സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം വരുന്നു

'നാനും റൗഡി താന്‍ ' എന്ന ഹിറ്റ് ചിത്രത്തിലൂടെ യുവ തമിഴ് സിനിമാ സംവിധായകരുടെ നിരയില്‍ ശ്രദ്ധേയനായ വിഘ്‌നേഷ് ശിവന്‍ സൂര്യയെ നായകാനാക്കി അണിയിച്ചൊരുക്കുന്ന 'താനാ സേര്‍ന്ത കൂട്ട'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സൂര്യ നായകനാവുന്ന ചിത്രത്തിന്റെ രചനയും വിഘ്‌നേഷ് തന്നെയാണ്. മലയാളിയായ കീര്‍ത്തി സുരേഷാണ് നായിക. കാര്‍ത്തിക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. രമ്യാകൃഷ്ണന്‍, നന്ദ, സെന്തില്‍, ആര്‍ ജെ ബാലാജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ദിനേഷ് കൃഷ്ണന്‍ ഛായാഗ്രഹണവും അനിരുദ്ധ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നു.
ചിത്രത്തെകുറിച്ച് സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ വാക്കുകള്‍;
' ജീവിതത്തില്‍ ഓരോ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ടവര്‍,പീഡനമേറ്റവര്‍ ഇവര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ എന്തു സംഭവിക്കും എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വിഷയമാണ് ചിത്രത്തിന്റെ പ്രമേയത്തിന് ആധാരം. അത് ഒരു വിനോദ ചിത്രത്തിന്റെ ഫോര്‍മുലയില്‍ രസകരമായും കളര്‍ഫുള്ളായും പറഞ്ഞിരിക്കയാണ് 'താനാ സേര്‍ന്ത കൂട്ട'ത്തില്‍. ഇത് സൂര്യയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു പുതിയ പ്ലോട്ടാണ്.അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേഷത്തില്‍, അദ്ദേഹത്തെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കയാണ്.
വില്ലനെ കുറിച്ച് പറയുകയാണെങ്കില്‍, ഇതില്‍ വില്ലന്റെ കാഴ്ചപ്പാടില്‍ നായകനായിരിയ്ക്കും വില്ലന്‍. കാര്‍ത്തിക്കാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ ഒറ്റ വാക്കില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ വില്ലന്‍ എന്ന് പറയാനുമാവില്ല. ഒരു വൈവിദ്ധ്യം കാര്‍ത്തിക്കിന്റെ കഥാപാത്രത്തിനുണ്ട്.അത് സൂര്യയുടെ കഥാപാത്രത്തെ പോലെ തന്നെ പുതുമയുള്ളതുമായിരിയ്ക്കും... പൊതുവെ കാര്‍ത്തിക്ക് അത്ര പെട്ടെന്നൊന്നും ഒരു കഥാപാത്രത്തെ സ്വീകരിക്കുന്ന കൂട്ടത്തിലുള്ള നടനല്ല. ഈ കഥാപാത്രം അദ്ദേഹം ചെയ്താല്‍ നന്നായിരിയ്ക്കുമെന്ന് കരുതി സമീപിച്ചു. അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടു. കാര്‍ത്തിക്ക് സാറിന്റെ കഥാപാത്രവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായിരിക്കും.
'സ്റ്റുഡിയോ ഗ്രീന്‍' കെ ഇ ജ്ഞാനവേല്‍ നിര്‍മ്മിക്കുന്ന 'താനാ സേര്‍ന്ത കൂട്ടം' ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും.










0 comments