ആദ്യ മൂന്നുമാസം റിലീസ് ചെയ്തത് 62 മലയാള സിനിമ; നേട്ടം മൂന്നെണ്ണത്തിന് മാത്രം


സ്വന്തം ലേഖകൻ
Published on Apr 19, 2026, 07:20 PM | 1 min read
കൊച്ചി: പുതുവർഷത്തിലെ ആദ്യ മൂന്നുമാസം തിയറ്ററിലെത്തിയ 62 മലയാള സിനിമകളിൽ സാന്പത്തിക വിജയം നേടിയത് മൂന്നെണ്ണം. ആഗോള ബോക്സോഫീസിൽ 125 കോടിയിലേറെ സമാഹരിച്ച ‘ആട് 3’ തിയറ്ററുകളിൽ തുടരുന്നു. അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷമിട്ട ചത്ത പച്ച, ഗണപതി നായകനായ ‘പ്രകമ്പനം’ എന്നിവയാണ് മെച്ചപ്പെട്ട സാമ്പത്തിക വിജയം നേടിയ മറ്റ് രണ്ട് സിനിമകൾ.
ഏപ്രിൽ ആദ്യവാരം തിയറ്ററിലെത്തിയ ‘വാഴ 2’ ആണ് പുതുവർഷത്തിന്റെ ആദ്യപകുതിയിലെ രണ്ടാംപാദത്തിൽ പ്രതീക്ഷ വാനോളമുയർത്തിയ ചിത്രം. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ യുവതാരങ്ങൾ പ്രധാന വേഷമിട്ട ഇൗ സിനിമ 200 കോടി ക്ലബ്ബിലെത്തി.
ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ബിജു മേനോൻ നായകനായ വലതുവശത്തെ കള്ളൻ, അജു വർഗീസ്, നിഖില വിമൽ എന്നിവർ പ്രധാന വേഷമിട്ട പെണ്ണുകേസ്, നാദിർഷ സംവിധാനംചെയ്‌ത മാജിക് മഷ്‌റൂംസ്, നിവിൻ പോളി നായകനായ ബേബി ഗേൾ, പ്രതിഛായ, ജയറാം, കാളിദാസ് എന്നിവർ പ്രധാന വേഷമിട്ട ആശകൾ ആയിരം, എബ്രിഡ് ഷൈൻ സംവിധാനംചെയ്‌ത സ്‌പാ, രജിഷ വിജയൻ വേഷമിട്ട മസ്‌തിഷ്‌ക മരണം തുടങ്ങിയവ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല.
കേരളത്തിലെ തിയറ്ററുകളിലും ആഗോള ബോക്സോഫീസിലും നേട്ടമുണ്ടാക്കിയ ‘ആട് 3’ 100 കോടി ക്ലബ്ബിൽ കയറിയ പതിനാലാമത് മലയാളചിത്രമായി. ആദ്യവാരം 90 കോടി സമാഹരിച്ച മോഹൻലാലിന്റെ എംപുരാനുശേഷം ആഗോള ബോക്സോഫീസിൽ ഉയർന്ന കലക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോഡുമിട്ടു. ചത്ത പച്ച 35 കോടിയിലേറെയും പ്രകന്പനം 21 കോടിയോളവും നേടിയതായാണ് ഐഎംഡിബി (ഇന്ത്യൻ മൂവി ഡാറ്റ ബേസ്) കണക്ക്. നവാഗതനായ ജിത്തു കൃഷ്‌ണൻ സംവിധാനംചെയ്‌ത ‘സംഭവം അധ്യായം ഒന്ന്’ പ്രേക്ഷകശ്രദ്ധ നേടി.
തുടരും, ലോക എന്നിവയ്‌ക്കുശേഷം കേരള ബോക്സോഫീസിൽനിന്ന് 100 കോടി ക്ലബ്ബിലെത്തിയ ചിത്രംകൂടിയാണ് ‘വാഴ 2’. റിലീസ് ചെയ്ത് ഏഴുദിവസത്തിനുള്ളിലാണ് ഇൗ നേട്ടം. ഏപ്രിലിൽ റിലീസായ മോഹിനിയാട്ടവും ഹിറ്റ് ചാർട്ടിലാണ്.











0 comments