അല്ലു അർജുൻ - ത്രിവിക്രം കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; ഒരുങ്ങുന്നത് 1000 കോടിയുടെ ബിഗ്ബഡ്ജറ്റ് ചിത്രം

കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്തെ വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുനും ശ്രദ്ധേയ സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ പുരാണ ഇതിഹാസവുമായാണ് ഈ ഹിറ്റ് ജോഡി എത്തുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. 1000 കോടിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
'ജുലായി', 'സൺ ഓഫ് സത്യമൂർത്തി', 'അല വൈകുണ്ഡപുരമുലു' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അല്ലു അർജുനും ത്രിവിക്രമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 'അല വൈകുണ്ഠപുരമുലു' ദക്ഷിണേന്ത്യയിൽ ഒട്ടേറെ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ പ്രോജക്റ്റ് ഒരു പാൻ-ഇന്ത്യൻ ചിത്രമെന്നതിലുപരി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ദൃശ്യവിസ്മയമായിരിക്കും എന്നാണ് സൂചന.
ഇന്ത്യൻ പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശക്തമായ കഥാപരിസരവും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളും അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളുമായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് 2027 ഫെബ്രുവരിയിൽ ആയിരിക്കും. അല്ലു അർജുന് വേണ്ടി ത്രിവിക്രം തയ്യാറാക്കിയ ഒരു പ്രത്യേക തിരക്കഥയാണിതെന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വൻ വിജയമായി മാറിയ 'പുഷ്പ 2'-വിന് ശേഷം അല്ലു അർജുൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.











0 comments