Deshabhimani

പ്രേക്ഷകരുടെ കൈയടി വലിയ പുരസ്കാരം

kpac leela
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Oct 11, 2026, 01:01 AM | 4 min read

പാമ്പാക്കുടയിലെ സമരകാലബാല്യത്തിൽ നിന്ന് കലാമണ്ഡലത്തിലേക്ക്, അവിടെനിന്ന് കെപിഎസിയുടെ അരങ്ങിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും... നാൽപ്പത്തിയഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ അനുഭവങ്ങൾ കെപിഎസി ലീല പങ്കുവയ്ക്കുന്നു.


​​മുവാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുട എന്ന ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവകാശസമരങ്ങളുടെ കാലം. അച്ഛനും അമ്മയും കമ്യൂണിസ്റ്റുകാരായിരുന്നു. പലപ്പോഴും അവർക്ക് ഒളിവിൽ കഴിയേണ്ടി വന്നിട്ടുണ്ട്. നേതാക്കളൊക്കെ സ്ഥിരമായി വന്നുപോകുന്ന വീട്‌. അച്ഛനെ തിരക്കി പൊലീസ് കയറിയിറങ്ങും. അച്ഛനെ അറസ്റ്റ് ചെയ്തതിനുശേഷം പൂർണഗർഭിണിയായിരുന്ന അമ്മയെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചതൊക്കെ ഓർമയിലുണ്ട്.


​​പിറവത്തുള്ള തിയറ്ററിൽ തിക്കുറിശ്ശി നായകനായ ജീവിതനൗക എന്ന ചിത്രം കണ്ടു. അതിലെ ‘ആനത്തലയോളം വെണ്ണ തരാം’ എന്ന പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. വീട്ടിലെത്തിയ ഉടൻ ആ രംഗം അനുകരിച്ചു. അതുകണ്ട പുരോഗമനവാദിയായിരുന്ന അച്ഛന്, മകളെ നൃത്തം പഠിപ്പിക്കണമെന്നു തോന്നി. അച്ഛന്റെ സുഹൃത്ത് വഴി കോഴിക്കോട്ട്‌ ഒരു നൃത്താധ്യാപികയുണ്ടെന്ന വിവരം അറിഞ്ഞതോടെ അവിടെ പഠിപ്പിക്കാൻ തീരുമാനിച്ചു. അവിടെ കൊണ്ടുപോയി ചേർത്തു. ഫീസ് 40 രൂപയായിരുന്നു. ബാലെയുടെ തിരക്കായതിനാൽ എന്നെ പഠിപ്പിക്കാൻ ആർക്കും സമയമുണ്ടായിരുന്നില്ല. എന്റെ അധ്യാപികയെ നൃത്തം പഠിപ്പിക്കാൻ കലാമണ്ഡലത്തിലുണ്ടായിരുന്ന രാജരത്നം മാസ്റ്റർ വരുമായിരുന്നു. നൃത്ത പഠനമുറിയിലേക്ക്‌ ആരെയും കടത്തിവിടില്ല. ചെറിയ കുട്ടിയായിരുന്നതുകൊണ്ട് എന്നെ മാസ്റ്റർക്ക് ഇഷ്ടമായിരുന്നു. അടുത്തുവിളിച്ചിരുത്തി പല ഭാവങ്ങൾ കാണിക്കാൻ പറയും. ഞാൻ അതുപോലെ അവതരിപ്പിക്കും. അത് നവരസങ്ങളാണെന്നൊന്നും അറിയില്ല. ഇവിടെ നൃത്തം ഒന്നും പഠിപ്പിക്കുന്നില്ല എന്ന്‌ ഞാൻ വീട്ടിലേക്ക് കത്തെഴുതി. അത് കിട്ടിയ അച്ഛൻ എന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്തി. ബുദ്ധിമുട്ടിയുണ്ടാക്കുന്ന ഫീസ് വെറുതേ നൽകേണ്ടല്ലോ. മാസ്റ്റർ ഇടപെട്ടു. കലാമണ്ഡലത്തിൽ ചേർക്കൂ എന്ന് പറഞ്ഞു. അങ്ങനെ കലാമണ്ഡലത്തിൽ എത്തി. മോഹിനിയാട്ടം പഠിച്ചു. മാസ്റ്റർ അവിടെനിന്ന് മാറിപ്പോയപ്പോൾ എന്നെയും മറ്റൊരു കുട്ടിയെയും കൊണ്ടുപോയി. അങ്ങനെ ഭരതനാട്യവും പഠിച്ചു.

​

അപ്രതീക്ഷിത ക്ഷണം

​

​അതിനിടെയാണ് എന്നെ നാടകത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. പി ജെ ആന്റണിയുടെ ‘മുന്തിരിച്ചാറിൽ കുറേ കണ്ണുനീർ’ എന്ന നാടകം. അഭിനയിക്കാനാണെന്നൊന്നും അറിയില്ലായിരുന്നു. നൃത്തം മാത്രമായിരുന്നു ഇഷ്ടം. ഒരു രം​ഗത്തിൽ നായകൻ എന്നെ തൊടുന്ന രം​ഗമുണ്ടായിരുന്നു. തോളിൽ പിടിച്ചപ്പോഴേക്കും ഞാൻ കരഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് ആ നാടകം കളിച്ചത്. വീണ്ടും മാസ്റ്ററുടെ അടുത്ത് നൃത്തം പഠിക്കാൻ തിരിച്ചെത്തി. അവിടെ കെപിഎസി ബിയാട്രിസ് ഇടയ്ക്കിടെ നൃത്തം പഠിക്കാൻ വരുമായിരുന്നു. കെപിഎസിക്ക്‌ നടിയെ ആവശ്യമായി വന്നപ്പോൾ ബിയാട്രിസാണ് എന്റെ പേര് നിർദേശിച്ചത്.


kpac leela


കെപിഎസിയുടെ അന്നത്തെ സെക്രട്ടറി ഒ മാധവന്റെ വീട്ടിലേക്കാണ് ​ആദ്യം കൊണ്ടുപോയത്. മുടിയനായ പുത്രൻ എന്ന നാടകത്തിൽ വിജയകുമാരി (നടൻ മുകേഷിന്റെ അമ്മ ) ചെയ്തിരുന്ന കഥാപാത്രം ചെയ്യാനായിരുന്നു അവസരം. കളിയിക്കലെ ശാരദ എന്ന കഥാപാത്രം. പക്ഷേ, കുറച്ചുദിവസമായപ്പോൾ അഭിനയമറിയില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞയക്കാൻ തുടങ്ങി. അപ്പോഴാണ് ബിയാട്രിസ് ഇടപെട്ടത്. ‘ലീല നന്നായി ഡാൻസ് ചെയ്യും.’ ഒരു നാടോടിനൃത്തം കളിച്ചു കാണിച്ചു. അതിൽ ഒരുപാട് അഭിനയിച്ച് ഫലിപ്പിക്കേണ്ടതുണ്ടായിരുന്നു. അതോടെ എന്നോട് പോകേണ്ടെന്ന് പറഞ്ഞു. മുടിയനായ പുത്രനിൽ കുറച്ചുനാൾ അഭിനയിച്ചു. പിന്നീട് ‘പുതിയ ആകാശം പുതിയ ഭൂമി’യിലും വേഷം കിട്ടി. തോപ്പിൽ ഭാസിയായിരുന്നു സംവിധാനം. നർത്തകിയായ രാജമ്മ എന്ന കഥാപാത്രമായിരുന്നു അതിൽ. ബിയാട്രിസിന്റെയും എന്റെയും നൃത്തത്തിൽനിന്നായിരുന്നു നാടകം തുടങ്ങുന്നത്. ആഴ്ചപ്പതിപ്പുകളൊക്കെ എഴുതി: ‘ലീല ഒരു വാഗ്ദാനം.’ അപ്പോഴാണ് അഭിനയം തുടരാമെന്ന് തീരുമാനിച്ചത്.

​

​കെപിഎസിയെന്ന ലോകം

​

ചിട്ടയോടെ പ്രവർത്തിച്ചിരുന്ന നാടകസമിതിയായിരുന്നു കെപിഎസി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം താമസസൗകര്യങ്ങളുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പോയാൽ ആരും തനിച്ച് ഒരിടത്തും പോകരുതെന്നായിരുന്നു നിർദേശം. സ്ത്രീകളെ ആരെങ്കിലും ശല്യപ്പെടുത്താൻ വന്നാൽ കൂടെയുള്ളവർ ചോദ്യം ചെയ്യും. ഒരുപാട് പാഠങ്ങളും അനുഭവങ്ങളും നൽകിയ വേദി. കെപിഎസി നാടകങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ സ്വീകാര്യതയുണ്ടായിരുന്നു. മദ്രാസ്, ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങി പല നഗരങ്ങളിലും പോയിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ മലയാളം മനസ്സിലാകാത്ത സ്ഥലങ്ങളിലൊക്കെ നാടകം തുടങ്ങുന്നതിനുമുമ്പ് എന്റെ ഭരതനാട്യവും നാടോടിനൃത്തവും ഉണ്ടാകും. പൃഥ്വിരാജ് കപൂർ, ജവാഹർലാൽ നെഹ്റു തുടങ്ങിയ പ്രമുഖരൊക്കെ സദസ്സിലുണ്ടായിരുന്ന അവസരങ്ങളുണ്ട്. പ്രേക്ഷകർ ഞങ്ങളെ വലിയ സ്നേഹത്തോടെയും ആദരവോടെയുമാണ് സ്വീകരിച്ചിരുന്നത്.


​ആസ്വാദകരുടെ കത്തുകളേക്കാൾ മനസ്സിൽ തങ്ങിനിൽക്കുന്നത് സദസ്സിൽനിന്ന് ലഭിച്ച പ്രതികരണങ്ങളാണ്. തുലാഭാരം എന്ന നാടകത്തിലെ വിജയ എന്ന കഥാപാത്രം നിവൃത്തിയില്ലാതെ മക്കൾക്ക് വിഷം കൊടുക്കുന്ന രംഗമുണ്ട്. ചോറിൽ വിഷം കലർത്തുന്ന രംഗമെത്തുമ്പോൾ സദസ്സിൽനിന്ന് വിളിച്ചുപറയും: ‘അയ്യോ...കുഞ്ഞുങ്ങൾക്ക് കൊടുക്കല്ലേ... അവരെ ഞങ്ങൾ കൊണ്ടുപൊക്കോളാം!’ കുട്ടികളെ നേരിട്ട് കാണിക്കുന്നു പോലുമില്ല. എന്നിട്ടും ആ രംഗം പ്രേക്ഷകരെ അത്രത്തോളം സ്വാധീനിച്ചിരുന്നു.


kpac leela movie

​

സത്യന്റെ പെരുവിരൽ

​

കെപിഎസിയുടെ നാടകം കാണാൻ മദ്രാസിൽ സിനിമാക്കാരൊക്കെ വരുമായിരുന്നു. ഒരിക്കൽ നടൻ സത്യനും നാടകം കാണാനെത്തി. സദസ്സിന്റെ ഏറ്റവും മുന്നിലായിരുന്നു അദ്ദേഹം ഇരുന്നത്. നാടകം കളിക്കുമ്പോൾ പ്രശസ്തരെയൊക്കെ നമ്മൾ ഒളിഞ്ഞൊന്ന് നോക്കും. രണ്ടാമത്തെ രംഗം കർട്ടൻ പതിയെ താഴുമ്പോൾ സത്യൻ പെരുവിരൽ ഉയർത്തി — അഭിനയം നന്നായിരുന്നു എന്ന ആംഗ്യം കാണിച്ചു. ​അത് എനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു. നാടകം കഴിഞ്ഞപ്പോൾ മേക്കപ്പ് റൂമിലേക്ക് കൈയടിച്ചുകൊണ്ടാണ് അദ്ദേഹം വന്നത്. ആ നിമിഷം ഇന്നും മനസ്സിലുണ്ട്. ഒരിക്കൽ തോപ്പിൽ ഭാസി സമിതിയിലെ മറ്റൊരാൾക്ക് നാടകം പറഞ്ഞുകൊടുക്കുമ്പോൾ ലീലയെപ്പോലെ സ്വാഭാവികമായി അഭിനയിക്കണം എന്ന് പറഞ്ഞതും ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. പതിനഞ്ചു വർഷമാണ് ഞാൻ നാടകത്തിലുണ്ടായിരുന്നത്. ചില സിനിമകളിലും അവസരം ലഭിച്ചു. ഭർത്താവ് ഡേവിഡ് കുറച്ചുകാലം നാടകത്തിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹം സംഗീതജ്ഞനായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഞാൻ നാടകാഭിനയം നിർത്തി.

​

​വെള്ളിത്തിരയിലേക്ക് മടക്കം

​

ഭർത്താവ് മരിച്ചതിനുശേഷം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അക്കാലത്താണ് കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ‘ലളിത 50’ എന്ന പരിപാടി തൃശൂരിൽ നടക്കുന്നത്. ‘തീർച്ചയായും വരണം’- എന്ന് ലളിത പറഞ്ഞു. സ്റ്റേജിൽ കയറിയപ്പോൾ ലളിത പറഞ്ഞ ഒരു വാക്ക് വല്ലാതെ സ്പർശിച്ചു: ‘ശരിക്കും ഞാനായിരുന്നില്ല, ലീലയായിരുന്നു ഇവിടെ നിൽക്കേണ്ടിയിരുന്നത്.’ ഞങ്ങൾ രണ്ടുപേരും നാടകത്തിൽ ഏഴുവർഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. ഞാൻ വിവാഹിതയായി. ലളിത സിനിമയിലേക്കും പോയി.


ആ പരിപാടിയിൽ സംവിധായകൻ ജയരാജും ഉണ്ടായിരുന്നു. അദ്ദേഹം രൗദ്രം 2018 ആലോചിക്കുന്നുണ്ടായിരുന്നു. അതിലേക്ക് എന്നെ വിളിച്ചു. 45 വർഷത്തെ ഇടവേളയ്ക്കുശേഷം അഭിനയം. മികച്ച അഭിനേത്രിക്കുള്ള (പ്രത്യേക പരാമർശം) സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പിന്നീട് ഡിവോഴ്സ്, ഹരികുമാർ, ജ്വാലാമുഖി, പൂവ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. റോഡ് യാത്രയെ അടിസ്ഥാനമാക്കിയുള്ള പൂവിന്‌ ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അതിനുശേഷമാണ് പൂക്കാലം എന്ന സിനിമയിലേക്ക് എത്തുന്നത്. രണ്ടാം വരവിൽ നാലു സിനിമകളിൽ ഒരു സംസ്ഥാന പുരസ്കാരം, രണ്ട് ക്രിട്ടിക്സ് പുരസ്കാരങ്ങൾ, സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം. ഇതൊക്കെയാണ് അഭിനയജീവിതത്തിൽ ലഭിച്ചത്‌. പ്രേക്ഷകർ തന്ന കൈയടിയായിരുന്നു ഏറ്റവും വലിയ പുരസ്കാരം. പൂക്കാലം സിനിമയ്ക്കായി സംവിധായകൻ ഗണേഷ് രാജ് മൊബൈലിൽ എന്റെ ഫോട്ടോകൾ കണ്ട്‌ ‘ഇതുതന്നെയാണ് എന്റെ ത്രേസ്യാമ്മ’ എന്ന് ഉറപ്പിക്കുകയായിരുന്നു.

​

​എക്കോയിലെ മ്ലാത്തി ചേട്ടത്തി

​

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയിൽ ഞാൻ ഡബ്ബ് ചെയ്തിരുന്നു. മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രത്തിനാണ് ഡബ്ബ് ചെയ്തത്. കഥാപാത്രത്തെ അവതരിപ്പിച്ച ബിയാന മോമിന് മലയാളം വശമില്ലാത്തതിനാൽ സംഭാഷണങ്ങൾ ഡബ്ബ് ചെയ്യുന്നത് കുറച്ച് പ്രയാസമുണ്ടായിരുന്നു. ഞാൻ അഭിനയിച്ചുകൊണ്ടുതന്നെ ഡബ്ബ് ചെയ്തു. പരിചയക്കാരെല്ലാം ഇത് ചേച്ചിയുടെ ശബ്ദമല്ലേ എന്ന് ചോദിച്ചായിരുന്നു അന്വേഷണം. അനന്തരാമൻ സംവിധാനം ചെയ്ത ഗ്രാനി എന്ന ഹ്രസ്വചിത്രം അടുത്തിടെ യൂട്യൂബിൽ റിലീസ് ചെയ്തു. ഭൂദായനം എന്ന ഹ്രസ്വചിത്രത്തിനും വലിയ പ്രതികരണമാണ് ലഭിച്ചത്. ഉർവശിയും നവ്യ നായരും ധ്യാൻ ശ്രീനിവാസനുമുള്ള സിനിമയിലും ജയസൂര്യ നായകനായ മായൻ എന്ന സിനിമയിലും അഭിനയിക്കുന്നു. ഒരു കാലത്ത് നൃത്തം ചെയ്യാൻ മാത്രമായിരുന്നു ഇഷ്ടം. 45 വർഷങ്ങൾക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ഇത്രയും സ്നേഹവും അംഗീകാരവും ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ജീവിതം അങ്ങനെയാണ്. ചില വേദികൾ നമുക്കായി ബാക്കിവച്ചിട്ടുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home