വരകളിൽ വിസ്മയം തീർക്കുന്നവർ; ടൈറ്റിൽ ഡിസൈനിങ്ങിന് പിന്നിലെ അറിയാക്കഥകൾ


അമ്പിളി ചന്ദ്രമോഹനൻ
Published on Sep 21, 2026, 04:09 PM | 8 min read
ഒരു സിനിമയുടെ കഥ പ്രേക്ഷകനോട് പറയാതെ തന്നെ, ആ സിനിമയുടെ ലോകത്തേക്ക് അവരെ പതുക്കെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്ന ഒന്നാണ് അതിന്റെ ടൈറ്റിൽ. നിറം, ഫോണ്ട്, ടൈപ്പോഗ്രഫി, അക്ഷരങ്ങൾക്കുള്ളിലെ സൂക്ഷ്മമായ സൂചനകൾ—ഓരോന്നും സിനിമയുടെ സ്വഭാവവും മൂഡും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായകമാണ്. ചിലപ്പോൾ സിനിമ കണ്ടുതീർന്ന ശേഷമാണ് ഒരു ടൈറ്റിലിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന കഥയുടെ സൂചനകൾ പ്രേക്ഷകന് പൂർണമായി മനസ്സിലാകുന്നത്.
മലയാള സിനിമയിലെ ശ്രദ്ധേയമായ ടൈറ്റിൽ പോസ്റ്റർ ഡിസൈനുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് യെല്ലോ ടൂത്ത്സ്. സിനിമയുടെ കഥയും കഥാപാത്രങ്ങളും പ്രമേയവുമെല്ലാം അക്ഷരങ്ങളിലൂടെയും ഡിസൈനിലൂടെയും എങ്ങനെ ഒളിപ്പിക്കാം എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ യെല്ലോ ടൂത്ത്സിന്റെ ടൈറ്റിൽ ഡിസൈനുകളിൽ കാണാം. 'ജോജി', 'ആർഡിഎക്സ്', 'എആർഎം', 'ഹൃദയപൂർവ്വം', 'തുടരും', 'പ്രേമലു', 'പൊൻമാൻ' തുടങ്ങി നിരവധി ചിത്രങ്ങളുടെ ടൈറ്റിലുകൾക്ക് പിന്നിൽ പ്രവർത്തിച്ച യെല്ലോ ടൂത്ത്സിലെ ക്രിയേറ്റീവ് ഹെഡും ടൈറ്റിൽ ഡിസൈനറുമായ വരുൺ സുബ്രഹ്മണ്യൻ, ടൈറ്റിലുകളുടെ ക്രിയേഷനു പിന്നിലെ അറിയാക്കഥകൾ ദേശാഭിമാനിയോട് പങ്കുവയ്ക്കുന്നു.
വരുൺ ആറ് വർഷങ്ങൾക്കുള്ളിൽ ഡിസൈൻ ചെയ്ത സിനിമ ടൈറ്റിലുകൾ
ആറ് വർഷം, നൂറിലേറെ സിനിമകൾ
യെല്ലോ ടൂത്ത്സിന്റെ ക്രിയേറ്റീവ് ഹെഡും ടൈറ്റിൽ ഡിസൈനറുമാണ്. ആറ് വർഷമായി ഇവിടെ ജോലി ചെയ്യുന്നു. റിലീസ് ചെയ്തതും റിലീസ് ചെയ്യാത്തതുമായ നൂറിലധികം സിനിമകളുടെ ടൈറ്റിലുകൾ ചെയ്തിട്ടുണ്ട്. ടൈറ്റിൽ ചെയ്ത ആദ്യ ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'ജോജി'യാണ്. ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന 'ആശ'യുടെയും 'മെഡിക്കൽ മിറാക്കിളി'ന്റെയും ടൈറ്റിൽ ചെയ്തത് ഞാൻ തന്നെയാണ്.
വരയിൽ നിന്ന് ടൈറ്റിൽ ഡിസൈനിലേക്ക്
യെല്ലോ ടൂത്തിലെ സഹപ്രവർത്തകർക്കൊപ്പംബി.ടെക് ആണ് പഠിച്ചത്. അത് കഴിഞ്ഞപ്പോൾ ഡിസൈനിങ് പഠിക്കണമെന്നുണ്ടായിരുന്നു. ചെറുപ്പം മുതൽ തന്നെ വരയ്ക്കാൻ താൽപര്യമുണ്ടായിരുന്നു. സിനിമയിലെ ടൈറ്റിൽ, പോസ്റ്റർ ഡിസൈനിങ് സാധ്യതകളെ തിരിച്ചറിഞ്ഞതോടെയാണ് യെല്ലോ ടൂത്ത്സിലേക്കെത്തുന്നത്.
അന്ന് കൊറോണ വൈറസ് ബാധയെ തുടർന്ന് കേരളത്തിന്റെ എല്ലാ മേഖലകളും അടച്ചുപൂട്ടി. സിനിമാ മേഖലയും പ്രതിസന്ധിയിലായി. അക്കാലത്ത് കുറച്ച് പ്രോജക്ടുകൾ ബാക്കിയുണ്ടായിരുന്നു. ടൈറ്റിൽ ചെയ്യാൻ താൽപര്യമുണ്ടോ എന്ന് യെല്ലോ ടൂത്ത്സിലെ അനീഷേട്ടൻ ചോദിച്ചു. അങ്ങനെയാണ് ടൈറ്റിൽ ഡിസൈൻ രംഗത്തേക്ക് എത്തുന്നത്. പിന്നെ അവിടെനിന്ന് എല്ലാം ചെയ്ത് പഠിക്കുകയായിരുന്നു.
ഒരു ടൈറ്റിൽ പിറക്കുന്നത് എങ്ങനെ?
സംവിധായകനും തിരക്കഥാകൃത്തുക്കളും ഒരു സിനിമയുടെ ടൈറ്റിൽ ചെയ്യാൻ നമ്മളെ സമീപിക്കുമ്പോൾ ആദ്യം ആ ചിത്രത്തിന്റെ കഥ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അറിയിക്കും. ചിത്രത്തിന്റെ ഒരു ചുരുക്ക വിവരണം നമ്മളുമായി പങ്കുവച്ച ശേഷം നമ്മുടെ ഭാഗത്തുനിന്നുള്ള ക്രിയേറ്റീവ് ഐഡിയകൾ പറയും. അതിൽ അവർക്കും ഒരുപാട് കാര്യങ്ങൾ കൂട്ടിച്ചേർക്കാനുണ്ടാകും. അങ്ങനെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഒരു ടൈറ്റിൽ രൂപപ്പെടുത്തുന്നത്.
'ജോജി'യിൽ ഒളിപ്പിച്ച രഹസ്യങ്ങൾ
2021ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ മലയാള സിനിമയാണ് 'ജോജി'. ശ്യാം പുഷ്കരനാണ് രചന. ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ ചെയ്യുന്ന സമയത്ത് മൂന്ന് സന്ദർഭങ്ങളാണ് സിനിമയുടെ ടീം ഞങ്ങൾക്ക് തന്നിരുന്നത്—ഗുളിക നൽകി ഒരാളെ കൊലപ്പെടുത്തുന്ന സീക്വൻസ്, ജോജി എന്ന കഥാപാത്രം കുറച്ച് പ്രത്യേകതകളുള്ള ആളാണ് എന്ന സൂചന, ഒരു ഗൺ ഷോട്ട്. സിനിമ കണ്ട് കഴിയുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങളാണിവ.
പിന്നീട് ഈ സന്ദർഭങ്ങൾ കൃത്യമായി ടൈറ്റിലിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു ടൈറ്റിൽ ഡിസൈൻ ചെയ്യുമ്പോൾ ആലോചിച്ചത്. വെറുതെ ഒരു ഗുളികയുടെ ചിത്രമോ രൂപമോ ഉപയോഗിച്ചാൽ പ്രേക്ഷകർക്ക് അത് പ്രത്യക്ഷത്തിൽ പെട്ടെന്ന് മനസ്സിലാകും. അങ്ങനെ അവർക്ക് മനസ്സിലാകാതെ ചെയ്യുന്നതിലാണ് ക്രിയേറ്റിവിറ്റിയുള്ളത്. അത് ഒളിപ്പിച്ചുവയ്ക്കുകയും എന്നാൽ സിനിമ കണ്ട് കഴിയുന്ന ഒരു പ്രേക്ഷകന് വളരെ ലളിതമായി ചിത്രത്തിന്റെ കഥ ടൈറ്റിലിൽനിന്ന് മനസ്സിലാക്കുകയും ചെയ്യണം.
'ജോജി' എന്ന് എഴുതുമ്പോൾ 'ഒ'യുടെ ഉള്ളിൽ ഒരു നെഗറ്റീവ് സ്പേസ് കണ്ടപ്പോഴാണ് അവിടെ എങ്ങനെ ഗുളികയുടെ രൂപം ഉൾപ്പെടുത്താം എന്ന് ചിന്തിച്ചത്. 'ഐ' എന്ന അക്ഷരത്തിൽ ഒരു വെടിയുണ്ട തുളച്ചുകയറുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. അത് ആ കഥയിലെ സന്ദർഭങ്ങൾക്ക് അനുസരിച്ചാണ് ചെയ്തിട്ടുള്ളത്.
'ഫാൻസി'ൽ നിന്നും ടൈറ്റിൽ ഡിസൈനറിലേക്ക്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമിറങ്ങുമ്പോൾ ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. ആ സമയത്ത് അതിനുവേണ്ടി ഒരു ഫാൻമെയ്ഡ് ടൈപ്പോഗ്രഫി ചെയ്തിരുന്നു. അന്ന് അത് വിനീത് ശ്രീനിവാസനും പ്രൊഡ്യൂസറായ വൈശാഖ് സുബ്രഹ്മണ്യത്തിനും ഇൻസ്റ്റഗ്രാമിൽ അയച്ചു നൽകി. അന്ന് അത് അവർ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല.
ഒരുകാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ടൈറ്റിൽ ഞാൻ ഡിസൈൻ ചെയ്യുമെന്ന് അന്ന് പ്രതിക്ഷിച്ചിരുന്നില്ല. 'വഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചെയ്യാനായി വിനീതേട്ടൻ യെല്ലോ ടൂത്തിനെ സമീപിച്ചപ്പോൾ ആ ഡിസൈൻ എന്നിലേക്കെത്തി. അദ്ദേഹത്തിന്റെ 'കരം' എന്ന ചിത്രത്തിന്റെ ഡിസൈൻ ചെയ്തതും ഞാൻ തന്നെയായിരുന്നു.
'ഭരതനാട്യം' മുതൽ 'രാസലീല' വരെ
'ഭരതനാട്യം' ചെയ്യുമ്പോൾ അതിലെ ഇരട്ടക്കുട്ടികളായിരുന്നു പ്രധാന ആകർഷണം. പ്രേക്ഷകർക്കും പെട്ടെന്ന് കണക്ട് ആകുന്ന ഫാക്ടർ അതുതന്നെയായിരുന്നു. അവരെ സൂചിപ്പിക്കുന്ന രണ്ട് മുഖങ്ങൾ ടൈറ്റിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ര'യിലും 'ന'യിലുമാണ് ആ മുഖങ്ങൾ ചെയ്തിരിക്കുന്നത്.
രണ്ടാം ഭാഗമായ 'മോഹിനിയാട്ട'ത്തിലേക്ക് വരുമ്പോൾ സിനിമ ഡാർക്ക് കോമഡിയിലേക്ക് ഷിഫ്റ്റ് ആയി. അപ്പോൾ ടൈറ്റിലിന്റെ നിറങ്ങളിലും മാറ്റം വരുത്തി. ചിത്രത്തിലെ പ്രധാന സംഭവം ഒരു മൃതദേഹമായിരുന്നു. അത് എങ്ങനെ സിനിമയുടെ ടൈറ്റിലിലേക്ക് എത്തിക്കാമെന്ന ചിന്തയായിരുന്നു പിന്നീട്. അപ്പോഴാണ് രണ്ട് കാൽപ്പാദങ്ങൾ ഉൾപ്പെടുത്താം എന്ന ഐഡിയയിലേക്ക് വരുന്നത്. അങ്ങനെയാണ് 'മോഹിനിയാട്ട'ത്തിലെ 'ന'യിൽ രണ്ട് കാലുകൾ ഉൾപ്പെടുത്തിയത്.
ചിത്രത്തിന്റെ അടുത്ത ഭാഗമായി 'രാസലീല' വരുന്നുണ്ട്. 'രാസലീല'യ്ക്കുവേണ്ടി കുറച്ച് കാര്യങ്ങൾ അതിനകത്ത് മാറ്റിവച്ചിട്ടുണ്ട്. അത് കൂടുതൽ വ്യക്തമാക്കിയിട്ടില്ല എന്നേയുള്ളൂ. പക്ഷേ സിനിമ തിയറ്ററിലെത്തി കണ്ട് കഴിയുമ്പോൾ പ്രേക്ഷകർക്ക് അത് മനസ്സിലാകുന്ന തരത്തിലാണ് ചെയ്തിരിക്കുന്നത്.
അക്ഷരങ്ങളിൽ മൂന്ന് കഥാപാത്രങ്ങൾ
'ആർഡിഎക്സ്' ആണ് മറ്റൊരു ചിത്രം. അതിലെ മൂന്ന് കഥാപാത്രങ്ങൾ തന്നെയാണ് അതിൽ പ്രധാനം—റോബർട്ട്, ഡോണി, സേവ്യർ. അവരുടെ പേരിലെ ആദ്യ അക്ഷരങ്ങളാണ് അതിൽ ഉൾപ്പെടുത്തിയത്.
പിന്നെ ആ ടൈറ്റിലിന് ഒരു ചൈനീസ് റഫറൻസുണ്ട്. അത് ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ സൂചിപ്പിക്കാൻ വേണ്ടിയാണ് ഉൾപ്പെടുത്തിയത്. കരാട്ടെയും ബോക്സിങ്ങും ഒക്കെ ചിത്രത്തിൽ അവർ ചെയ്യുന്നുണ്ട്. നഞ്ചക്കും അതിലെ ഒരു ഘടകമാണ്.
തിയറ്ററിൽ ആനിമേഷൻ വരുമ്പോൾ മാസായിരിക്കണം എന്ന് വിചാരിച്ച് ചെയ്ത ടൈറ്റിലാണ് 'ആർഡിഎക്സ്'.
'ചത്ത പച്ച'യിലെ പഞ്ച്
'ചത്ത പച്ച'യും ഇതുപോലെ തന്നെയാണ്. ചിത്രത്തിന്റെ തുടക്കത്തിൽ പഴയ സാധനങ്ങളൊക്കെ വച്ചാണ് അവർ ആദ്യം ബോക്സിങ് റിങ് ഉണ്ടാക്കുന്നത്. പഴമ തോന്നാനായി തുരുമ്പ് പോലെയുള്ള ഒരു ഫിനിഷിങ്ങാണ് നൽകിയത്.
പിന്നെ സംവിധായകന് ആവശ്യം ബോക്സിങ്ങിലെ പഞ്ച് കൊണ്ട് പൊട്ടിത്തെറിച്ചപോലെയുള്ള ഒരു ടൈറ്റിലായിരുന്നു. അത് അതുപോലെ തന്നെ നിലനിർത്തി. ഒരുപാട് ദിവസം എടുത്ത് ചെയ്ത ടൈറ്റിലാണ് 'ചത്ത പച്ച'യുടേത്.
ചോതി വിളക്ക്
'എആർഎം' ടൈറ്റിലിൽ സൂക്ഷിച്ച് നോക്കിയാൽ സിനിമയിലെ ചോതി വിളക്ക് എന്ന സംഭവം വ്യക്തമായി കാണാം. അതിന്റെ റഫറൻസുകൾ ഉപയോഗിച്ചാണ് ആ ടൈറ്റിൽ ഒരുക്കിയിട്ടുള്ളത്. ആ വിളക്ക് എങ്ങനെയായിരുന്നോ അതുപോലെ തന്നെ കുറച്ച് പഴമ തോന്നുന്ന രീതിയിലാണ് ടൈറ്റിൽ ചെയ്തിട്ടുള്ളത്.
ഒരു വിഗ്രഹം പോലെ കൊത്തുപണിയൊക്കെയുള്ള ടൈറ്റിൽ വേണമെന്നത് സംവിധായകൻ ജിതിൻ ലാലിന് നിർബന്ധമുണ്ടായിരുന്നു.
അതിന്റെ ആനിമേഷൻ ടൈറ്റിൽ കാണുമ്പോൾ തന്നെ അത് മനസ്സിലാകും. ലോഹം ഉരുക്കി ഒഴിച്ച് ഉണ്ടായി വരുന്ന രീതിയിലാണ് ടൈറ്റിൽ ഗ്രാഫിക്സ് ചെയ്തിരിക്കുന്നത്.
മോഹൻലാലിന്റെ കയ്യൊപ്പ്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂർവ്വം' സിനിമയുടെ ടൈറ്റിലും ചെയ്തിരുന്നു. ആ ചിത്രത്തിനായി പല റഫറൻസുകളും ചെയ്തു. എന്നാൽ അതൊന്നും അത്ര വർക്കായില്ല.
മോഹൻലാലിന്റെ ഒപ്പ് എല്ലാവർക്കും അറിയാവുന്നതാണല്ലോ. പെട്ടെന്നാണ് ഒരു ദിവസം അത് ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹത്തിന്റേത് നല്ല കൈപ്പടയാണ്. ഞാൻ അതിന്റെ ഒരു ഡമ്മിയിൽ 'ഹൃദയപൂർവ്വം' ചെയ്ത് ഒരു ടൈറ്റിൽ ഡിസൈൻ അയച്ചുനൽകി. അത് അണിയറപ്രവർത്തകർ ലാലേട്ടനെ കാണിച്ചു.
അപ്പോൾ അദ്ദേഹം പറഞ്ഞു, “എന്തിനാ മോനേ അത് പോലെ ഒരെണ്ണം, ഞാൻ തന്നെ ഇട്ടുതരാം” എന്ന്. അദ്ദേഹം ഒരു പേപ്പർ എടുത്ത് പല രീതിയിൽ 'ഹൃദയപൂർവ്വം' എഴുതി തന്നു. അദ്ദേഹത്തിന്റെ ഹാൻഡ് റൈറ്റിങ്ങിൽ എഴുതിത്തന്ന ടൈറ്റിലുകളിൽനിന്ന് ഓരോ അക്ഷരങ്ങളെടുത്ത് കൂട്ടിച്ചേർത്തുണ്ടാക്കിയ ടൈറ്റിലാണ് 'ഹൃദയപൂർവ്വ'ത്തിന്റേത്.
മോഹൻലാലിന്റെ തന്നെ നിരവധി ചിത്രങ്ങളുടെ ടൈറ്റിൽ ചെയ്തിട്ടുണ്ട്. 'ഹൃദയപൂർവ്വം', 'തുടരും' ഒക്കെയാണ് റിലീസ് ആയ ചിത്രങ്ങൾ. ഇനി റിലീസാകാനുള്ള 'അതിമനോഹരം', 'നെടുംകണ്ടം മിറാക്കിൾ' തുടങ്ങിയ ചിത്രങ്ങളുടെ ടൈറ്റിലുകളും ചെയ്തിട്ടുണ്ട്.
'അതിമനോഹരം'ത്തിന്റെ ടൈറ്റിലിൽ പല തട്ടുകളിലായാണ് അക്ഷരങ്ങൾ അടുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മോഹൻലാൽ എത്തുന്നത്. അതിനുള്ള സൂചനകൾ തലക്കെട്ടിൽ നൽകിയിട്ടുണ്ട്. അതിലെ കൂടുതൽ കാര്യങ്ങൾ സിനിമ കണ്ട് കഴിയുമ്പോഴായിരിക്കും പ്രേക്ഷകർക്ക് മനസ്സിലാകുക.
തുന്നിച്ചേർത്ത 'തുടരും'
'തുടരും' സംവിധായകൻ തരുൺ മൂർത്തിയുമായി അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഓപ്പറേഷൻ ജാവ' മുതൽ പരിചയമുണ്ട്. ഓരോ സിനിമയിലും ആ ചിത്രത്തിന്റെ കോർ എലമെന്റ് ടൈറ്റിലിൽ ഉൾപ്പെടുത്തണം എന്ന വാശിയുള്ളയാളാണ് അദ്ദേഹം.
'സൗദി വെള്ളക്ക' എന്ന ചിത്രത്തിൽ സമൻസ് എഴുതുന്ന രീതിയിൽ ഒപ്പും ടൈപ്പ് റൈറ്റർ സ്റ്റൈലും ഉൾപ്പെടുത്തിയിരുന്നു.
'തുടരും'ലേക്ക് എത്തിയപ്പോൾ അത് കുറച്ചുകൂടി വലിയ സിനിമയായിരുന്നു. അതിന്റേതായ മാറ്റം അതിന് വേണമെന്നുണ്ടായിരുന്നു. ഒരുപാട് വർക്ക് ചെയ്ത ടൈറ്റിലാണത്. പഴയ ലിപിയിലുള്ള മലയാള അക്ഷരത്തിൽ തുടങ്ങി പുതിയ ലിപിയിലേക്ക് എത്തുന്ന രീതിയിലാണ് അത് ചെയ്തത്. അതിലെ കഥാപാത്രങ്ങളുടെ ജീവിതം സൂചിപ്പിക്കാനാണ് അങ്ങനെ ചെയ്തത്.
പിന്നെ ഓരോ അക്ഷരങ്ങളും തമ്മിൽ തുന്നിച്ചേർത്തതുപോലെയാണ് ചെയ്തിരിക്കുന്നത്. ആ ഐഡിയയും തരുൺ ചേട്ടൻ തന്നെയാണ് തന്നത്. എല്ലാ അക്ഷരങ്ങളും തൊട്ടിരിക്കുന്ന രീതിയിലാണ് 'തുടരും' എഴുതിയിരിക്കുന്നത്. അക്ഷരങ്ങൾ തമ്മിലുള്ള സ്പേസുകളിൽ സ്റ്റിച്ച് മാർക്ക് ഉൾപ്പെടുത്തുകയാണ് ചെയ്തത്.
ലളിതം 'എക്കോ'
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ'യുടെ ടൈറ്റിൽ വളരെ സിമ്പിൾ ആയാണ് ചെയ്തിരിക്കുന്നത്. സംവിധായകന് വലിയ നിബന്ധനകൾ ഒന്നുമുണ്ടായിരുന്നില്ല. ആകെ 'എക്കോ' എന്ന വാക്കിനെ ശക്തമാക്കി നിർത്തണം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
ഇംഗ്ലീഷ് ടൈറ്റിലിൽ 'എക്കോ'യുടെ സ്പെല്ലിങ് മാറ്റി 'EKO' മാത്രമാക്കി. വിദേശ ഭാഷയെ സൂചിപ്പിക്കാൻ 'O'യുടെ മുകളിൽ വര നൽകി. അത്രമാത്രമാണ് ആ ടൈറ്റിലിൽ ചെയ്തത്. ഭംഗിയായി ആളുകൾക്ക് വായിക്കാൻ പറ്റുന്ന രീതിയിലാണ് ആ ടൈറ്റിൽ.
ചെവിയും സൂപ്പർ പവറും
സംഗീത് പ്രതാപ് നായകനായ 'മെഡിക്കൽ മിറാക്കിൾ' ആണ് ഞാൻ ടൈറ്റിൽ ചെയ്തതിൽ അവസാനമായി തിയറ്ററിലിറങ്ങിയ ചിത്രം. ട്രെയിലർ കാണുമ്പോൾ തന്നെ ആ ചിത്രത്തിന്റെ പ്രത്യേകത പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ടാകും. ഒരു സൂപ്പർ പവർ ലഭിച്ച നായകന്റെ കഥയാണ്. ചെവിയാണ് അയാളുടെ സൂപ്പർ പവർ.
അത് ടൈറ്റിലിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. 'മിറാക്കിളി'നകത്ത് ചെവിയും സൗണ്ട് വേവും ഉൾപ്പെടുത്തി. അതിന് യോജിച്ച ടൈറ്റിൽ ഡിസൈനും കളറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ടൈം ലൂപ്പിന്റെ 'ധൂമകേതു'
'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സജിൻ ഗോപു–നിഖില വിമൽ ചിത്രം 'ധൂമകേതു' ഒരു ടൈം ലൂപ്പ് ചിത്രമാണ്. അത് ടൈറ്റിലിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മറ്റ് ചില എലമെന്റുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 'നെയ്മറി'ന്റെ ടൈറ്റിലും ഞാൻ തന്നെയാണ് ചെയ്തിരുന്നത്.
പഴമയുള്ള പുതിയ 'ബാലൻ'
പണ്ടിറങ്ങിയ 'ബാലൻ' എന്ന ചിത്രത്തിന്റെ ഫോണ്ടുപോലെ ആകരുത്, എന്നാൽ പഴമയുള്ള ഫോണ്ടായിരിക്കണം എന്ന് ചിദംബരത്തിന് നിർബന്ധമുണ്ടായിരുന്നു. കുറച്ചധികം ഓപ്ഷൻസ് 'ബാലനി'ൽ നോക്കിയിരുന്നു. അതിനകത്തുനിന്ന് തെരഞ്ഞെടുത്ത ടൈറ്റിലാണ് 'ബാലന്റേ'ത്. കളർ വരെ പല ഓപ്ഷനുകളിൽനിന്നാണ് സെലക്ട് ചെയ്തത്.
പഴയ ഒരു 'ബാലൻ' ഉണ്ട്. എന്നാൽ ആ പഴമ ഉള്ള ഒരു പുതിയ 'ബാലൻ' ക്രിയേറ്റ് ചെയ്യാനാണ് നോക്കിയത്. പഴയ ബുക്കുകളിലെ ലിപികൾ പോലെ തോന്നുന്ന ഒരു ഫോണ്ട് നമ്മൾ ചെയ്ത് എടുത്തതാണ്.
ഹിറ്റായ 'ഇരുമുടി'
ശിവ നിർവാണ സംവിധാനം ചെയ്ത 'ഇരുമുടി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ ചെയ്തത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. ഞങ്ങളുടെ ടീമിനെ ഹൈദരാബാദിലേക്ക് ഫ്ലൈറ്റ് ചാർട്ട് ചെയ്താണ് അദ്ദേഹം കൊണ്ടുപോയത്. ഡയറക്ടറുടെ ഫ്ലാറ്റിൽ വെച്ച് അദ്ദേഹം വ്യക്തിപരമായി സിനിമയുടെ കഥ പറഞ്ഞുതന്നു. ഞങ്ങൾ അതിന്റെ സാമ്പിൾ ടൈപ്പോഗ്രഫി ചെയ്ത് കാണിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അങ്ങനെയാണ് 'ഇരുമുടി'യുടെ ആ ടൈറ്റിൽ രൂപപ്പെട്ടത്. തെലുങ്കിൽ റാവു ബഹദൂർ എന്ന ചിത്രത്തിന്റെയും ടൈറ്റിൽ ചെയ്തിരുന്നു.
മമ്മൂട്ടിയുടെ 'മേള': ഫാൻസിന്റെ ആവേശത്തിൽ പിറന്ന ടൈറ്റിൽ
ഓഫീസ് മുഴുവൻ മമ്മുക്ക ഫാൻസാണ്. അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ടൈറ്റിൽ എങ്ങനെയൊക്കെ അടിപൊളി ആക്കാം എന്നുള്ള ചിന്തയിൽ മാത്രം ചെയ്ത ടൈറ്റിലാണത്. രാത്രി എന്നോ പകലെന്നോ ഇല്ലാതെ പല ഓപ്ഷനുകൾ നോക്കിയാണ് ആ ടൈറ്റിൽ ചെയ്തെടുത്തത്.
നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ വളരെ പ്രത്യേകതകളുള്ളതാവണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഒരിക്കലും പഴയ മേളയുമായി സാമ്യം വരാനും പാടില്ല. കുറച്ച് ഗ്രാന്റായിരിക്കണം എന്ന തോന്നലിൽ നിന്നാണ് ഇപ്പോൾ കാണുന്ന ടൈറ്റിലിലേക്ക് എത്തിയത്. മമ്മുക്കയ്ക്ക് ഒരു ട്രിബ്യൂട്ടായി ഒരു ക്രൗണും ടൈറ്റിലിൽ നൽകിയിട്ടുണ്ട്.
'പ്രേമലു'വിന്റെ കൈയെഴുത്ത്
ഗിരീഷ് എ ഡി ടൈറ്റിലിൽ ഒരുപാട് കാര്യങ്ങളൊന്നും വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ശ്യാം പുഷ്കരനാണ് തെലുങ്ക് ഭാഷയുടെ ഐഡിയ തന്നത്. ആദ്യം തെലുങ്ക് അക്ഷരങ്ങൾ പോലെ എഴുതി നോക്കിയെങ്കിലും അത് വർക്ക് ആയില്ല.
ഒരു റോം-കോം, ട്രാവൽ എല്ലാം ആയിരുന്നു ചിത്രത്തിന്റെ മൂഡ്. അതിനാൽ അവയൊക്കെ ടൈറ്റിലിലേക്ക് എത്തിക്കുക പ്രയാസമായിരുന്നു. എന്നാൽ പെട്ടെന്നാണ് കൈയെഴുത്ത് പോലെ ഒരു ഡിസൈൻ കിട്ടിയത്. 'ബത്‌ലഹേം കുടുംബ യൂണിറ്റി'ലും അതുപോലെ തന്നെയായിരുന്നു. “എന്താ 'പ്രേമലു'വിൽ ചെയ്ത് തന്നത്, അതേപോലെ ഒരു സിമ്പിൾ ടൈറ്റിൽ ചെയ്ത് തന്നാൽ മതി” എന്നായിരുന്നു ഗിരീഷേട്ടൻ ആവശ്യപ്പെട്ടത്. അത് പെട്ടെന്ന് തന്നെ ലോക്കായ ടൈറ്റിലായിരുന്നു.
'പൊൻമാൻ': സ്വർണത്തിനുള്ളിലെ കഥ
“പൊന്നുകൊണ്ടുവരുന്ന മനുഷ്യൻ” എന്ന രീതിയിൽ ആ ടൈറ്റിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ആ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ അത് ആലോചിച്ചിരുന്നു. പൊന്നിന്റെ തന്നെ രണ്ട് ഷെയ്ഡുകളിലാണ് ആ ടൈറ്റിൽ ചെയ്തിരിക്കുന്നത്.
അതിനെ എങ്ങനെ മാലയുടെ ലോക്കറ്റ് ആക്കാൻ പറ്റും എന്നാണ് പിന്നീട് ആലോചിച്ചത്. പിന്നെ കല്യാണം റഫറൻസായി ഒരു താലിമാലയും കമ്മലും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ചില ടൈറ്റിൽ മാറ്റങ്ങൾ
'ഭാരത് സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവന്നപ്പോൾ ചില വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. 'ഭാരത്' എന്ന വാക്ക് ടൈറ്റിലിൽനിന്നും നീക്കി. അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ചില പേരുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ആ ടൈറ്റിലിന് അനുമതി ഉണ്ടാകില്ല. അപ്പോൾ മാറ്റി ചെയ്യും. ചിലപ്പോഴൊക്കെ വിഷമം തോന്നാറുണ്ട്. സംവിധായകരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മാറ്റി ചെയ്യുമ്പോൾ നന്നായ ടൈറ്റിലുകളും ഉണ്ട്, മോശമായ ടൈറ്റിലുകളും ഉണ്ട്.
ടൈറ്റിൽ വർണങ്ങൾ
സിനിമയുടെ സ്വഭാവം അനുസരിച്ചാണ് ടൈറ്റിലിലെ കളറുകൾ തീരുമാനിക്കുന്നത്. പ്രണയം ഒക്കെ പറയുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ ഒരു കളർ ഉണ്ടാകും. അത് ചിലപ്പോൾ പിങ്ക് പോലെയുള്ള സോഫ്റ്റ് കളറുകളാകാം. എന്നാൽ ഇതേ പേര് തന്നെ കളർ മാറ്റിയാൽ, ഒരു ഡാർക്ക് ടോൺ കൊടുത്താൽ ത്രില്ലർ സ്വഭാവം പെട്ടെന്ന് മനസ്സിലാകും.
ചിത്രത്തിന്റെ ജോണർ പെട്ടെന്ന് പ്രേക്ഷകരെ മനസ്സിലാക്കിക്കാൻ കളർ, ഡിസൈൻ, ടൈപ്പോഗ്രഫി എന്നിവയിലൂടെ ഒരു ടൈറ്റിൽ ഡിസൈനർക്ക് സാധിക്കും.
ഒരു സിമ്പിൾ വാക്കിനെ നമുക്ക് ഈ കളറിലൂടെയും ടെക്സ്റ്റിലൂടെയും ടൈപ്പോഗ്രഫിയിലൂടെയും പെട്ടെന്ന് തന്നെ ടോൺ മാറ്റിയെടുക്കാൻ പറ്റും. ആ സിനിമയുടെ മൂഡ് ആദ്യം തന്നെ പ്രേക്ഷകരിൽ എത്തിക്കാനും ടൈറ്റിൽ സഹായിക്കുന്നുണ്ട്.
ഫോണ്ട് മാറ്റുന്നതല്ല ടൈറ്റിൽ ഡിസൈൻ
ഓരോ ടൈറ്റിലും ചെയ്യുമ്പോൾ സിനിമയുടെ പൂർണമായ കഥ പ്രേക്ഷകന് ടൈറ്റിൽ കണ്ട ഉടനെ മനസ്സിലാകാതെ ചെയ്യണം. സിനിമ കണ്ടതിന് ശേഷം മാത്രം പ്രേക്ഷകർക്ക് ടൈറ്റിലിൽനിന്ന് കഥ വായിച്ചെടുക്കാവുന്ന രീതിയിലുമായിരിക്കണം അത്.
ടൈറ്റിൽ ഡിസൈനർ എന്ന് പറയുമ്പോൾ എല്ലാവരും വിചാരിക്കുന്നത് അത് ഏതെങ്കിലും ഫോണ്ട് എടുത്ത് ചെയ്യുന്ന സംഭവമാണെന്നാണ്. എന്നാൽ അത് ഏതെങ്കിലും ഫോണ്ട് മാറ്റിമാറ്റി ചെയ്യുന്ന ഒരു പരിപാടിയല്ല.
ടൈറ്റിൽ ഡിസൈനറായി ജോലി തുടങ്ങിയിട്ട് ആറ് വർഷം പൂർത്തിയായപ്പോൾ ഞാൻ ഇൻസ്റ്റഗ്രാമിൽ ടൈറ്റിലുകളെല്ലാം വച്ച് ഒരു പോസ്റ്റിട്ടിരുന്നു. അതിന് വന്ന നിരവധി കമന്റുകൾ ഇതേപോലെ ആയിരുന്നു—“ഇതൊക്കെ ഓരോ ഫോണ്ടുകളല്ലേ, ഇതിൽ ഇപ്പോൾ എന്താണ് മാറ്റമുള്ളത്?” എന്നൊക്കെ.
എന്നാൽ അതിന് പിന്നിൽ ഡിസൈനിങ്ങിന്റെ ഒരു ഘടകത്തെക്കുറിച്ച് ആളുകൾ മനസ്സിലാക്കുന്നത് വിരളമാണ്. എല്ലാവരും കാണുന്നത് ഓരോ അക്ഷരങ്ങൾ മാത്രമാണ്. ഏതോ ഒരു സോഫ്റ്റ്‌വെയറിലിട്ട് പെട്ടെന്ന് ചെയ്തെടുത്തതാണ് എന്നാണ് പലരും കരുതുന്നത്. പക്ഷേ ഇപ്പോൾ കൂടുതൽ ആളുകൾ ടൈറ്റിലുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിൽ സന്തോഷം.









0 comments