ad
Deshabhimani

ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആൻ ഹുയിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:34 AM | 0 min read

തിരുവനന്തപുരം > 29 –-ാമത് ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ഹോങ്കോങ് സംവിധായികയും നടിയുമായ ആൻ ഹുയിക്ക്. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബർ 13ന് വൈകിട്ട് ആറിന്‌  നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

ഏഷ്യയിലെ വനിതാ സംവിധായികമാരിൽ പ്രധാനിയായ ആൻഹുയി ഹോങ്കോങ് നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താക്കളിലൊരാളാണ്. 2020ൽ നടന്ന 77–-ാമത് വെനീസ് ചലച്ചിത്രമേളയിൽ ആയുഷ്‌കാല സംഭാവനയ്‌ക്കുള്ള ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയിരുന്നു. 1997ലെ 47–-ാമത് ബെർലിൻ ചലച്ചിത്രമേളയിൽ ബെർലിനാലെ ക്യാമറ പുരസ്‌കാരം, 2014ലെ 19–-ാമത് ബുസാൻ മേളയിൽ ഏഷ്യൻ ഫിലിം മേക്കർ ഓഫ് ദ ഇയർ അവാർഡ്, ന്യൂയോർക്ക് ഏഷ്യൻ ചലച്ചിത്രമേളയിൽ സ്‌റ്റാർ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിങ്ങനെ മുൻനിരമേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ആൻ ഹുയിക്ക് ലഭിച്ചിട്ടുണ്ട്.

ഹോങ്കോങ് സിനിമയ്ക്ക്‌ സ്ത്രീപക്ഷ കാഴ്ചപ്പാട് നൽകിയ സംവിധായിക


തിരുവനന്തപുരം > ഹോങ്കോങ് നവതരംഗ മുന്നേറ്റത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് പകർന്നു നൽകിയ ഹോങ്കോങ്‌   സംവിധായികയാണ്‌ ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയി. ഏഷ്യൻ സംസ്‌കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയിൽനിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങിന്റെ ഭരണമാറ്റം ജനജീവിതത്തിൽ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം, സാംസ്‌കാരികമായ അന്യവൽക്കരണം എന്നിവയാണ് ആൻ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങൾ. 77കാരിയാണ്‌ ആൻ ഹുയി.

ചൈനയിലെ ലയോണിങ് പ്രവിശ്യയിലെ അൻഷാനിൽ 1947ൽ ജനിച്ച ആൻ ഹുയി 1952ലാണ്‌ ഹോങ്കോങിലേക്ക് മാറിയത്‌. ഹോങ്കോങ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. 1975ൽ ലണ്ടൻ ഫിലിം സ്‌കൂളിൽ ചലച്ചിത്രപഠനം പൂർത്തിയാക്കി ടെലിവിഷൻ ബ്രോഡ് കാസ്‌റ്റ്‌ ലിമിറ്റഡിൽ ഡയറക്ടർ ആയി ജോലി തുടങ്ങി.1979ൽ സംവിധാനം ചെയ്‌ത ‘ദ സീക്രറ്റ്’ ആണ് ആദ്യചിത്രം. 26 ഫീച്ചർ സിനിമകളും രണ്ട് ഡോക്യുമെന്ററികളും നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്‌തു.

ഹോങ്കോങ് ചലച്ചിത്ര അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആറു തവണ നേടി. 29–-ാമത് ഐഎഫ്എഫ്കെയിൽ ആൻ ഹുയിയുടെ ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിൾ, എയ്റ്റീൻ സ്പ്രിങ്‌സ്, എ സിമ്പിൾ ലൈഫ്, ദ പോസ്‌റ്റ്‌ മോഡേൺ ലൈഫ് ഓഫ് മൈ ഓൺട് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home