരുന്നു ഹോമി കുറിച്ചത്. ഇതിന് താഴെ രശ്മികയും കൃതിയും സ്നേഹം പങ്കുവെച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്.
സെയ്ഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ അഭിനയിച്ച 2012-ലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കോക്ടെയ്ൽ. സിനിമ മാത്രമല്ല അതിലെ പാട്ടുകളും ഇന്നും ഹിറ്റാണ്.
ഈയടുത്തായി താൻ ചെയ്ത സിനിമകളെപ്പോലെ അത്ര ഗൗരവകരമല്ലാത്ത, കുറച്ചുകൂടി ലളിതമായ ഒരു സിനിമയ്ക്കായുള്ള തിരച്ചിലിലായിരുന്നു താനെന്നും തക്കസമയത്താണിത് സംഭവിച്ചതെന്നും കൃതി പറഞ്ഞു.
"ശരിയായ സമയത്താണ് കോക്ടെയ്ൽ 2 സംഭവിക്കുന്നത്. ഇത്തരമൊരു സിനിമയ്ക്കായി ഞാൻ കൊതിക്കുകയായിരുന്നു. നഗര പശ്ചാത്തലത്തിലുള്ള, വളരെ യുവത്വമുള്ള, രസകരമായ ഒരു റോം-കോം ചിത്രത്തിന്റെ ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു," കൃതി പറഞ്ഞു. ഈ സിനിമയുടെ വൈബ് ആദ്യ ഭാഗത്തിന്റേത് പോലെ തന്നെയാണെങ്കിലും കഥയും കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമാണെന്നും താരം കൂട്ടിച്ചേർത്തു.
"ഇതൊരു രണ്ടാം ഭാഗമാണ്. എന്നാലും ആദ്യഭാഗത്തിലെ വൈബ് മാത്രമേ ഇതിലുള്ളൂ. കഥയും കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമാണ്. ഇന്നത്തെ കാലത്തെ ബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറയുന്ന വളരെ പുതിയൊരു പ്രമേയമാണിത്. ഹോമി അദജാനിയയും മാഡോക്ക് ഫിലിംസും വീണ്ടും ഒന്നിക്കുന്നു എന്നത് മാത്രമാണ് ഇതിൽ മാറാത്ത കാര്യം," കൃതി വ്യക്തമാക്കി.
സിനിമയുടെ രണ്ട് പ്രധാന ഷെഡ്യൂളുകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. തന്റെ ലുക്കിനെക്കുറിച്ചും കൃതി ആവേശം പങ്കുവെച്ചു. "മുൻപ് ചെയ്ത സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ഞാൻ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. അത് എന്നെ സംബന്ധിച്ച് വളരെ പുതുമയുള്ളതാണ്," താരം പറഞ്ഞു.
ആദ്യ ഭാഗമായ 'കോക്ടെയ്ൽ' പുറത്തിറങ്ങി 12 വർഷം കഴിഞ്ഞിട്ടും അത് ഇന്നും ഒരു പുതിയ സിനിമയായി നമുക്ക് തോന്നും. അതേ പുതുമ ഈ രണ്ടാം ഭാഗത്തിനുമുണ്ട്. ഷാഹിദിനും രശ്മികയ്ക്കുമൊപ്പം അഭിനയിക്കുന്നത് വലിയ രസമാണ്. ഹോമിയുടെ ചെറിയ വട്ടുകളും രസകരമായ സ്വഭാവവുമെല്ലാം ലൊക്കേഷനെ എപ്പോഴും ആവേശഭരിതമാക്കാറുണ്ട്," കൃതി കൂട്ടിച്ചേർത്തു.
'തേരി ബാത്തോൻ മേം ഐസാ ഉൽഝാ ജിയ' എന്ന സിനിമയ്ക്ക് ശേഷം ഷാഹിദും കൃതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2026 അവസാനത്തോടെ 'കോക്ടെയ്ൽ 2' തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.











0 comments